ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻ ലഹരിവേട്ട;

കോഴിക്കോട് കിണാശ്ശേരിയിൽ ഡാൻസഫ് സംഘവും കസബ പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 195 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കടുപ്പിനിയിലെ ഒരു ലോഡ്ജിൽ വച്ചാണ് മുഹമ്മദ് ജാവേദ്ഖാൻ എന്ന പ്രതിയെ മാരക ലഹരിമരുന്നുമായി ഉദ്യോഗസ്ഥർ പൊക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വെറും നാല് ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത് എന്നതും ഞെട്ടിക്കുന്ന വിവരമാണ്. കോഴിക്കോട്ടെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അറസ്റ്റ്.

അതേസമയം, എറണാകുളം പെരുമ്പാവൂരിലും എക്സൈസ് സംഘം ‘ഓപ്പറേഷൻ തണ്ടർ’ എന്ന പേരിൽ ശക്തമായ പരിശോധന നടത്തി. അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 250ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ ഹെറോയിനും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ വ്യാപകമായി ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *