അഹമ്മദാബാദ് വിമാന അപകടം;

ഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ എഐ-171 വിമാന അപകടത്തിൽ, പൈലറ്റുമാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ നിഗമനങ്ങളെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ശക്തമായി എതിർക്കുന്നു. അപകടത്തിന് കാരണമായത് പൈലറ്റുമാർ ബോധപൂർവ്വം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാണെന്ന വാദത്തെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച എഫ്ഐപി, സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾ നടത്തിയ സ്വതന്ത്ര സിമുലേറ്റർ പരിശോധനകളുടെ അടിസ്ഥാനത്തിൽ, ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും സാങ്കേതികമായി അസാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകമായി നടത്തിയ സിമുലേറ്റർ പരീക്ഷണങ്ങളിൽ, ഔദ്യോഗിക റിപ്പോർട്ടിലെ സമയക്രമം തെറ്റാണെന്ന് തെളിഞ്ഞതായി എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സി.എസ്. രൺധാവ വ്യക്തമാക്കി. വിമാനത്തിന്റെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കാൻ 18 സെക്കൻഡ് ആവശ്യമുള്ളപ്പോൾ, കേവലം 4 സെക്കൻഡിനുള്ളിൽ ഇത് സംഭവിച്ചുവെന്ന റിപ്പോർട്ടിലെ വാദം സാങ്കേതികമായി തെറ്റാണ്. പൈലറ്റുമാർ സ്വിച്ചുകൾ കൈകാര്യം ചെയ്തിട്ടില്ലെന്നും, മറിച്ച് വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നും സംഘടന വാദിക്കുന്നു. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ലൈറ്റുകൾ മിന്നിമറിയുകയും അണയുകയും ചെയ്തതായി ഏക അതിജീവിതൻ നൽകിയ മൊഴിയും ഇലക്ട്രിക്കൽ തകരാറിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വീണ്ടും ബോയിംഗ് 787 സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നും, അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉൾപ്പെടുത്തണമെന്നും എഫ്ഐപി ആവശ്യപ്പെട്ടു. പൈലറ്റുമാർക്ക് മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം, വിമാനത്തിന്റെ സിസ്റ്റം തകരാറുകളും മെയിന്റനൻസ് രേഖകളും വിശദമായി പരിശോധിക്കണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും, മരിച്ച പൈലറ്റുമാർക്ക് നീതി ലഭിക്കണമെന്നും എഫ്ഐപി നേതൃത്വം ആവർത്തിച്ചു. സംഭവത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടന ഇതിനകം സർക്കാരിനും അന്വേഷണ ഏജൻസികൾക്കും കത്തുകൾ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *