മദ്യപാനിയായ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ!

ധ്യപ്രദേശിലെ ഛത്തർപൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിനെ ഭാര്യ വടികൊണ്ട് അടിച്ചുകൊന്നു. നീലം കുശ്വാഹ എന്ന സ്ത്രീയാണ് ഭർത്താവ് ദീൻദയാൽ കുശ്വാഹയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു നീലം. ജൂൺ ഒന്നിന് മദ്യപിച്ചെത്തിയ ദീൻദയാൽ വീട്ടിൽ അതിക്രമിച്ചു കയറുകയും ഇവരുടെ മകനെ ക്രൂരമായി തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു. കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന നീലം, ഒടുവിൽ കയ്യിൽ കിട്ടിയ വടിയെടുത്ത് ഭർത്താവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. അടി കൊണ്ട് കട്ടിലിൽ വീണ ദീൻദയാൽ ഗുരുതര പരിക്കുകളോടെ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഭർത്താവ് മരിച്ചതിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെയിരുന്ന നീലം, പിന്നീട് അടുത്തുള്ള ക്ഷേത്രത്തിൽ പോയി ദൈവത്തോട് ക്ഷമ ചോദിച്ച ശേഷമാണ് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ഇവർ സ്റ്റേഷൻ ഹൗസ് ഓഫീസറോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി കട്ടിലിൽ കിടന്നിരുന്ന മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ദീൻദയാൽ മുൻപും കുടുംബത്തെ പീഡിപ്പിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *