വടികൊടുത്ത് അടി വാങ്ങി പ്രതിപക്ഷം!

നമ്മൾ പലപ്പോഴും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്, നേതാക്കളുടെ പ്രസംഗങ്ങളും നിയമസഭയിലെ തർക്കങ്ങളുമൊക്കെ കണ്ട് കൈയടിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ കേരള നിയമസഭയിൽ നടന്ന ചില സംഭവങ്ങൾ സത്യത്തിൽ നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്നതാണ്. ‘വല്ലഭന് പുല്ലും ആയുധം’ എന്ന് പഴമക്കാർ പറയാറില്ലേ? കൃത്യമായ വിവരങ്ങളും രാഷ്ട്രീയ ബുദ്ധിയുമുണ്ടെങ്കിൽ ഏത് വലിയ പ്രതിസന്ധിയെയും എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കാം എന്ന് കാണിച്ചുതരുന്ന ചില കിടിലൻ പൊളിറ്റിക്കൽ ഗെയിമുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ അരങ്ങേറിയത്.
“എന്താണ് ഈ മദ്യനയ വിവാദം? എന്താണ് നിയമസഭയിൽ വി.ഡി. സതീശനും ഭരണപക്ഷവും തമ്മിൽ ഉണ്ടായ ആ വലിയ തർക്കം?” . അതുപോലെ തന്നെ പുതിയ ചില എം.എൽ.എമാരുടെ കടന്നുവരവും സഭയെ എങ്ങനെയാണ് ചൂടുപിടിപ്പിച്ചത് എന്നും പലരും ചർച്ച ചെയ്യുന്നുണ്ട്. ഇന്ന് വളരെ സിമ്പിളായി, ഈ വിഷയത്തിന്റെ ഉള്ളറകൾ നമുക്കൊന്ന് പരിശോധിക്കാം.
നമുക്കറിയാം, ഇപ്പോൾ നിയമസഭയിൽ എൽ.ഡി.എഫ് പ്രതിപക്ഷത്തിരുന്ന് ,സർക്കാരിനെതിരെ പലവിധ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുപ്പിയിൽ മലിനജലവുമായി വന്ന് പ്രസംഗിച്ചതൊക്കെ വലിയ വാർത്തയായിരുന്നു. എന്നാൽ ഇത്തരം ബഹളങ്ങൾക്കപ്പുറം, രാഷ്ട്രീയത്തിൽ വെറുതെ ശബ്ദമുണ്ടാക്കിയിട്ടോ ഉച്ചത്തിൽ സംസാരിച്ചിട്ടോ കാര്യമില്ല, പറയുന്ന കാര്യത്തിൽ കൃത്യമായ ‘ഡാറ്റ’ വേണമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് സഭയിൽ നടക്കുന്നത്. കൃത്യമായ ഹോംവർക്കോടെ വരുന്ന ഒരു ഭരണപക്ഷത്തെ നേരിടാൻ പ്രതിപക്ഷം എത്രത്തോളം ബുദ്ധിമുട്ടുന്നു എന്ന് വ്യക്തമാക്കുന്ന ആ പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് കടക്കാം.

        നമുക്ക് ആദ്യത്തെ പ്രധാന വിഷയത്തിലേക്ക് വരാം. കഴിഞ്ഞ ദിവസം സഭയിൽ ഉയർന്നുവന്നത് സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു വലിയ തർക്കമാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള ചില നീക്കങ്ങൾ നടക്കുന്നു, ഇത് യുവാക്കളെയും സ്ത്രീകളെയും വഴിതെറ്റിക്കും, ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ട് എന്നൊക്കെയായിരുന്നു പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ. ഇങ്ങനെയൊരു ആരോപണം വരുമ്പോൾ സാധാരണ രീതിയിൽ ഏത് സർക്കാരിനും പ്രതിരോധിക്കാൻ വലിയ പാടാണ്. കാരണം ജനവികാരം കൂടെയുള്ള വിഷയമാണ്. എന്നാൽ വി.ഡി. സതീശൻ ഇവിടെയാണ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളി മാറ്റിയത്.

