‘തൃഷ’ സജീവ രാഷ്ട്രീയത്തിലിറങ്ങിയോ ?

മിഴ് നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാക്കി മധുര നഗരത്തിൽ പുതിയ പോസ്റ്ററുകൾ. പുതുതായി രൂപവത്കരിച്ച ‘തൃഷ വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ പേരിലാണ് നടിയെ പരോക്ഷമായി രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേരുകളുള്ള മണ്ണാണ് മധുര’ എന്ന പോസ്റ്ററുകളിലെ വാചകങ്ങളും തമിഴ്നാട് സർക്കാരിന്റെ അംഗീകാരം ലഭിച്ച ആദ്യ സംഘടനയാണ് തങ്ങളുടെന്ന അവകാശവാദവുമാണ് ഇപ്പോൾ വൻ ചർച്ചയായിരിക്കുന്നത്.

എന്നാൽ ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തൃഷയുടെ അറിവുകളോ സമ്മതമോ ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. 53/2026 എന്ന രജിസ്‌ട്രേഷൻ നമ്പറോടെ പുറത്തിറങ്ങിയ ഈ പോസ്റ്ററുകളിൽ ഭാരവാഹികളുടെ പേരുകളോ സ്ഥാനങ്ങളോ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സംഘടനാ ഭാരവാഹികൾ എന്ന് കരുതപ്പെടുന്ന വെള്ളക്കുപ്പായമണിഞ്ഞ ഒൻപതു യുവാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുമ്പും തൃഷയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പലതവണ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെത്തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തൃഷ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും സജീവമായിരുന്നു. എന്നാൽ തനിക്ക് ടി.വി.കെയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് നടി തന്നെ നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

അതേസമയം, പുതിയതായി പുറത്തുവന്ന തൃഷ വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയെക്കുറിച്ചോ പോസ്റ്ററുകളെക്കുറിച്ചോ തനിക്ക് യാതൊരുവിധ അറിവുമില്ലെന്ന് മധുര സൗത്ത് വിജയ് മക്കൾ ഇയക്കം പ്രസിഡന്റും ടി.വി.കെ. എം.എൽ.എയുമായ എസ്.ആർ. തങ്കപാണ്ടി പ്രതികരിക്കുകയുണ്ടായി. സിനിമാ താരങ്ങളുടെ പേരുകൾ മുൻനിർത്തി ഇത്തരം സംഘടനകളും പോസ്റ്ററുകളും സജീവമാകുമ്പോൾ, തൃഷയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് തമിഴ്നാടൻ രാഷ്ട്രീയ നിരീക്ഷകരും ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *