സോഷ്യൽ മീഡിയയിൽ വെറുമൊരു ട്രെൻഡ് എന്ന് പറഞ്ഞ് ചിലരൊക്കെ തള്ളിക്കളയാൻ നോക്കിയ ഒരു കൂട്ടായ്മ, ഇന്ന് ദില്ലിയുടെ തെരുവുകളെ, ഭരണകൂടത്തിന്റെ അധികാര കേന്ദ്രങ്ങളെ എങ്ങനെയാണ് വിറപ്പിച്ചത് എന്നാണ് നമ്മൾ ഇന്ന് വളരെ വിശദമായി സംസാരിക്കുന്നത്. അതെ, സിജെപി അഥവാ ‘കോക്രോച്ച് ജനതാ പാർട്ടി’ അതിന്റെ ആദ്യത്തെ ഫിസിക്കൽ ടെസ്റ്റിൽ തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ജന്തർ മന്തറിൽ കഴിഞ്ഞ ദിവസം കണ്ടത് കേവലമൊരു പ്രതിഷേധമല്ല; അത് ഈ രാജ്യത്തെ യുവാക്കളെ ‘പാറ്റകൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്കുള്ള ചുട്ട മറുപടിയാണ്.
കഴിഞ്ഞ പത്തോ പന്ത്രണ്ടോ വർഷമായി ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? നമ്മളെല്ലാവരും അത് കൃത്യമായി കാണുന്നതാണ്.
ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ തൊഴിലില്ലായ്മയെക്കുറിച്ചോ വിദ്യാഭ്യാസ തകർച്ചയെക്കുറിച്ചോ ചിന്തിപ്പിക്കാതെ, ഹിന്ദു-മുസ്ലിം രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിലടിപ്പിച്ചു നിർത്താനാണ് സംഘപരിവാറും ബിജെപി സർക്കാരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ വർഗീയ രാഷ്ട്രീയത്തിൽ നിന്ന് ആർക്കാണ് യഥാർത്ഥത്തിൽ ലാഭമുണ്ടായത്? സാധാരണക്കാരായ ജനങ്ങൾക്കോ യുവാക്കൾക്കോ എന്തെങ്കിലും നേട്ടമുണ്ടായോ? ഇല്ല എന്ന് ചരിത്രം തെളിയിക്കുന്നു. ഇന്ന് രാജ്യത്തെ അവസ്ഥ എന്താണ്? ഏതെങ്കിലും ഒരു യുവാവ് ഈ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചാൽ അവന്റെ അമ്മ ഭയപ്പെടുകയാണ്; എവിടെ തന്റെ മകനെ ഈ സർക്കാർ ജയിലിൽ അടയ്ക്കുമോ എന്ന്! എത്രനാൾ നമ്മൾ ഇങ്ങനെ ഭയന്ന് ജീവിക്കും? ആ ഭയത്തിന്റെ മതിലുകളാണ് ജന്തർ മന്തറിൽ തകർന്നുവീണത്. ബിജെപി സർക്കാരിന്റെ ഇത്തരം ഭീഷണികളെ ഇനി ഞങ്ങൾ ഭയപ്പെടാൻ പോകുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് സിജെപി നേതാവ് അഭിജിത്ത് ദീപ്കെ അവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് യുവാക്കളെ അഭിസംബോധന ചെയ്തത്. ആ വാക്കുകളെ രാജ്യത്തെ യുവത്വം നെഞ്ചേറ്റി കഴിഞ്ഞു.
നമ്മൾ ഇതിന്റെ പശ്ചാത്തലത്തിലേക്ക് ഒന്ന് കടന്നുചെ്ല്ലാം. എന്താണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും യുവാക്കളെയും ഇത്തരത്തിൽ തെരുവിലിറക്കാൻ പ്രേരിപ്പിച്ചത്? നമ്മുടെ രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ (NEET) പരീക്ഷയിൽ നടന്ന അഭൂതപൂർവ്വമായ അഴിമതിയും ചോദ്യപ്പേപ്പർ ചോർച്ചയുമാണ് ഇതിന് പിന്നിൽ. ഒരു വർഷം മുഴുവൻ ഉറക്കമൊഴിച്ച്, ലക്ഷക്കണക്കിന് രൂപ കടം വാങ്ങി കോച്ചിംഗിന് പോയി പഠിച്ച പാവപ്പെട്ട വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ബിജെപി ഭരണത്തിന് കീഴിൽ ചില മാഫിയകൾക്ക് വേണ്ടി വിറ്റുതുലച്ചത്.