അദ്ദേഹം സഭയിൽ വന്ന് പഴയ ഫയലുകളും ഔദ്യോഗിക രേഖകളും എടുത്തുയർത്തി കാണിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു. അതായത്, ഈ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ കൊണ്ടുവന്നാൽ വലിയ അപകടമാണ് എന്ന് പറയുന്നവർ തന്നെയാണ് മുൻപ് ഭരണത്തിലിരുന്നപ്പോൾ ഇതിനായുള്ള വഴി വെട്ടിയത് എന്ന് അദ്ദേഹം രേഖാമൂലം തെളിയിച്ചു!
അദ്ദേഹം സഭയിൽ വായിച്ച ആ രേഖകൾ നമുക്കൊന്ന് നോക്കാം. 2022 മാർച്ച് 31-ലെ മദ്യനയത്തിലെ ‘ഐറ്റം 25’ അദ്ദേഹം എടുത്തു വായിച്ചു. അതിൽ ഉദയഭാനു കമ്മീഷൻ ശുപാർശ പ്രകാരം 20 ശതമാനം വരെ വീര്യമുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമാക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ തന്നെ തീരുമാനിച്ചിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കേട്ടപ്പോൾ സഭ ഒന്നാകെ ശാന്തമായി. കാരണം, നമ്മൾ പുറത്തുനിന്ന് ഒന്നിനെ ശക്തമായി എതിർക്കുമ്പോൾ, മുൻപ് നമ്മൾ തന്നെ അതിന് അനുമതി നൽകാൻ ഫയലിൽ ഒപ്പിട്ടിരുന്നു എന്ന് മറ്റൊരാൾ തെളിവ് സഹിതം പുറത്തുവിട്ടാൽ പിന്നെ എന്ത് പറയും? അവിടെയാണ് പ്രതിപക്ഷം ശരിക്കും പ്രതിരോധത്തിലായത്.
അവിടെയും നിർത്തിയില്ല സതീശൻ. അദ്ദേഹം കുറച്ചുകൂടി പിന്നിലേക്ക് പോയി. എം.വി.​ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് ഒരു പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബെക്കാഡി’ നൽകിയ അപേക്ഷയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബെക്കാഡി ബ്രീസർ, ബെക്കാഡി പ്ലസ് തുടങ്ങിയ വീര്യം കുറഞ്ഞ ലഹരിപാനീയങ്ങൾ കേരളത്തിൽ വിൽക്കാൻ അനുമതി തേടിയുള്ള അപേക്ഷയായിരുന്നു അത്.
ഈ അപേക്ഷ വന്നയുടൻ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്ന് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അതിനായി ഫോറിൻ ലിക്കർ റൂൾസിൽ, ചട്ട ഭേദഗതി വരെ വരുത്തി! ബിയറിനും വൈനിനും ഇടയിലുള്ള ഒരു നികുതി ഘടന ഇതിനായി കൊണ്ടുവരാൻ ഫയലുകൾ തയ്യാറാക്കി. എന്നാൽ അന്ന് തിരഞ്ഞെടുപ്പ് സമയം അടുത്തതുകൊണ്ട് മാത്രമാണ് ആ നികുതി മാറ്റം പ്രാബല്യത്തിൽ വരാതെ പോയത്.
അപ്പോൾ സതീശൻ ചോദിക്കുന്ന ചോദ്യം വളരെ പ്രസക്തമാണ്: “അന്ന് നിങ്ങൾ ആ കമ്പനിയുടെ അപേക്ഷയിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തപ്പോൾ അത് തെറ്റല്ല, ഇന്ന് ഞങ്ങൾ അതിന് നികുതി ഘടന ഉണ്ടാക്കുമ്പോൾ അത് അഴിമതിയാണോ?” ഈ ഒരു ചോദ്യത്തിന് മുന്നിൽ മറുപടി നൽകാൻ പ്രതിപക്ഷ ബെഞ്ചുകൾക്ക് സാധിച്ചില്ല.
