കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. സംസ്ഥാന സർക്കാരിന്റെ ‘ഇന്ദിരാ ഗാരണ്ടി’ പദ്ധതിയുടെ ഭാഗമായി ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഫാസ്റ്റ് ഉൾപ്പെടെയുള്ള സൂപ്പർക്ലാസ് ബസുകൾ നിലവിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനും, തുടർന്ന് പ്രവർത്തനം വിലയിരുത്തിയ ശേഷം മാത്രം കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കാനുമാണ് തീരുമാനം. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഓർഡിനറി ബസുകളിൽ മാത്രം പ്രതിവർഷം 750-800 കോടി രൂപയുടെ അധിക ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ തുക പൂർണ്ണമായും സർക്കാർ നേരിട്ട് വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജീവനക്കാർക്ക് സാമ്പത്തികമായി ആശങ്കപ്പെടേണ്ടതില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. സൗജന്യയാത്ര ചെയ്യുന്നവരുടെ കണക്കുകൾ കെഎസ്ആർടിസി ദിവസവും ശേഖരിക്കും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ഓരോ മാസവും സർക്കാരിന് ക്ലെയിം സമർപ്പിക്കുകയും തുക സർക്കാരിൽ നിന്ന് ഈടാക്കുകയും ചെയ്യും.
കെഎസ്ആർടിസിയിൽ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
