ചരിത്ര നേട്ടവുമായി ‘ദൃശ്യം 3’

ഗോളതലത്തിൽ വൻ തരംഗമായി മാറിയ മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ കർണാടക ബോക്‌സ് ഓഫീസിലും പുതിയ ചരിത്രം കുറിക്കുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകളും ഒരേസമയം റിലീസ് ചെയ്ത ചിത്രത്തിന് കർണാടകത്തിൽ നിന്ന് മാത്രം ഇതുവരെ 12.31 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം ചിത്രത്തിന്റെ കന്നഡ പതിപ്പിൽ നിന്നാണ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ കന്നഡ പതിപ്പ് മാത്രം 1.18 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. ഒരു മലയാള ചിത്രത്തിന്റെ കന്നഡ മൊഴിമാറ്റ പതിപ്പ് കർണാടകത്തിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ നേടുന്നത് ഇതാദ്യമായാണ്. കർണാടകത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ മലയാള ചിത്രമായി ‘ദൃശ്യം 3’ മാറി. 15.83 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലോകയും (14.80 കോടി) മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തന്നെ എമ്പുരാനും (12.70 കോടി). ആഗോളതലത്തിൽ ഇതിനോടകം തന്നെ 200 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. മോഹൻലാലിന്റെ കരിയറിൽ 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതിനിടെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അജയ് ദേവ്ഗണിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *