ഇപ്പോൾ നമ്മൾ ഫോൺ എടുത്തു നോക്കിയാലും ടിവി വെച്ചാലും ഒരൊറ്റ കാര്യമേ ഉള്ളൂ വാർത്തകളിൽ—
ഇറാനും അമേരിക്കയും തമ്മിലുള്ള ആ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാർ! ഒപ്പം ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകളെക്കുറിച്ചുള്ള വലിയ ചർച്ചകളും. ജനങ്ങൾ ഇപ്പോൾ ലൈവായി ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കണ്ടുകൊണ്ടിരിക്കുന്ന ഈ നാടകത്തിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത പ്രഖ്യാപനം വരുന്നത്.
ഈ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കാലയളവിൽ ഹോർമൂസ് വഴി പോകുന്ന കപ്പലുകൾക്കൊന്നും ടോൾ ഈടാക്കില്ല എന്ന്. കേൾക്കുമ്പോൾ നല്ല കാര്യമാണെന്ന് തോന്നും. പക്ഷേ, ഇതിന് പിന്നിൽ ട്രംപിന്റെയും അമേരിക്കയുടെയും വലിയൊരു ഗൂഢ അജണ്ടയുണ്ട്. ഒരുപക്ഷേ ഈ സമാധാന കരാർ പൂർത്തിയാക്കാൻ പറ്റിയില്ലെങ്കിൽ, മധ്യേഷ്യൻ രാജ്യങ്ങളെ സംരക്ഷിച്ചതിന് പ്രതിഫലമായി അമേരിക്ക ഈ വഴി പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ അല്ലെങ്കിൽ ചുങ്കം പിരിക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്.
അതായത് , എവിടെയോ കിടക്കുന്ന അമേരിക്ക, അറബിക്കടലിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിലുള്ള ഒരു പ്രകൃതിദത്ത കടലിടുക്കിൽ വന്ന് കപ്പം പിരിക്കുമെന്ന്! ഇപ്പോൾ നമ്മൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ഈ അന്താരാഷ്ട്ര നാടകത്തിന് പിന്നിൽ വലിയൊരു സാമ്പത്തിക യുദ്ധമുണ്ട്.
ഇവിടെ നമ്മുടെ ശരിക്കുള്ള നായകൻ എന്ന് പറയുന്നത് ഹോർമ്മൂസ് തന്നെയാണ്.അതുകൊണ്ട് തന്നെ നമുക്ക് ആദ്യം ഈ ഹോർമൂസ് കടലിടുക്ക് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാം. മാപ്പിൽ നോക്കിയാൽ പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള വളരെ ഇടുങ്ങിയ ഒരു കടൽപ്പാതയാണിത്. ഇതിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് വെറും 39 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്.
പക്ഷേ ഇതിന്റെ പ്രാധാന്യം ചെറുതല്ല. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം 20 ശതമാനവും, അതായത് അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ ഒരൊറ്റ ഇടുങ്ങിയ വഴിയിലൂടെയാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ വമ്പൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ ഒക്കെ വലിയ ഓയിൽ ടാങ്കറുകൾക്ക് ലോകവിപണിയിലേക്ക് എത്തണമെങ്കിൽ ഈ വഴി മാത്രമേയുള്ളൂ. വേറെ ബദൽ മാർഗ്ഗങ്ങളില്ല. അതുകൊണ്ട് തന്നെ ഇതിനെ ആഗോള സമ്പദ്വ്യവസ്ഥയുടെ ‘ചോക്ക് പോയിന്റ്’ എന്ന് വിളിക്കാം. ഈ ചോക്ക് പോയിന്റിൽ ഒരു ചെറിയ തടസ്സം ഉണ്ടായാൽ പോലും ലോകമെമ്പാടുമുള്ള പെട്രോൾ പമ്പുകളിൽ അതിന്റെ വില വ്യത്യാസം അറിയാൻ പറ്റും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇത് നേരിട്ട് ബാധിക്കും.
ഈ ജിയോഗ്രാഫിക്കൽ ലൊക്കേഷന്റെ ഏറ്റവും വലിയ അഡ്വാന്റേജ് ഉള്ളത് ഇറാനാണ്. പ്രകൃതിദത്തമായി രൂപപ്പെട്ട ഈ കടലിടുക്ക് ഇറാന്റെ ചരിഞ്ഞു വരുന്ന മലനിരകൾക്ക് താഴെയാണ് കിടക്കുന്നത്. ചരിത്രത്തിൽ ഇന്നുവരെ ഈ വഴി പോയ കപ്പലുകളിൽ നിന്ന് ആരും നികുതിയോ ടോളോ ഒന്നും പിരിച്ചിട്ടില്ല. കാരണം ഇത് പ്രകൃതിദത്തമായ ഒന്നാണ്.
പക്ഷേ, നമ്മൾ ഈ കഴിഞ്ഞ ഫെബ്രുവരി 28ന് കണ്ടതാണ്, അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ശക്തമായ യുദ്ധം പ്രഖ്യാപിച്ചപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അമേരിക്കൻ നാവികസേനയോടും വായുസേനയോടും നേരിട്ട് യുദ്ധം ചെയ്ത് ജയിക്കാൻ ഇറാനാവില്ല എന്ന് എല്ലാവർക്കുമറിയാം. തങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ നോക്കിയപ്പോൾ, അളമുട്ടിയപ്പോൾ ഇറാൻ അവരുടെ കൈവശമുള്ള ഏറ്റവും വലിയ തുറുപ്പുചീട്ട് പുറത്തെടുത്തു—’ഹോർമൂസ് കടലിടുക്ക് അടയ്ക്കൽ’.
കരയിൽ നിന്നുള്ള ഇറാന്റെ ഷോർട്ട് റെയിഞ്ച് ഗൈഡഡ് മിസൈലുകൾക്കും, ഗൺ ബോട്ടുകൾക്കും വളരെ എളുപ്പത്തിൽ ഈ വഴി പോകുന്ന കപ്പലുകളെ ലക്ഷ്യം വെക്കാൻ പറ്റും. യുദ്ധത്തിനിടയിൽ ഒരു അമേരിക്കൻ കപ്പലിന് ചുറ്റും ഇറാന്റെ 12 ഗൺ ബോട്ടുകൾ വളഞ്ഞ് വെടിയുതിർത്തത് നമ്മൾ വാർത്തകളിൽ കണ്ടതാണ്. ഈ ഒരു മേധാവിത്വം ഇറാൻ കാണിച്ചതോടെ കളി മാറി! ആഗോള എണ്ണവിപണി നിശ്ചലമാകുമെന്ന അവസ്ഥ വന്നപ്പോൾ അമേരിക്കയ്ക്ക് ഇറാന്റെ മുന്നിൽ ചർച്ചയ്ക്കായി ഇരിക്കേണ്ടി വന്നു. കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം അത്രത്തോളമായിരുന്നു.
ഇപ്പോൾ താൽക്കാലികമായി ഒരു 60 ദിവസത്തെ കരാറുണ്ട്. ദിവസവും അൻപതും അറുപതും കപ്പലുകൾ ഇപ്പോൾ പോകുന്നുമുണ്ട്. പക്ഷേ പേടി എന്താണെന്നുവെച്ചാൽ, ഈ ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്തത് എന്ത് സംഭവിക്കും എന്നതാണ്?
ഇറാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ, തങ്ങളുടെ തകർന്ന സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ഭാവിയിൽ ഈ വഴി പോകുന്ന കപ്പലുകളിൽ നിന്ന് നിശ്ചിത തുക ടോൾ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാൽ അമേരിക്ക ഇതിനെ ശക്തമായി എതിർക്കുന്നു. ഇറാൻ അങ്ങനെ ചെയ്താൽ ബലം പ്രയോഗിച്ച് ഹോർമൂസ് തങ്ങൾ പിടിച്ചെടുക്കുമെന്നും, തങ്ങൾ അവിടെ നിന്ന് പണം പിരിച്ച് ഗൾഫ് രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
മറ്റൊരു പ്രധാന പ്രശ്നം നമ്മൾ ഇപ്പോൾ ലൈവായി കാണുന്നത്, യുദ്ധസമയത്ത് ഇറാൻ ഈ കടലിൽ വിതറിയിരിക്കുന്ന ‘മൈനുകൾ’ ആണ്. കടലിന്റെ അടിത്തട്ടിലും മുകളിൽ പൊങ്ങിക്കിടക്കുന്നതുമായ മാഗ്നെറ്റിക് മൈനുകൾ വലിയ ഭീഷണിയാണ്. ഇവ മാറ്റിയെടുക്കാൻ ഫ്രഞ്ച്, ജർമ്മൻ വിദഗ്ദ്ധർ ശ്രമിക്കുന്നുണ്ടെങ്കിലും, ഇറാന്റെ കൃത്യമായ സഹകരണവും നാവിഗേഷൻ ഗൈഡൻസും ഇല്ലാതെ കപ്പലുകൾക്ക് ഇപ്പോൾ സുരക്ഷിതമായി പോകാൻ പറ്റില്ല. അതായത്, താൽക്കാലികമായി യുദ്ധം നിർത്തിയെങ്കിലും ഹോർമൂസിന്റെ ചാവി ഇപ്പോഴും ഇറാന്റെ കയ്യിൽ തന്നെയാണ്.
ഇനി ഇതിന്റെ പിന്നിലെ ഏറ്റവും വലിയ ട്വിസ്റ്റിലേക്ക് വരാം. അമേരിക്ക എന്തിനാണ് പശ്ചിമേഷ്യയിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? ട്രംപിന്റെ ഇപ്പോഴത്തെ പുതിയ നയം എന്താണെന്ന് ? “ഡ്രിൽ ബേബി ഡ്രിൽ” . അതായത്, അമേരിക്കയിലുള്ള സ്വന്തം എണ്ണപ്പാടങ്ങളിൽ നിന്ന് പരമാവധി എണ്ണ ഖനനം ചെയ്ത് എടുക്കുക എന്നത്. പണ്ട് ഗൾഫ് രാജ്യങ്ങളിലെ വിലകുറഞ്ഞ എണ്ണ പരമാവധി ഉപയോഗിച്ച് സ്വന്തം റിസർവുകൾ ഭാവിയിലേക്ക് വേണ്ടി സൂക്ഷിക്കുക എന്നതായിരുന്നു അമേരിക്കൻ നയം. എന്നാൽ ഇപ്പോൾ ട്രംപ് അത് മാറ്റി, സ്വന്തം രാജ്യത്ത് പരമാവധി ഓയിൽ റിഗ്ഗുകൾ സ്ഥാപിക്കുകയാണ്.
ഇവിടെയാണ് ബിസിനസ്സ് ബുദ്ധി വരുന്നത്. ഗൾഫ് മേഖല അശാന്തമായി തുടരുകയും ഹോർമൂസ് വഴി എണ്ണ വരുന്നത് കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ആഗോള വിപണിയിൽ എണ്ണവില കൂടും. ആ സമയത്ത് അമേരിക്കയുടെ കയ്യിലുള്ള സ്വന്തം എണ്ണയും, അമേരിക്കയുടെ നിയന്ത്രണത്തിലുള്ള വെനിസ്വേലൻ എണ്ണയും വലിയ വിലയ്ക്ക് ലോകവിപണിയിൽ വിറ്റഴിക്കാൻ ട്രംപിന് സാധിക്കും! ചുരുക്കിപ്പറഞ്ഞാൽ സ്വന്തം രാജ്യത്തിന്റെ എണ്ണക്കച്ചവടം കൂട്ടാൻ വേണ്ടി ഗൾഫ് മേഖലയെയും ഹോർമൂസിനെയും നിരന്തരം പ്രശ്നങ്ങളിൽ നിർത്തുക എന്നൊരു ഗൂഢമായ അജണ്ട ട്രംപിന്റെ മനസ്സിലുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
അടുത്ത ഒരു 20-30 വർഷത്തിനുള്ളിൽ ലോകം ഹൈഡ്രജൻ, സോളാർ തുടങ്ങിയ പുനരുപയോഗ ഊർജ്ജത്തിലേക്ക്മാറുമായിരിക്കും. അപ്പോൾ ഒരുപക്ഷേ എണ്ണയുടെയും ഹോർമൂസിന്റെയും പ്രസക്തി കുറഞ്ഞേക്കാം. പക്ഷേ ഇപ്പോൾ, ഈ സാഹചര്യത്തിൽ ഹോർമൂസ് ലോകത്തിന്റെ നെഞ്ചിടിപ്പാണ്.
