എറണാകുളം ജില്ലയിൽ സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;

റണാകുളം ജില്ലയിലെ കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലും സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കടുങ്ങല്ലൂരിൽ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അമരാവതിയിൽ ബൈക്കിലെത്തിയ സംഘമാണ് അഞ്ചാം ക്ലാസുകാരനെ നിർബന്ധപൂർവ്വം പിടിച്ച് വണ്ടിയിൽ കയറ്റാൻ ശ്രമിച്ചത്. രണ്ടിടത്തും കുട്ടികൾ സമയോചിതമായി സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകീട്ട് പമ്പുകവലയിലായിരുന്നു ആദ്യ സംഭവം. സ്വകാര്യ സ്‌കൂൾ വിട്ടുവന്ന നാലാം ക്ലാസുകാരിയെ വീട്ടിലാക്കിത്തരാം എന്ന് പറഞ്ഞ് യുവാവ് കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. ഭയന്ന കുട്ടി കുതറിയോടി സമീപത്തെ കടയിൽ അഭയം പ്രാപിച്ചു. പിന്നാലെയെത്തിയ യുവാവ് കുട്ടി തന്റെ സഹോദരിയുടെ മകളാണെന്നും കൂടെ വിടണമെന്നും കടക്കാരോട് പറഞ്ഞു. എന്നാൽ ഇയാളെ അറിയില്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ ഇയാൾ കടന്നുകളയാൻ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് ബിനാനിപുരം പോലീസിന് കൈമാറി. യു.സി. കോളേജ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വൈകീട്ട് അഞ്ചുമണിയോടെ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസുകാരന് നേരെയാണ് ഫോർട്ട്കൊച്ചി അമരാവതിയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ കുട്ടിയെ കയറിപ്പിടിക്കുകയും ബലമായി വണ്ടിയിൽ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കുതറിയോടി തൊട്ടടുത്ത കടയിൽ കയറി രക്ഷപ്പെട്ടു. കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവ് ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *