ഫിഫ അധ്യക്ഷനെതിരെ ആഞ്ഞടിച്ച് ലാ ലിഗ പ്രസിഡന്റ്!

ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ പ്രസിഡന്റ് ഹാവിയര്‍ തെബാസ് രംഗത്തെത്തി. ഇന്‍ഫാന്റീനോയുടെ ഭരണകാലാവധിയുടെ പ്രസക്തി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എന്നാല്‍ ഫിഫയുടെ നിലവിലെ ഭരണരീതി കാരണം ഒരു നേതൃമാറ്റത്തിന് സാധ്യത കുറവാണെന്നും വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫാന്റീനോയുടെ ഭരണത്തോടും തീരുമാനങ്ങളോടും വ്യക്തിപരമായി പലര്‍ക്കും വിയോജിപ്പുണ്ടെങ്കിലും പരസ്യമായി എതിര്‍ക്കാനോ ശക്തമായ വെല്ലുവിളി ഉയര്‍ത്താനോ ആരും തയ്യാറാകുന്നില്ലെന്ന് തെബാസ് ആരോപിച്ചു. തനിക്ക് എതിരാളികളായി ആരുമില്ലാത്തതും തോല്‍ക്കാന്‍ വേണ്ടി ആരും മത്സരിക്കാന്‍ ആഗ്രഹിക്കാത്തതുമാണ് ഇന്‍ഫാന്റീനോയുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം തുറന്നടിച്ചു. ഫിഫയുടെ സിസ്റ്റത്തില്‍ തന്നെ അടിസ്ഥാനപരമായ വീഴ്ചകളുണ്ടെന്നും, ഇന്‍ഫാന്റീനോയ്‌ക്കെതിരെ സ്വകാര്യമായി സംസാരിക്കുന്ന പലരും പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *