ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്. എന്നാൽ നിലവിൽ ഉയർന്നുവരുന്ന ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 8ലെ വ്യോമസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർഷിക വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്ഥാൻ വൈകാതെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പാക് പൈലറ്റുകൾ ചൈനയിൽ പരിശീലനം ആരംഭിച്ചതായും വിവരങ്ങളുണ്ട്. നീക്കം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ഇന്ത്യക്ക് നേരിടാൻ കഴിയാത്ത സാഹചര്യമല്ല നിലവിലുള്ളതെന്ന് എ.പി. സിങ് പറഞ്ഞു. ഒരു യുദ്ധവിമാനം സ്വന്തമാക്കിയതുകൊണ്ട് മാത്രം വ്യോമയുദ്ധത്തിൽ മേൽക്കൈ നേടാനാകില്ലെന്നും, അത് സൈനിക സംവിധാനങ്ങളുമായി എത്രത്തോളം കാര്യക്ഷമമായി സംയോജിപ്പിക്കപ്പെടുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ പക്കൽ നേരത്തെയും അത്യാധുനിക വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് അവയ്ക്ക് കാര്യമായി ഇടപെടാൻ സാധിച്ചില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാന പദ്ധതികൾ വൈകാൻ പാടില്ലെന്നും വ്യോമസേനാ മേധാവി മുന്നറിയിപ്പ് നൽകി. എഎംസിഎ പദ്ധതിയിൽ കാലതാമസം ഉണ്ടായാൽ മറ്റ് ബദൽ മാർഗങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറെ നാളായി കാത്തിരിക്കുന്ന എംആർഎഫ്എ കരാർ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ അന്തിമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫ്രാൻസിൽനിന്ന് സർക്കാർ-സർക്കാർ കരാർ പ്രകാരം 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദേശത്തിന് ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. വിലപേശൽ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57 ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എ.പി. സിങ് വ്യക്തമാക്കി.
വ്യോമസേനയിലെ യുദ്ധവിമാന സ്ക്വാഡ്രണുകളുടെ എണ്ണം കുറയുന്ന സാഹചര്യം പരിഹരിക്കാൻ അടുത്ത ഏതാനും വർഷങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 36 മുതൽ 40 വരെ പുതിയ വിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ ആധുനികീകരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ഇന്ത്യ സ്വന്തമായി യുദ്ധവിമാന എൻജിനുകൾ വികസിപ്പിക്കണമെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. പാകിസ്ഥാന്റെ പുതിയ നീക്കത്തിനൊപ്പം ഇന്ത്യയുടെ യുദ്ധവിമാന ശേഷിയും സാങ്കേതിക സ്വയംപര്യാപ്തതയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