ഒരേ സെന്ററിൽ നിന്ന് ഒരേപോലെ റാങ്കുകൾ വരുന്നു, പരീക്ഷയ്ക്ക് മുൻപേ ചോദ്യപ്പേപ്പറുകൾ ലക്ഷങ്ങൾക്ക് വിറ്റഴിക്കപ്പെടുന്നു. എന്നിട്ടും ദിവസങ്ങളോളം അത് സമ്മതിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. വിദ്യാർത്ഥികളുടെ ഈ കനൽ മൂടിയ പ്രതിഷേധമാണ് ഇപ്പോൾ സിജെപി എന്ന കൂട്ടായ്മയിലൂടെ ദില്ലിയിൽ കത്തിപ്പടർന്നത്.
ഇതൊരു നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിവരെ ഈ സമരം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. “ഞങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും, പക്ഷേ തെരുവിൽ നിന്ന് ഞങ്ങളെ തുടച്ചുമാറ്റാൻ നിങ്ങൾക്ക് കഴിയില്ല” എന്ന അഭിജിത്തിന്റെ വാക്കുകൾ ബിജെപിയുടെ ഐടി സെല്ലിനും ഭരണകൂടത്തിനും നേരേയുള്ള ശക്തമായ താക്കീതാണ്. സമരപ്പന്തലിൽ പാറ്റകളെ സ്പ്രേ അടിക്കാൻ വന്ന ചില സംഘപരിവാർ അനുകൂലികളെ അവിടെയുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകർ തന്നെ ചോദ്യം ചെയ്ത് ഓടിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. നീറ്റ് പരീക്ഷാ ചോർച്ച രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രശ്നമല്ലേ എന്ന് ചോദിച്ചപ്പോൾ, സമരം ചെയ്യുന്നവർ രാജ്യത്തെ നേപ്പാൾ ആക്കുമെന്ന വിചിത്രമായ ന്യായീകരണമാണ് അവർ പറഞ്ഞത്. അങ്ങനെ രാജ്യം നേപ്പാൾ ആകുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാക്കല്ലേ എന്ന് റിപ്പോർട്ടർ തിരിച്ചു ചോദിച്ചപ്പോൾ മറുപടിയില്ലാതെ അവർക്ക് നിൽക്കേണ്ടി വന്നു. ബിജെപിയുടെ പ്രൊപ്പഗണ്ടകൾ ജനങ്ങൾക്കിടയിൽ എത്രത്തോളം പാളിപ്പോകുന്നു എന്നതിന്റെ തെളിവാണിത്.
ഈ സമരത്തിലൂടെ രാജ്യം കണ്ട മറ്റൊരു ഞെട്ടിക്കുന്ന യാഥാർത്ഥ്യം ഇവിടുത്തെ ‘ഗോദി മീഡിയ’കളുടെ, അതായത് മുഖ്യധാരാ കോർപ്പറേറ്റ് മാധ്യമങ്ങളുടെ നട്ടെല്ലില്ലായ്മയാണ്. മുന്നിര ദേശീയ പത്രങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു എന്നിവരൊക്കെ തങ്ങളുടെ മുൻ പേജിൽ നിന്ന് ഈ വലിയ യുവജന പ്രതിഷേധത്തെ പൂർണ്ണമായും ഒഴുവാക്കി. ഇന്ത്യൻ എക്സ്പ്രസ്സ് ആകട്ടെ ഇതിനെ വെറുമൊരു ഒറ്റക്കോളം വാർത്തയായി ഒതുക്കി. എന്തുകൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത്? നമുക്കറിയാം, മുൻപ് അണ്ണാ ഹസാരെയുടെ സമരകാലത്തോ അല്ലെങ്കിൽ നിർഭയ സമരകാലത്തോ ഒക്കെ 24 മണിക്കൂറും തത്സമയ സംപ്രേഷണം നടത്തിയ വലിയ വലിയ ദേശീയ ചാനലുകൾ, ഈ സിജെപി പ്രതിഷേധത്തെ ഒരു ഘട്ടത്തിൽ പോലും തത്സമയം കാണിക്കാൻ തയ്യാറായില്ല. ഇവർ ആരോടാണ് വിധേയത്വം കാണിക്കുന്നത് എന്ന് രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായിട്ടറിയാം. ബിജെപി നേതാക്കളിൽ നിന്നും കോർപ്പറേറ്റ് മുതലാളിമാരിൽ നിന്നും എത്ര കോടികൾ വാങ്ങിയിട്ടാണ് മാധ്യമങ്ങൾ ഇങ്ങനെ വാർത്തകൾ മുക്കുന്നത് എന്ന ചോദ്യം ഇന്ന് സോഷ്യൽ മീഡിയയിൽ യുവാക്കൾ പരസ്യമായി ചോദിക്കുന്നുണ്ട്. സമരസ്ഥലത്ത് എത്തിയ ഇത്തരം ചാനലുകാരെ യുവാക്കൾ തെരുവിൽ ചോദ്യം ചെയ്യുകയും ‘ഗോ ബാക്ക്’ വിളിച്ച് ഓടിക്കുകയും ചെയ്തത് ഇവിടുത്തെ മാധ്യമചരിത്രത്തിലെ തന്നെ ഒരു വലിയ മാറ്റമാണ്.
നമ്മൾ ചരിത്രത്തിലേക്ക് നോക്കിയാൽ, ഒരു ഓൺലൈൻ കൂട്ടായ്മ എങ്ങനെയാണ് തെരുവ് കീഴടക്കുന്ന, ഒരു വൻ ജനകീയ പ്രസ്ഥാനമായി മാറുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. മുൻപ് തമിഴ്നാട്ടിൽ ജല്ലിക്കെട്ടിന് വേണ്ടി നടന്ന പ്രക്ഷോഭമോ, അല്ലെങ്കിൽ നമ്മൾ കണ്ട കർഷക സമരമോ ഒക്കെ ഡിജിറ്റൽ സ്പേസുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് തെരുവിൽ ചരിത്രം കുറിച്ചവയാണ്. അതേ മാതൃകയിലാണ് സിജെപിയും ഇന്ന് വളർന്നിരിക്കുന്നത്. ഈ സമരത്തെ തകർക്കാൻ കെ. സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളും സംഘപരിവാർ പ്രൊഫൈലുകളും സോഷ്യൽ മീഡിയയിലൂടെ വലിയ പരിഹാസങ്ങളുമായി വന്നിരുന്നു. “സോഷ്യൽ മീഡിയയിൽ കണ്ട ആളുകളൊന്നും ദില്ലിയിൽ എത്തിയില്ലല്ലോ” എന്നായിരുന്നു ഇവരുടെ പ്രധാന പരിഹാസം. എന്നാൽ ബിജെപി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; സിജെപി എന്നത് വ്യവസ്ഥാപിതമായ, ഫണ്ടുകളുള്ള ഒരു രാഷ്ട്രീയ പാർട്ടി അല്ല. വെറും ഒരു മാസം മുൻപ്, അമേരിക്കയിലിരുന്ന് ഒരു ചെറുപ്പക്കാരൻ സോഷ്യൽ മീഡിയ വഴി രൂപപ്പെടുത്തിയ ഒരു ഡിജിറ്റൽ കൂട്ടായ്മ മാത്രമാണിത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉദ്യോഗാർത്ഥികളെ വിമർശിച്ച ഒരു പരാമർശത്തിൽ നിന്ന്, ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ തുടങ്ങിയ ഒരു മുന്നേറ്റം.
എന്നിട്ടും ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ മുക്കിലും മൂലയിലും ഈ സംഘടനയും അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും ചർച്ചയായി മാറിയിട്ടുണ്ടെങ്കിൽ, ജന്തർ മന്തറിലേക്ക് ആയിരക്കണക്കിന് യുവാക്കളെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ചെറിയൊരു കാര്യമല്ല. രാഷ്ട്രീയത്തിൽ താല്പര്യമില്ല എന്ന് മുദ്രകുത്തപ്പെട്ട ‘ജൻസി’ (Gen Z) തലമുറയെ സമരപാതയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നത് തന്നെയാണ് ബിജെപിയെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നത്. റീൽസും ട്രെൻഡുകളും മാത്രം നോക്കി നടക്കുന്നവരല്ല തങ്ങളെന്നും, രാജ്യത്തിന്റെ ഭാവി തകർക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ തെരുവിൽ ഇറങ്ങാൻ തങ്ങൾക്ക് മടിയില്ലെന്നും ഈ തലമുറ തെളിയിച്ചു കഴിഞ്ഞു. ഇത് രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കുമെതിരെയുള്ള ശക്തമായ ജനാധിപത്യ പ്രതിരോധമാണ്.
ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും ,ഈ സമരത്തിന് പിന്തുണയുമായി നേരിട്ടെത്തിയത് ഈ മുന്നേറ്റത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇത് കേവലം ഒരു തമാശയല്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി ഇതിനെ ഭയപ്പെടാൻ തുടങ്ങിയത്. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് ഈ സിജെപി പ്രതിഷേധത്തിന് ദില്ലിയിൽ അനുമതി നൽകിയത്? അതിന് പിന്നിൽ കൃത്യമായ ചില രാഷ്ട്രീയ തന്ത്രങ്ങളും വലിയൊരു ഭയവുമുണ്ട്. നീറ്റ് പരീക്ഷാ വിവാദം കാരണം രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും കടുത്ത ഭരണവിരുദ്ധ വികാരത്തിലാണ്. തികച്ചും സമാധാനപരമായി, ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങളും ദേശീയ പതാകയും ഏന്തി വന്ന യുവാക്കളെ ബലം പ്രയോഗിച്ച് അടിച്ചമർത്തിയിരുന്നെങ്കിൽ അത് രാജ്യവ്യാപകമായി വലിയൊരു വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണമാകുമായിരുന്നു. അത് സർക്കാരിന്റെ പ്രതിച്ഛായയെ ലോകത്തിന് മുന്നിൽ പൂർണ്ണമായും തകർക്കും. അതുകൊണ്ട് സമരത്തിന് അനുമതി നൽകി അവരുടെ ആവേശം ഒരു പരിധിവരെ തണുപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി ബുദ്ധികേന്ദ്രങ്ങൾ ഇവിടെ പയറ്റിയത്. കൂടാതെ, സിജെപിയുടെ ഗ്രൗണ്ടിലെ ശക്തി എത്രത്തോളമുണ്ടെന്ന് വിലയിരുത്താനും ഭാവിയിൽ ഡിജിറ്റൽ സ്പേസുകളിൽ അവരെ എങ്ങനെ നേരിടാം എന്ന് പ്ലാൻ ചെയ്യാനുമാണ് ബിജെപി ശ്രമിക്കുന്നത്.
രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കാനും നോക്കുന്ന ബിജെപി സർക്കാരിന്റെ നെഞ്ചിലേക്കാണ് ഈ യുവജന മുന്നേറ്റം തീമഴയായി പെയ്തിറങ്ങിയിരിക്കുന്നത്. സിജെപിയുടെ ഈ വിജയം കണ്ട് മറ്റു വിദ്യാർത്ഥി സംഘടനകളും ധർമേന്ദ്ര പ്രധാന്റെ രാജിക്കായി സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ഒടുവിൽ യുവജനങ്ങളുടെ ഈ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാരിന് വഴങ്ങേണ്ടി വരുമോ? സ്വന്തം വിദ്യാഭ്യാസ മന്ത്രിയെ മോദിക്കും അമിത് ഷാക്കും കൈവിടേണ്ടി വരുമോ എന്ന് വരും ദിവസങ്ങളിൽ നമ്മൾ കണ്ടറിയേണ്ടി വരും. അധികാരം ശാശ്വതമാണെന്ന് കരുതുന്ന ഭരണാധികാരികൾക്ക് ചരിത്രം നൽകുന്ന വലിയൊരു പാഠമുണ്ട്; ജനങ്ങൾ, പ്രത്യേകിച്ച് രാജ്യത്തെ യുവത്വം ഉണർന്നു കഴിഞ്ഞാൽ പിന്നെ ഒരു അധികാരക്കസേരയ്ക്കും അവിടെ സുരക്ഷിതമായിരിക്കാൻ കഴിയില്ല.
നീറ്റ് അഴിമതിയിൽ ഉലഞ്ഞ് കേന്ദ്ര സർക്കാർ
