കാലം മാറ്റിമറിക്കുന്ന യാദൃശ്ചികതകൾ രാഷ്ട്രീയത്തിൽ പലപ്പോഴും വിചിത്രമായ വഴിത്തിരിവുകൾ സൃഷ്ടിക്കാറുണ്ട്. അന്ന് വിദ്യാർത്ഥിയായിരിക്കെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഭരണകൂടത്തിന്റെ ക്രൂരമായ ലാത്തിച്ചാർജും മർദ്ദനവും ഏറ്റുവാങ്ങിയ അതേ മുൻകാല വിദ്യാർത്ഥി നേതാവ്, ഇന്ന് രാജ്യത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടും എന്ന ഭീഷണി നേരിടുന്നത് ചരിത്രത്തിന്റെ വലിയൊരു കാവ്യനീതിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധങ്ങളും അദ്ദേഹത്തിന്റെ പഴയകാല സമരചരിത്രവും ഇപ്പോൾ ദേശീയതലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
1997-ൽ ഒഡീഷയിൽ കോൺഗ്രസ് ഭരണകാലത്താണ് അന്നത്തെ ജാനകി വല്ലഭ് പട്നായിക് സർക്കാരിനെതിരെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നത്. അന്ന് എബിവിപിയുടെ ദേശീയ സെക്രട്ടറിയായിരുന്ന, 18-ാം വയസിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ധർമേന്ദ്ര പ്രധാൻ, ഉത്കൽ സർവകലാശാലയിലെ പഠനകാലത്ത് 1,500-ഓളം വിദ്യാർത്ഥികളെ അണിനിരത്തി സെക്രട്ടേറിയറ്റിന് മുന്നിൽ കൂറ്റൻ സമരം നയിക്കുകയുണ്ടായി. ഒഡീഷ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി മാറിയ ആ പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ അദ്ദേഹത്തിന്റെ എല്ലുകൾക്ക് ക്ഷതമേൽക്കുകയും കടുത്ത മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. സഹപ്രവർത്തകർ പോലും അന്ന് വേദനയോടെ ഓർത്തെടുത്ത ആ സമര മുഖത്തുനിന്നാണ് അദ്ദേഹം ബിജെപിയിലൂടെ വളർന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയായും പിന്നീട് വിദ്യാഭ്യാസ മന്ത്രിയായും മാറിയത്.എന്നാൽ അന്ന് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ചോര ചിന്തിയ അതേ നേതാവിന് നേരെയാണ് ഇന്ന് ചരിത്രം വീണ്ടും തിരിഞ്ഞുകുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്ത നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമാണ് നിലവിൽ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഡൽഹിയിൽ നീറ്റ് പരീക്ഷാ അഴിമതിക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടക്കുമ്പോൾ, ധർമേന്ദ്ര പ്രധാൻ തന്റെ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെക്കാതെ പരീക്ഷാ വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ യാതൊന്നും ഒളിച്ചുവെക്കാനില്ലെന്നും ഏത് സമയത്തും സഭയിൽ ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
