പോലീസ് തലപ്പത്ത് വൻ പുകച്ചിൽ!

കേരള രാഷ്ട്രീയത്തിലും പോലീസ് ആസ്ഥാനത്തും ഒരുപോലെ വൻ പുകച്ചിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയിലേക്കാണ് ഇന്ന് നമ്മൾ കടക്കുന്നത്. adgp എം.ആർ. അജിത് കുമാർ… കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ മാധ്യമങ്ങളിലും ജനസംസാരത്തിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പേര്. പക്ഷേ, ഇത്തവണ കാര്യം പണ്ടത്തെപ്പോലെയല്ല! വെറുമൊരു രാഷ്‌ട്രീയ ആരോപണത്തിലോ വ്യക്തിപരമായ അധിക്ഷേപത്തിലോ അല്ല ഇത്തവണ കേസ് നിൽക്കുന്നത്. കൃത്യമായ തെളിവുകളുടെയും, അന്വേഷണ റിപ്പോർട്ടുകളുടെയും ബലത്തിൽ അജിത് കുമാറിനെ പൂട്ടാൻ ക്രൈംബ്രാഞ്ചും എസ്.ഐ.ടിയും നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പക്ഷേ, അവിടെയുമുണ്ട് വലിയൊരു രാഷ്ട്രീയ ട്വിസ്റ്റ്. ‘പൂട്ടുമ്പോൾ പഴുതില്ലാതെ പൂട്ടണം!’ എന്തുകൊണ്ടാണ് ഡിജിപിയും സർക്കാരും ഇപ്പോൾ ഇത്രയും അവധാനത കാണിക്കുന്നത്? പോലീസിലെ ഉന്നതരുടെ ഈ പോരിന് പിന്നിലെ യഥാർത്ഥ കളിയെന്താണ്?
സംഭവത്തിന്റെ പശ്ചാത്തലം മനസ്സിലാക്കണമെങ്കിൽ നമ്മൾ കുറച്ചുകാലം പുറകോട്ട് പോകേണ്ടതുണ്ട്. മുൻപ് വലിയ വിവാദമുണ്ടാക്കിയ ‘രക്ഷാപ്രവർത്തന കേസ്’ അല്ലെങ്കിൽ നവകേരള സദസ്സിനിടയിൽ നടന്ന അതിക്രമങ്ങൾ എല്ലാവർക്കും ഓർമ്മയുണ്ടാകും. അന്ന് മുഖ്യമന്ത്രി കടന്നുപോയതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാൻമാർ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും ഇന്നു എംഎൽഎ ആയിരിക്കുന്ന തോമസ് അടക്കമുള്ള ജനപ്രതിനിധികളെയും വഴിയിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത ആക്രമണമായിരുന്നു അത്. ജനങ്ങളുടെ മുന്നിൽ വെച്ചാണ് ജനപ്രതിനിധികൾ അടക്കം അന്ന് തെരുവിൽ ആക്രമിക്കപ്പെട്ടത്.
ഈ വിഷയത്തിൽ കുറ്റക്കാരായ പോലീസുകാരെയും ഗൺമാൻമാരെയും ശിക്ഷിക്കണം എന്നത് അന്നേ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ഏറ്റവും വലിയ രാഷ്ട്രീയ ആവശ്യമായിരുന്നു. കാരണം അത്രമേൽ നഗ്നമായ നിയമലംഘനമാണ് അവിടെ നടന്നത്. ഒരു പോലീസുകാരനും ചെയ്യാൻ പാടില്ലാത്ത തരത്തിലുള്ള അതിക്രമം. പക്ഷേ, അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ കേസിൽ എന്താണ് സംഭവിച്ചത്? കേസ് പരമാവധി ഒതുക്കിത്തീർക്കാനും, ലോക്കൽ പോലീസ് എടുത്ത എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ റദ്ദാക്കാനും, കേസ് തീർത്തും അട്ടിമറിക്കാനും വൻ ശ്രമങ്ങൾ നടന്നു എന്ന ഗുരുതരമായ ആരോപണം അന്നേ ഉയർന്നിരുന്നു. അന്ന് ലോ ആൻഡ് ഓർഡർ ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറാണ് ഈ അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇവിടെ നമ്മൾ അജിത് കുമാർ എന്ന ഉദ്യോഗസ്ഥന്റെ പശ്ചാത്തലം കൂടി കാണേണ്ടതുണ്ട്. എൽഡിഎഫ് ഭരണകാലത്ത് ഏറ്റവും കൂടുതൽ വിവാദങ്ങളിൽ പെട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ, ആർ.എസ്.എസ് ഉന്നത നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകൾ, ലോകശ്രദ്ധ നേടിയ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയൊഴുക്കുകൾ… അങ്ങനെ ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ പോലും അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യം നമ്മൾ കണ്ടതാണ്. എന്നിട്ടും അന്നത്തെ ആഭ്യന്തര വകുപ്പും ഭരണനേതൃത്വവും അദ്ദേഹത്തെ പൂർണ്ണമായി ചേർത്തുപിടിക്കുകയാണുണ്ടായത്. അതിന്റെ ഒരു പ്രത്യുപകാരമായിട്ടാണ് കോൺഗ്രസ് പ്രവർത്തകരെയും ജനപ്രതിനിധികളെയും മർദ്ദിച്ച പോലീസുകാരെയും ഗൺമാൻമാരെയും രക്ഷിക്കാൻ അദ്ദേഹം നേരിട്ട് ഇടപെട്ടത് എന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉന്നയിക്കാൻ കാരണവും ഇതാണ്.
എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. ഗവൺമെന്റിൽ ഉണ്ടായ മാറ്റങ്ങളും സമ്മർദ്ദങ്ങളും കാരണം കേസ് പിന്നീട് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിലെത്തി. എസ്.ഐ.ടി കേസിന്റെ പഴയ ഫയലുകളും ഡയറികളും പൂർണ്ണമായി പുറത്തെടുത്തു. മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത ഗൺമാൻമാരുടെയും പോലീസുകാരുടെയും വിവരങ്ങൾ അവർ ഒന്നൊന്നായി ശേഖരിക്കുകയും, അവരെ രക്ഷിക്കാൻ പിന്നിൽ നിന്ന് കളിച്ച ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
ഈ അന്വേഷണത്തിനിടയിലാണ് വളരെ രസകരമായ ചില സംഭവങ്ങൾ നടക്കുന്നത്. എസ്.ഐ.ടി സംഘം കൃത്യമായ തെളിവുകളോടെ അജിത് കുമാറിന്റെ ഓഫീസിലെത്തി ചോദ്യങ്ങൾ ചോദിച്ചപ്പോൾ, അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി ശാസിച്ചു എന്നും, അദ്ദേഹത്തിന്റെ മുറിയിൽ വെച്ച് ഉദ്യോഗസ്ഥരിൽ ഒരാൾ തലകറങ്ങി വീണു എന്നൊക്കെയുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, ഇത്തരം സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങാതെ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അജിത് കുമാർ ഈ കേസ് അട്ടിമറിക്കാൻ വഴിവിട്ട് ഇടപെട്ടിട്ടുണ്ടെന്ന് ഉറപ്പിച്ചു. അദ്ദേഹത്തോട് ഔദ്യോഗികമായി വിശദീകരണം ചോദിക്കുകയും, ആ മറുപടി കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ അന്വേഷണ റിപ്പോർട്ട് ഡി.ജി.പി രവദാ ചന്ദ്രശേഖരന്റെ കൈകളിൽ എത്തിക്കുകയും ചെയ്തു.
ഇവിടെയാണ് കഥയിലെ ഏറ്റവും നിർണായകവും സങ്കീർണ്ണവുമായ ഘട്ടം ആരംഭിക്കുന്നത്. റിപ്പോർട്ട് ഡി.ജി.പിയുടെ കയ്യിലുണ്ട്, നടപടിയെടുക്കാൻ തടസ്സങ്ങളൊന്നുമില്ല… പക്ഷേ എന്തുകൊണ്ടാണ് ഭരണകൂടവും ഡിജിപിയും പെട്ടെന്ന് ഒരു നടപടിയിലേക്ക് കടക്കാത്തത്? അതിന് വലിയൊരു രാഷ്ട്രീയ-നിയമ പശ്ചാത്തലമുണ്ട്.
പണ്ട് ടി.പി. സെൻകുമാറിനെതിരെ എൽഡിഎഫ് സർക്കാർ തിടുക്കത്തിൽ നടപടിയെടുത്ത് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതും, പിന്നീട് സെൻകുമാർ സുപ്രീം കോടതി വരെ പോയി കേസ് ജയിച്ച് തിരിച്ചുവന്ന് സർക്കാരിന്റെ മുഖത്തടിച്ചതുപോലെയുള്ള തിരിച്ചടി നൽകിയതും നമ്മൾ കണ്ടതാണ്. അന്ന് വി.ഡി. സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സർക്കാരിന്റെ ഈ തോൽവി വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ അജിത് കുമാറിനെതിരെ ഒരു നടപടി എടുക്കുമ്പോൾ കോടതിയിൽ ചെന്നാൽ അതൊരിക്കലും സർക്കാരിന് തിരിച്ചടിയാകരുത് എന്ന് ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നിർബന്ധമുണ്ട്. അതായത്, കുറ്റപത്രം ഫ്രെയിം ചെയ്യുമ്പോൾ യാതൊരുവിധത്തിലുള്ള നിയമപരമായ പഴുതുകളും ഉണ്ടാകാൻ പാടില്ല. ‘പൂട്ടുമ്പോൾ പഴുതില്ലാതെ പൂട്ടണം’ എന്ന് പ്രതിപക്ഷവും സർക്കാരും ഒരുപോലെ ചിന്തിക്കുന്നതിന്റെ കാരണം ഇതാണ്.
ഇതിന് പുറമേ, പോലീസിന്റെ തലപ്പത്ത് നടക്കുന്ന വലിയൊരു കസേരകളിയും ഇതിന് പിന്നിലുണ്ട്. ഈ മാസം കഴിയുമ്പോൾ കേരളത്തിന് പുതിയ ഡി.ജി.പിയെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത ഡി.ജി.പി റാങ്കിലേക്ക് പരിഗണിക്കുന്ന ഏറ്റവും മുതിർന്ന മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളാണ് എം.ആർ. അജിത് കുമാർ. മനോജ് എബ്രഹാം, ശ്രീജിത്ത്, എന്നിവരാണ് ഈ നെക്സ്റ്റ്-ടു-നെക്സ്റ്റ് പോരാട്ടത്തിലുള്ളത്.
അജിത് കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് കൊണ്ടുപോകാൻ സർക്കാരിന് താല്പര്യമില്ലെങ്കിലോ, അല്ലെങ്കിൽ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണമെങ്കിലോ അദ്ദേഹത്തിനെതിരെ കൃത്യമായ ഒരു ക്രിമിനൽ ചാർജ് അല്ലെങ്കിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് നിലനിൽക്കണം. ആ ചാർജ് നിലനിൽക്കണമെങ്കിൽ അത് ഏറ്റവും കൃത്യതയോടെ തന്നെ തയ്യാറാക്കണം. അതുകൊണ്ടാണ് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുമൊക്കെ ‘ഞങ്ങൾ വളരെ അവധാനതയോടെയാണ് ഇത് ചെയ്യുന്നത്’ എന്ന് ആവർത്തിച്ചു പറയുന്നത്.
പക്ഷേ, ഈ സാങ്കേതിക ന്യായീകരണങ്ങൾ പറയുമ്പോഴും സാധാരണക്കാർക്കും കോൺഗ്രസുകാർക്കും ഉള്ളിൽ വൻ സംശയമുണ്ട്. പോലീസുകാർ എന്ത് തെമ്മാടിത്തം ചെയ്താലും അവരെ പരസ്പരം രക്ഷിച്ചെടുക്കുന്ന ഒരു വടംവലി രീതി നമ്മുടെ സിസ്റ്റത്തിൽ മുൻപും കണ്ടിട്ടുള്ളതുകൊണ്ട്, വലിയ സാങ്കേതികത്വങ്ങൾ പറഞ്ഞ് ഇദ്ദേഹത്തെ വിണ്ടും വിട്ടയക്കുമോ എന്നൊരു ഭയം ജനങ്ങൾക്കുണ്ട്.
ചുരുക്കത്തിൽ, സർക്കാർ ഇപ്പോൾ നിൽക്കുന്നത് ഒരു ഞാണിന്മേൽ കളിയിലാണ്. ഒരുവശത്ത്, നടപടിയെടുത്താൽ അത് നാളെ ടി.പി. സെൻകുമാർ കേസ് പോലെ സർക്കാരിന് തിരിഞ്ഞുകൊത്തുന്ന ആയുധമാകരുത് എന്ന സമർദ്ദം. മറുവശത്ത്, തെറ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ ശരിയായ നടപടിയെടുത്തില്ലെങ്കിൽ ഉണ്ടാകുന്ന വലിയ ജനരോഷവും രാഷ്ട്രീയ തിരിച്ചടിയും.

Leave a Reply

Your email address will not be published. Required fields are marked *