ഇന്ത്യ ഉൾപ്പെടെ 50-ലേറെ രാജ്യങ്ങൾക്ക് ഇരുട്ടടി; പുതിയ വ്യാപാര തീരുവ ചുമത്താൻ ട്രംപ്, 

ന്ത്യ ഉൾപ്പെടെ ലോകത്തിലെ അൻപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ ചുമത്താനുള്ള ശക്തമായ നീക്കവുമായി അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം രംഗത്ത്. അതത് രാജ്യങ്ങളിൽ നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് 10 മുതൽ 12.5 ശതമാനം വരെ അധിക തീരുവ ചുമത്താൻ ശുപാർശ ചെയ്തിരിക്കുന്നത്. 1974-ലെ അമേരിക്കൻ വ്യാപാര നിയമത്തിലെ 301 (ബി)(1) വകുപ്പ് അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ തീരുമാനം. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് 12.5 ശതമാനവും കാനഡ, റഷ്യ, തായ്‌വാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്ക് 10 ശതമാനവുമാണ് പുതിയ തീരുവ നിശ്ചയിച്ചിരിക്കുന്നത്.

നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിച്ച ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് അമേരിക്കൻ വാണിജ്യത്തെ ദോഷകരമായി ബാധിച്ചുവെന്നുമാണ് ജൂൺ 2 ന് യുഎസ്ടിആർ വ്യക്തമാക്കിയത്. എന്നാൽ ഈ പുതിയ തീരുവ ഉടൻ തന്നെ പ്രാബല്യത്തിൽ വരില്ല. ജൂലൈ ആറ് വരെ ഈ വിഷയത്തിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അമേരിക്കൻ സർക്കാരിനെ അറിയിക്കാവുന്നതാണ്. അതിനുശേഷമുള്ള വിശദമായ അവലോകനങ്ങൾക്കും വാദം കേൾക്കലുകൾക്കും ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഈ പുതിയ നീക്കം നടപ്പിലാകുന്നതോടെ, മുൻപ് അമേരിക്കൻ സുപ്രീം കോടതി തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ കർശന പരിധികളെ മറികടക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിക്കുമെന്നത് ഈ നീക്കത്തിന്റെ വലിയൊരു സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *