നയൻതാരയും മമിത ബൈജുവും ഉൾപ്പെടെയുള്ള മലയാളി നായികമാരുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ്. നടി അനിഷ്മ അനീഷ് കുമാറാണ് തുടർച്ചയായ മൂന്ന് ചിത്രങ്ങൾ വിജയമാക്കി തമിഴ് സിനിമാ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. ‘സിറൈ’, ‘യൂത്ത്’, ‘മോദരാത്രി’ എന്നീ മൂന്ന് ചിത്രങ്ങളിലും നായികയായി എത്തിയ താരം ഹാട്രിക് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.
2023-ൽ പുറത്തിറങ്ങിയ ‘പൂവൻ’ എന്ന ചിത്രത്തിലൂടെയാണ് അനിഷ്മ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘തെക്ക് വടക്ക്’, നസ്ലിന്റെ നായികയായിയെത്തിയ ‘ഐ ആം കാതലൻ’, ‘മരണമാസ്സ്’ തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.
വെട്രിമാരന്റെ മുൻ അസിസ്റ്റന്റായ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത ‘സിറൈ’യിലൂടെയാണ് അനിഷ്മ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സോഫിസിൽ നിന്ന് 32 കോടിയിലധികം രൂപ വാരിയെടുത്തു. ചിത്രത്തിലെ ‘നീലോത്തി’ എന്ന ഗാനം താരത്തിന് വലിയതോതിൽ പാൻ-ഇന്ത്യൻ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തു.
തുടർന്ന് തമിഴ് താരം കരുണാസിന്റെ മകൻ കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായ ‘യൂത്ത്’ എന്ന ചിത്രത്തിലും അനിഷ്മ നായികയായി. കമിങ് ഓഫ് ഏജ് ജോണറിലൊരുങ്ങിയ ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും മീനാക്ഷി ദിനേശും മറ്റ് മലയാളി സാന്നിധ്യങ്ങളായിരുന്നു. ആറു കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ഏകദേശം 82 കോടി രൂപയാണ് ബോക്സോഫിസിൽ നേടിയത്.
അനിഷ്മയുടെ മൂന്നാമത്തെ തമിഴ് ചിത്രമായ ‘മോദരാത്രി’ കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് തിയേറ്ററുകളിലെത്തിയത്. രാജാ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രത്തിൽ റിഷികാന്ത് ആയിരുന്നു നായകൻ. ബോക്സോഫിസിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ഈ ചിത്രത്തോടെയാണ് അനിഷ്മ തമിഴിലെ ഹാട്രിക് ഹിറ്റ് നായികയായി മാറിയത്.