ഇനി ഇതിലും വലിയൊരു ട്വിസ്റ്റ് അദ്ദേഹം സഭയിൽ കൊണ്ടുവന്നു. മുൻപ് തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്തെ ചില നികുതി ഇളവുകളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നും ഭരണാധികാരികൾ എങ്ങനെയാണ് നികുതികൾ നിശ്ചയിക്കുന്നത് എന്ന്.
2018-19 വർഷങ്ങളിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾക്ക് 210% നികുതി ഉണ്ടായിരുന്നപ്പോൾ, വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വമ്പൻ ബ്രാൻഡുകൾക്ക് (ഷിവാസ് റീഗൽ, ജോണി വാക്കർ പോലുള്ളവയുടെ) നികുതി വെറും 115% ആയി കുറച്ചു കൊടുത്തു! അതും 40 മുതൽ 60 ശതമാനം വരെ ഉയർന്ന ആൽക്കഹോൾ അടങ്ങിയ മദ്യങ്ങൾക്ക്. പിന്നീട് അത് 250 ശതമാനമായി ഉയർന്നപ്പോഴും വിദേശ മദ്യങ്ങളുടെ നികുതി വളരെ കുറഞ്ഞ നിരക്കിൽ തന്നെ നിർത്തി.
സതീശൻ സഭയിൽ പരസ്യമായി, വളരെ മാസ്സായി ഒരു ചോദ്യം ചോദിച്ചു: “ഇത്രയും വലിയ വിദേശ കമ്പനികളായ ജോണി വാക്കറിൽ നിന്നും ഷിവാസ് റീഗലിൽ നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ അന്ന് നികുതി ഇത്രയും കുറച്ചു കൊടുത്തത്?” ഒരു രാഷ്ട്രീയ നേതാവ് നിയമസഭയിൽ ഇത്തരം കൃത്യമായ കണക്കുകൾ വെച്ച് വിരൽ ചൂണ്ടി സംസാരിക്കുമ്പോൾ അതിനെ വെറും രാഷ്ട്രീയ പ്രസംഗമായി തള്ളിക്കളയാൻ കഴിയില്ല.
ഈ പ്രസംഗത്തിന്റെ ഏറ്റവും വലിയ ബ്യൂട്ടി എന്തെന്നാൽ, ഇത് പ്രതിപക്ഷത്തെ നേരിടാൻ മാത്രമല്ല, സ്വന്തം മുന്നണിക്കുള്ളിലെയും കോൺഗ്രസ് പാർട്ടിക്കുള്ളിലെയും ചില അസ്വാരസ്യങ്ങളെ ഒരൊറ്റ വാക്കുകൊണ്ട് ഇല്ലാതാക്കാൻ സതീശൻ ഉപയോഗിച്ചു എന്നതാണ്. മദ്യനയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും, നേതാക്കൾ തമ്മിൽ അസ്വസ്ഥതയുണ്ടെന്ന രീതിയിലുമായിരുന്നു മാധ്യമ വാർത്തകൾ.
എന്നാൽ സതീശൻ ഇതിനെ വളരെ ലളിതമായി ഡിഫെൻഡ് ചെയ്തു. അദ്ദേഹം പറഞ്ഞു: “ദൈനംദിന ഭരണ കാര്യങ്ങളിലും നികുതി തീരുമാനിക്കുന്നതിലും ഫയലുകൾ ചുമന്നുകൊണ്ട് പാർട്ടി ഓഫീസിലേക്ക് പോകുന്ന പരിപാടി ഈ സർക്കാരിനില്ല. പണ്ട് മുഖ്യമന്ത്രി ഫയലുകളുമായി എകെജി സെന്ററിൽ പോയതുപോലെ കോൺഗ്രസ് മന്ത്രിമാർ കെപിസിസി ഓഫീസിലേക്ക് പോകില്ല.”
അതേസമയം, നയം തീരുമാനിക്കുന്നത് മുന്നണിയാണ്. യുഡിഎഫ് എല്ലാവരുമായി സംസാരിച്ച് ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കും. അതിനുശേഷം മുന്നണി തീരുമാനിക്കുകയാണ് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കേണ്ട എന്ന്, എങ്കിൽ അത് വിൽക്കില്ല! വിൽക്കാൻ തീരുമാനിച്ചാൽ ഈ നികുതി ആയിരിക്കും. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സ്വന്തം പാർട്ടിയിലെ തർക്കങ്ങൾ അദ്ദേഹം തീർത്തു. ഒപ്പം തന്നെ നയപരമായ കാര്യങ്ങളിൽ മുന്നണിക്ക് തന്നെയാണ് പരമാധികാരം എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.

     ഇത് കൂടാതെ,   കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ ശരിക്കുമൊരു രാഷ്ട്രീയ ഭൂകമ്പമാണ് ഉണ്ടായത്. സാധാരണ നിയമസഭയിൽ സഭ ചൂടുപിടിക്കാറുള്ളത് പഴയ പ്രമുഖ നേതാക്കൾ സംസാരിക്കുമ്പോഴാണ്. എന്നാൽ ഇത്തവണ സഭയെയും പ്രതിപക്ഷ നേതാവായ പിണറായി വിജയനെയും ഒരേപോലെ വിറപ്പിച്ചത് മറ്റാരുമല്ല, ആദ്യമായി നിയമസഭയിലേക്ക് ജയിച്ചുകയറിയ ആലപ്പുഴയിൽ നിന്നുള്ള ഒരു യുവ എം.എൽ.എ ആണ്—അദ്ദേഹത്തിന്റെ പേര് എ.ഡി. തോമസ്.

ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്ന്, യൂത്ത് കോൺഗ്രസിലൂടെ വളർന്ന്, ആദ്യമായി നിയമസഭയുടെ പടവുകൾ കയറിയ ഈ ചെറുപ്പക്കാരൻ പിണറായി വിജയന്റെ മുഖത്ത് നോക്കി നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വലിയ ചർച്ചയായിരിക്കുകയാണ്.
യഥാർത്ഥത്തിൽ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് എ.ഡി. തോമസ് സംസാരിക്കാൻ തുടങ്ങിയത്. വി.ഡി. സതീശൻ അവതരിപ്പിച്ച ബഡ്ജറ്റിനെ അദ്ദേഹം പൂർണ്ണമായി പിന്തുണച്ചു. ‘എപ്പോക്കൽ ബഡ്ജറ്റ്’ അഥവാ യുഗപരിവർത്തനാത്മകമായ ബഡ്ജറ്റാണിതെന്നൊക്കെ പറഞ്ഞ് തുടങ്ങിയ തോമസ്, പെട്ടെന്നാണ് പ്രതിപക്ഷ നേതാവായ പിണറായി വിജയനെതിരെ തിരിഞ്ഞത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഒരു കുപ്പിയിൽ മലിനജലവുമായി വന്ന്, തങ്ങളുടെ പാർട്ടിയിലെ കുട്ടികളെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് ആക്രമിച്ചു എന്ന് വിഷമത്തോടെ പറഞ്ഞിരുന്നു. കുട്ടികളോടുള്ള ഒരു അച്ഛന്റെ കരുതൽ 10 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിൽ കണ്ടത് എന്ന് തോമസ് പരിഹസിച്ചു. അവിടെ നിന്നാണ് എ.ഡി. തോമസ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകാൻ പോകുന്ന ആ പഴയ ചരിത്രം സഭയിൽ ഓർമ്മിപ്പിച്ചത്.
തോമസ് സഭയോട് ഒരു ചോദ്യം ചോദിച്ചു: 1977 മാർച്ച് 30-ന് ഈ നിയമസഭയിൽ എന്താണ് സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ? അന്ന് കേവലം 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവ എം.എൽ.എ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ലോക്കപ്പിലിട്ട് പോലീസ് തന്നെ അതിക്രൂരമായി മർദ്ദിച്ചു എന്ന് കാണിച്ച്, ചോര പുരണ്ട സ്വന്തം ഷർട്ടും ഉയർത്തിപ്പിടിച്ച് ഭരണകൂട ഭീകരതയ്ക്കെതിരെ ആ സഭയിൽ അലറിയ ഒരു ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരൻ മറ്റാരുമായിരുന്നില്ല, ഇന്നത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ ആയിരുന്നു!
എ.ഡി. തോമസ് പറയുകയാണ്, അന്ന് പോലീസ് രാജനെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും പ്രസംഗിച്ച അതേ പിണറായി വിജയൻ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ എന്താണ് ചെയ്തത്? കേരള ചരിത്രത്തിൽ ഇത്രയധികം പോലീസ് മർദ്ദനങ്ങളും ഭരണകൂട ഭീകരതയും ഉണ്ടായ മറ്റൊരു കാലഘട്ടമില്ല. തങ്ങൾക്കെതിരെ സമരം ചെയ്ത, കരിങ്കൊടി കാണിച്ച ചെറുപ്പക്കാരുടെ തലയാണ് പോലീസ് തെരുവിൽ തല്ലിപ്പൊളിച്ചതെന്ന് തോമസ് ആഞ്ഞടിച്ചു.
പ്രസംഗം ഏറ്റവും വൈകാരികമായ തലത്തിലേക്ക് എത്തിയത് എ.ഡി. തോമസ് തനിക്കുണ്ടായ അനുഭവം സഭയിൽ തുറന്നു പറഞ്ഞപ്പോഴാണ്. നവകേരള യാത്രയുടെ സമയത്ത് ആലപ്പുഴയിൽ വെച്ച് വെറുമൊരു കറുത്ത തുണിക്കഷണം കാണിച്ച് പ്രതിഷേധിച്ചതിന് തന്നെയോടും സുഹൃത്തായ അജയ് ജുവൽ കുര്യാക്കോസിനോടും പിണറായി വിജയന്റെ പോലീസ് ചെയ്തത് എന്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“ആലപ്പുഴ നഗരത്തിലിട്ട് ഞങ്ങളെ പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിച്ചതച്ചത് സാർ!” എന്നാണ് എ.ഡി. തോമസ് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി വിളിച്ചുപറഞ്ഞത്. മുഖ്യമന്ത്രിയുടെ ഗൺമാൻ ആയിരുന്ന അനിൽ കല്ലൂരും സംഘവും വണ്ടിയിൽ നിന്നിറങ്ങി ഇവരുടെ തല തല്ലിപ്പൊളിച്ചപ്പോൾ, അന്ന് മുഖ്യമന്ത്രിയായ പിണറായി വിജയൻ അതിനെ ന്യായീകരിച്ചത് ‘രക്ഷാപ്രവർത്തനം’ എന്നായിരുന്നു!
തോമസ് സഭയിൽ പറഞ്ഞത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്: “സാർ, എന്നെപ്പോലൊരു സാധാരണക്കാരൻ ഇന്ന് ഈ നിയമസഭയിൽ വന്നിരുന്ന് സംസാരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അന്ന് നിങ്ങൾ കാട്ടിയ ആ രക്ഷാപ്രവർത്തനമാണ്!” അതായത്, ഭരണകൂടം തങ്ങളെ തല്ലി ഒതുക്കാൻ നോക്കിയപ്പോൾ ജനങ്ങൾ തങ്ങളെ നെഞ്ചിലേറ്റി നിയമസഭയിൽ എത്തിച്ചു എന്നൊരു മാസ്സ് ഡയലോഗാണ് തോമസ് അവിടെ അടിച്ചത്. ഇത് കേട്ട് ഒന്നും മിണ്ടാനാകാതെ നോക്കിനിൽക്കാനേ പ്രതിപക്ഷ നിരയിലുള്ള പിണറായി വിജയനും സഹപ്രവർത്തകർക്കും കഴിഞ്ഞുള്ളൂ.

കഥ ഇവിടെ തീരുന്നില്ല , എ.ഡി. തോമസ് മാത്രമല്ല അന്ന് നിയമസഭയിൽ തിളങ്ങിയത്. മറ്റൊരു താരം നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ എൻ. ഷംസുദ്ദീൻ ആയിരുന്നു. സിപിഐ നേതാവും മുൻ മന്ത്രിയുമായ പി. പ്രസാദ് ആണ് ‘പി എം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് ഗവൺമെന്റിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നത്. കേന്ദ്ര പദ്ധതിയായ പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
എന്നാൽ മന്ത്രി ഷംസുദ്ദീൻ ഇതിന് നൽകിയ മറുപടി പ്രതിപക്ഷത്തെ പൂർണ്ണമായും നിശബ്ദമാക്കിക്കളഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുട്ടികളുടെ ഭാവിക്ക് വേണ്ടി പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു എന്ന് സ്വന്തം പത്രമായ ‘ദേശാഭിമാനി’യിൽ വന്ന വലിയ തലക്കെട്ട് സഹിതമാണ് ഷംസുദ്ദീൻ സഭയിൽ കാണിച്ചത്!
“നിങ്ങൾ ഒപ്പുവെച്ച കരാറാണ് ഞങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നത്, അല്ലാതെ ഞങ്ങൾ പുതിയതായി ഒന്നും ഉണ്ടാക്കിയിട്ടില്ല. അന്ന് ഗവൺമെന്റിൽ പങ്കാളികളായിരുന്ന സി.പി.ഐക്കാർ ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വെറും നാടകമാണ്” എന്ന് ഷംസുദ്ദീൻ കണക്കുകൾ നിരത്തി പരിഹസിച്ചു. മാത്രമല്ല, ഹയർ എജുക്കേഷനിൽ നാഷണൽ എജുക്കേഷൻ പോളിസി (NEP) ഒപ്പുവെച്ചതും, ഡിഗ്രി കോഴ്സുകൾ നാല് വർഷമാക്കിയതുമെല്ലാം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നമ്മൾ വിചാരിക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഭരണം മാറി, അതുകൊണ്ട് ഇനി പഴയ കാര്യങ്ങളൊന്നും ചർച്ച ചെയ്യേണ്ടതില്ല എന്ന്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. പിണറായി വിജയൻ സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഇവിടെ എന്തൊക്കെയാണ് നടന്നത് എന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോൾ സി.എ.ജി (CAG) റിപ്പോർട്ടിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിപ്പോ ഞാൻ വെറുതെ പറയുന്നതല്ല, രേഖകൾ സഹിതം പുറത്തുവന്ന കാര്യങ്ങളാണ്.
ആദ്യം ഈ കരിമണൽ വിഷയം നോക്കാം. കരിമണൽ കർത്തയെയും മാസപ്പടി വിവാദവുമൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തതാണല്ലോ. കേന്ദ്ര നിയമപ്രകാരം 2019 മുതൽ കരിമണൽ ഖനനവും സംസ്കരണവുമൊക്കെ കെ.എം.എം.എൽ (KMML), ഐ.ആർ.ഇ.എൽ (IREL) പോലെയുള്ള പൊതുമേഖലാ കമ്പനികൾക്ക് മാത്രമേ ചെയ്യാൻ അധികാരമുള്ളൂ. എന്നാൽ കെ.എം.എം.എല്ലിന്റെ കൈവശമുള്ള ഏതാണ്ട് 5000 കോടി രൂപ വിലമതിക്കുന്ന മോണോസൈറ്റ് സംസ്കരിക്കാൻ ഇവർ ഒരു ഹൈദരാബാദിലുള്ള സ്വകാര്യ കമ്പനിക്ക് അനുമതി കൊടുക്കാൻ നീക്കം നടത്തി.
ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, ഈ കരാർ ഒപ്പിടാൻ കാണിച്ച ധൃതിയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ തന്നെ, ഫലം വരുന്നതിന് കൃത്യം രണ്ടു ദിവസം മുൻപ്, അതായത് മെയ് രണ്ടാം തീയതി വ്യവസായ വകുപ്പ് ഈ ഹൈദരാബാദ് കമ്പനിക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കുകയാണ്! ഭരണം പോകുന്നതിന് തൊട്ടുമുൻപ് ഈ ഫയൽ ഒപ്പിട്ടു തീർക്കാൻ എന്തായിരുന്നു ഇത്ര ധൃതി?
