സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരായ പരിശോധന കർശനമാക്കി സുരക്ഷാ സേന. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 11,819 പേരാണ് അറസ്റ്റിലായത്. ഇതിൽ താമസാനുമതി നിയമങ്ങൾ ലംഘിച്ചവരും, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും, തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിയവരും ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും എത്യോപ്യ, യമൻ പൗരന്മാരാണെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ ഒരുക്കി നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തുന്നതാണ്. കൂടാതെ ഇവർ ഉപയോഗിക്കുന്ന വാഹനങ്ങളും കണ്ടുകെട്ടുമെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകൾ വഴി വിവരം അറിയിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
