നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായെത്തിയ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 53 മിനിറ്റാണ്. ദുൽഖറിന്റെ മികച്ച പ്രകടനവും ഒപ്പം ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ വലിയ പോസിറ്റീവുകളായി പ്രേക്ഷകർ വിലയിരുത്തുന്നു. ‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും ചിത്രത്തിലുണ്ട്. അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ രംഗങ്ങളും അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന് കരുത്തായിട്ടുണ്ട്.
ചിത്രത്തിലെ ‘ലൂസർ’, ‘മഴവില്ലായെ’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ തന്നെയാണ് ലൂസർ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ജേക്സ് ബിജോയ് സംഗീതം നൽകി, ബി.കെ ഹരിനാരായണൻ വരികളെഴുതി, ഇവുജിൻ ആലപിച്ച ‘കരവും കരളും’ എന്ന പുതിയ ഗാനവും ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
