ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങൾ പ്രഖ്യാപിച്ചു

ന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യവും ആകര്‍ഷകവുമായ സ്ഥാപനമായി ഗൂഗിൾ തിരഞ്ഞെടുക്കപ്പെട്ടു. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2026 റിപ്പോർട്ട് പ്രകാരമാണ് ഈ നേട്ടം. ഈ പട്ടികയിൽ ടാറ്റ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും, ആമസോൺ മൂന്നാം സ്ഥാനത്തും ഇടംനേടി. ലോകമെമ്പാടുമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള 1.75 ലക്ഷത്തിലധികം ആളുകളുടെയും, ഇന്ത്യയിൽ മാത്രം 3,500-ഓളം ജീവനക്കാരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഈ സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഈ വർഷത്തെ റിപ്പോർട്ട് പ്രകാരം ഗൂഗിൾ, ടാറ്റ ഗ്രൂപ്പ്, ആമസോൺ എന്നിവയ്ക്ക് പുറമെ സാംസങ് ഇന്ത്യ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ യൂണിലീവർ, മഹീന്ദ്ര & മഹീന്ദ്ര, ഡെൽ ടെക്നോളജീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുടമകളിൽ ഉൾപ്പെടുന്നു.മറുവശത്ത്, നിലവിലെ തൊഴിലിടം മാറാൻ 46% ജീവനക്കാരും ആലോചിക്കുന്നുണ്ടെന്നും, 32 ശതമാനം പേർ കഴിഞ്ഞ ആറു മാസത്തിനിടെ ജോലി മാറിയതായും സർവേ വ്യക്തമാക്കുന്നു. മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ നൽകുന്ന തൊഴിലിടങ്ങൾക്കാണ് ഇന്ത്യക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. തുല്യ അവസരങ്ങൾ, കരിയർ വളർച്ച, മികച്ച ശമ്പളവും ആനുകൂല്യങ്ങളും, സ്ഥാപനത്തിന്റെ മികച്ച പ്രതിച്ഛായ എന്നിവയെല്ലാം തൊഴിലിടം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

മികച്ച പ്രതിഭകളെ ആകർഷിക്കാനും കമ്പനിയിൽ നിലനിർത്താനും സ്ഥാപനങ്ങൾ ഇത്തരം ഘടകങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. പ്രത്യേകിച്ചും ഡിജിറ്റൽ മേഖലയിലെ ജീവനക്കാർ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന ശമ്പളത്തിനും കരിയർ വളർച്ചയ്ക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിനാൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ ഇവർ ജോലി ഉപേക്ഷിക്കാൻ സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *