അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി നിയമപ്രകാരമുള്ള പ്രായപരിധി കഴിഞ്ഞെങ്കിലും കൃത്രിമ ഗർഭധാരണ ചികിത്സ തുടരാൻ തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഹൈക്കോടതി അനുമതി നൽകി. ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സമാന സാഹചര്യത്തിൽ പഞ്ചാബ് – ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും കോടതി ഇതിനായി പരിഗണിച്ചു.
നിയമപ്രകാരം സ്ത്രീകൾക്ക് 50 വയസ്സും പുരുഷന്മാർക്ക് 55 വയസ്സുമാണ് ഇത്തരം ചികിത്സകൾക്കുള്ള ഉയർന്ന പ്രായപരിധി. എന്നാൽ ഈ ദമ്പതികൾ 2023-ൽ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. പിന്നീട് പ്രായപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആശുപത്രി അധികൃതർ തുടർചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്. ചികിത്സ തുടരുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സ്വയം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ദമ്പതികൾ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ, അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി ബോർഡിന് മുമ്പാകെ നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം സമർപ്പിച്ചാൽ ദമ്പതികൾക്ക് ചികിത്സ തുടരാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് കോടതി ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
