ആകാംക്ഷ നിറച്ച് ‘രണബാലി’ ടീസർ പുറത്ത്

വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം ‘രണബാലി’യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തുന്ന വിധം ഇതുവരെ കാണാത്ത തീക്ഷ്ണമായ ലുക്കിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഒക്ടോബർ 16-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയിൽ അരങ്ങേറിയ കൊടും പട്ടിണിയും പീഡനങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ക്രൂരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സർ തിയോഡോർ ഹെക്ടറുടെ ഉത്തരവ് പ്രകാരം ഇന്ത്യക്കാരുടെ ധാന്യങ്ങൾ കൊള്ളയടിക്കപ്പെടുമ്പോൾ, അതിനെതിരെ ‘സിംഗനമല ബൊബ്ബിലി രണബാലി’ എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട പോരാട്ടത്തിനിറങ്ങുന്നതാണ് ടീസറിലെ മുഖ്യ ആകർഷണം. തന്റെ ജനങ്ങളുടെ സംരക്ഷണത്തിനായി വാളെടുക്കുന്ന നായകന്റെ മാസ് രംഗങ്ങളും ‘ഏതെങ്കിലും ഒരു ധാന്യമണി പോലും ഗ്രാമത്തിന് പുറത്തുപോകില്ല’ എന്ന ശപഥവുമെല്ലാം സിനിമയുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ വില്ലൻ കഥാപാത്രമായ സർ തിയോഡോർ ഹെക്ടറായി വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിവാഹത്തിന് ശേഷം ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ഈ ചരിത്ര സിനിമ പ്രേക്ഷകർക്ക് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *