ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’-നെതിരെ പ്രതിഷേധം ശക്തമാകുന്നു. ദ്വീപിന്റെ സമാധാനാന്തരീക്ഷവും പൈതൃകവും തകർക്കുന്നതാണ് പുതിയ മദ്യനയമെന്ന് ആരോപിച്ച് അഗത്തിയിലെ മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്.
ടൂറിസം വികസനത്തിന്റെ പേരിൽ മദ്യം കൊണ്ടുവരുന്നതിനെക്കാൾ ഉചിതം ദ്വീപിന്റെ തനത് ഉൽപ്പന്നമായ ഇളനീരിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. മദ്യം സമാധാനം തകർക്കുമെന്നും, സമാധാനമില്ലാത്ത ഒരിടത്തും ടൂറിസം വിജയിക്കില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു. 47 വർഷമായി തുടരുന്ന മദ്യനിരോധനം ഈ നിയമത്തിലൂടെ അട്ടിമറിക്കപ്പെടുകയാണെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. ഈ റെഗുലേഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കവരത്തി ഖാളി രാഷ്ട്രപതി ദ്രൗപദി മുർമുവിന് നേരത്തെ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ, പൊതുജനങ്ങളുമായോ ജനപ്രതിനിധികളുമായോ യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് ദ്വീപ് ഭരണകൂടം ഈ നിയമം അന്തിമമാക്കിയത്. കരട് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വ്യാപകമായ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും അതൊന്നും ഭരണകൂടം ഗൗനിച്ചില്ല.
