വെനസ്വേല ഇരട്ട ഭൂകമ്പത്തിൽ മരണം 235 ആയി;

രാജ്യത്തെ മുഴുവൻ രക്ഷാസേനകളെയും ലാ ഗൈറ കേന്ദ്രീകരിച്ച് വിന്യസിച്ചിട്ടുണ്ടെന്ന് വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, തകർന്ന ആശുപത്രികളും വീടുകളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നതിനായി സർക്കാർ 200 മില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് രൂപീകരിച്ചതായും അവർ വ്യക്തമാക്കി. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും വെനസ്വേലയ്ക്ക് സഹായവുമായി അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്‌ക്കെതിരെ നിലവിലുള്ള ഉപരോധം ഒക്ടോബർ 23 വരെ അമേരിക്ക താൽക്കാലികമായി നീക്കി. കൂടാതെ 150 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവും വാഗ്ദാനം ചെയ്തു. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഡ്രോണുകൾ, വിമാനങ്ങൾ, മെഡിക്കൽ സാമഗ്രികൾ, വാട്ടർ പ്യൂരിഫയറുകൾ, പ്രത്യേകം പരിശീലനം ലഭിച്ച തെരച്ചിൽ നായകൾ എന്നിവയടങ്ങുന്ന വലിയ ദൗത്യസംഘങ്ങളെ അയച്ചിട്ടുണ്ട്. ലിയോ പതിനാലാമൻ മാർപാപ്പ ആദ്യഘട്ട സഹായമെന്ന നിലയിൽ ഒരു ലക്ഷം യൂറോ കൈമാറി.
വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 235 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു കഴിഞ്ഞു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ഇരുനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പതിനായിരത്തിലേറെ പേരെ കാണാതായിട്ടുണ്ടെന്നും 1,500-ൽ അധികം ആളുകൾ പരിക്കുകളോടെ ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി. ജൂൺ 24 വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ വെനസ്വേലയിൽ വൻ നാശം വിതച്ചത്.

വലിയ ഹോട്ടലുകൾ ഉൾപ്പെടെ ഇരുനൂറിലധികം ബഹുനില കെട്ടിടങ്ങളാണ് സെക്കൻഡുകൾക്കുള്ളിൽ തകർന്നടിഞ്ഞത്. തലസ്ഥാനമായ കാരക്കസിന്റെ വടക്കുള്ള തീരമേഖലയായ ലാ ഗൈറയിലാണ് ദുരന്തം ഏറ്റവും കഠിനമായി ബാധിച്ചത്. ഇവിടുത്തെ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇത് വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ നേരിയ ലക്ഷണങ്ങളുള്ളവരെയെങ്കിലും വേഗത്തിൽ പുറത്തെടുക്കാനുള്ള ഊർജിതമായ ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. മനുഷ്യർക്കൊപ്പം വളർത്തുമൃഗങ്ങളെയും പരിക്കേറ്റ നിലയിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വലിച്ചെടുക്കുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്.

Leave a Reply

Your email address will not be published. Required fields are marked *