ഇനി രണ്ടാമത്തെ വിഷയം ഇതിലും ഭയങ്കരമാണ്. നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ നമ്മളൊക്കെ കേട്ടിട്ടുള്ള ജവാൻ റമ്മിന്റെ (Javan Rum) നിർമ്മാണവുമായി ബന്ധപ്പെട്ട വലിയൊരു അഴിമതിയുണ്ട്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് എന്ന സർക്കാർ കമ്പനിയിൽ മദ്യം ഉണ്ടാക്കാൻ കൊണ്ടുവരുന്ന സ്പിരിറ്റ് ഉദ്യോഗസ്ഥർ വഴിമാറ്റി മറിച്ചു വിൽക്കുന്നു!
ടാങ്കർ ലോറികൾ തടഞ്ഞു നിർത്തി അളവ് പരിശോധിച്ചപ്പോൾ ആകെ 20,836 ലിറ്റർ സ്പിരിറ്റ് കാണാനില്ല. ഡ്രൈവർമാർ സമ്മതിച്ചു, ഈ സ്പിരിറ്റ് മധ്യപ്രദേശിൽ മറിച്ചു വിറ്റതാണെന്ന്! അതിൽ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വ്യക്തമായി. പക്ഷേ അന്ന് എക്സൈസ് വകുപ്പ് വലിയ കേസാക്കാതെ, ലിറ്ററിന് വെറും 20 രൂപ വെച്ച് പിഴ ഈടാക്കി വണ്ടികൾ വിട്ടയച്ചു! തുടർന്ന് ഫാക്ടറിയിൽ പരിശോധിച്ചപ്പോൾ നാലര ലക്ഷം ലിറ്ററോളം സ്പിരിറ്റിന്റെ കുറവാണ് കണ്ടെത്തിയത്. സി.എ.ജി റിപ്പോർട്ട് പ്രകാരം ഈ ഒരു തട്ടിപ്പിൽ മാത്രം സർക്കാരിന് ഉണ്ടായ നഷ്ടം 51.88 കോടി രൂപയാണ്! എന്നിട്ടും കുറ്റക്കാർക്കെതിരെ സർക്കാരോ കമ്പനിയോ ഒരു നടപടിയും എടുത്തില്ല. പൊതുജനത്തിന്റെ നികുതിപ്പണവും സംസ്ഥാന ഖജനാവും ഇവർ എങ്ങനെയാണ് കൊള്ളയടിച്ചിരുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകളാണിത്.
, ഞാൻ ഇതൊക്കെ ഇന്ന് നിങ്ങളോട് വിശദമായി പങ്കുവെക്കാൻ കാരണം, ഇന്നത്തെ കാലത്ത് രാഷ്ട്രീയം എന്നത് കേവലം ചെളിവാരിയെറിയലോ വെറും ബഹളങ്ങളോ മാത്രമല്ല എന്ന് മനസ്സിലാക്കാനാണ്. കൃത്യമായ ഹോംവർക്കും, രേഖകളും, ശരിയായ സമയത്തെ ഇടപെടലുകളും ഉണ്ടെങ്കിൽ വലിയ വിവാദങ്ങളെപ്പോലും എങ്ങനെയൊക്കെ മാറ്റിമറിക്കാം എന്നതിന് ഉദാഹരണമാണ് ഈ സംഭവങ്ങൾ.
വി.ഡി. സതീശന്റെ കൃത്യമായ കണക്കുകളും, എ.ഡി. തോമസിന്റെ ആഞ്ഞടിക്കലും, മന്ത്രി ഷംസുദ്ദീന്റെ മറുപടികളും കൂടിയായപ്പോൾ കഴിഞ്ഞ ദിവസത്തെ സഭാ സമ്മേളനങ്ങൾ പൂർണ്ണമായും ഭരണപക്ഷത്തിന് അനുകൂലമായി മാറി. പ്രതിപക്ഷം ഉത്തരമില്ലാതെ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *