ഓൺലൈൻ ഡെലിവറി സേവനങ്ങളുടെ മറവിൽ നടത്തുന്ന ലഹരി വിൽപ്പനയ്‌ക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ലഹരി കടത്തുന്നതായി പരാതി ലഭിച്ച സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ ഉടനടി നിർത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ തൂഫാൻ’ കേസുകളിൽ ആരുടെയും ശിപാർശകൾ പരിഗണിക്കേണ്ടതില്ലെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ലഹരി വിൽപ്പനയ്ക്കായി ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയിൽ അവയും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ നിലവിൽ ഒരു രൂപരേഖ മാത്രമാണെന്നും, പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് സമഗ്രമായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിമണൽ ഖനനം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങൾ ചർച്ചയ്ക്ക് ശേഷമേ തീരുമാനിക്കൂ. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ അഴിമതി ഇല്ലാത്തതുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹരിപ്പാട് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ അമിത തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയ്ക്ക് അത്യാവശ്യമായ പദ്ധതിയാണിത്. ജി. സുധാകരന്റെ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, നിർമ്മാണം ഉടൻ ആരംഭിച്ച് അടുത്ത വർഷം തന്നെ കുട്ടികൾക്ക് പ്രവേശനം നൽകാനാണ് ലക്ഷ്യമിടുന്നത്.
കയർ മേഖല ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കയർ മേഖലയ്ക്കായി 157 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി തൊഴിലാളികളുമായും കയറ്റുമതിക്കാരുമായും ജൂലൈ നാലിന് പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച ചോദ്യത്തിന്, ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും നിലവിൽ മുഴുവൻ സമയ പ്രസിഡന്റ് ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
