സിനിമകളിൽ നായികമാരുടെ വസ്ത്രധാരണവും ശരീരപ്രദർശനവും സംബന്ധിച്ച ചർച്ചകൾ എന്നും സജീവമാണ്. കമേഴ്സ്യൽ സിനിമകളുടെ വാണിജ്യ താൽപര്യങ്ങൾക്കായി നായികമാരെ ഒബ്ജക്റ്റിഫൈ ചെയ്യുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ, ‘കോഫി വിത്ത് കരൺ സീസൺ 9’ ടോക്ക് ഷോയിൽ നടി രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരിക്കുകയാണ്. അവതാരകനായ കരണ്‍ ജോഹറുമായുള്ള സംഭാഷണത്തിനിടയിലാണ് ഇരുവരും സിനിമയിലെ വ്യക്തിപരമായ അതിരുകളെക്കുറിച്ചും നേരിടുന്ന സമ്മർദങ്ങളെക്കുറിച്ചും സംസാരിച്ചത്.
ജാൻവി കപൂറും ‘പെദ്ദി’ വിവാദവും
ഈ ചർച്ചയുടെ പ്രധാന പശ്ചാത്തലം രാം ചരൺ നായകനായ ‘പെദ്ദി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. ചിത്രത്തിലെ നായികയായ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ക്യാമറ ആംഗിളുകളും മറ്റ് സീനുകളും നടിയെ ബോധപൂർവം ഒബ്ജക്റ്റിഫൈ ചെയ്യുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. ഇതിനുപിന്നാലെ, തന്റെ കഥാപാത്രത്തിന്റെ ചിത്രീകരണത്തിലും ക്യാമറ ആംഗിളുകളിലും താരം അതൃപ്തി പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരണ്‍ ജോഹർ കമേഴ്സ്യൽ സിനിമകളിലെ നായികമാരുടെ സ്ഥിതിയെക്കുറിച്ചും ജാൻവിക്ക് നേരിടേണ്ടിവന്നതുപോലെയുള്ള അവസ്ഥകൾ കരിയറിൽ വന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും രശ്മികയോട് ചോദിച്ചത്.
“എനിക്കും ചില അതിരുകളുണ്ട്”: രശ്മിക മന്ദാന
കരണ്‍ ജോഹറിന്റെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് രശ്മിക നൽകിയത്. ചില കഥാപാത്രങ്ങൾക്ക് ബിക്കിനിയോ പ്രത്യേക കോസ്റ്റ്യൂമുകളോ ആവശ്യമാണെന്ന് അറിയാമെങ്കിലും, താൻ സ്വയം ചില അതിരുകൾ വരച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. അമിതമായ ശരീര പ്രദർശനത്തോടോ സ്കിൻ ഷോയോടോ തനിക്ക് താൽപര്യമില്ലെന്നും, വാണിജ്യ സിനിമകൾ ചെയ്യുമ്പോൾ താൻ കംഫർട്ടബിൾ അല്ലാത്ത വസ്ത്രങ്ങൾ ഒഴിവാക്കാറുണ്ടെന്നും രശ്മിക കൂട്ടിച്ചേർത്തു. അത്തരം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും അതിരുകളെയും ബഹുമാനിക്കുന്ന സംവിധായകരെയാണ് താൻ എപ്പോഴും തിരഞ്ഞെടുക്കാറുള്ളതെന്നും താരം വ്യക്തമാക്കി.‘നോ പറയാൻ ഒരു സപ്പോർട്ട് സിസ്റ്റം വേണം’: വിജയ് ദേവരക്കൊണ്ട
സിനിമയിലെ നായികമാർ ഇത്തരം കാര്യങ്ങളിൽ നിലപാടുകൾ എടുക്കുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് വിജയ് ദേവരക്കൊണ്ട തുറന്നുപറഞ്ഞു. ഒരു സിനിമയ്ക്കായി കരാർ ഒപ്പിട്ടുകഴിഞ്ഞാൽ, നായികമാർക്ക് സ്വന്തം കംഫർട്ടിനെക്കുറിച്ച് സംസാരിക്കുന്നത് വലിയ പ്രയാസമായി മാറുന്നുണ്ട്. നായകൻമാരോ സംവിധായകരോ നമ്മളെ പ്രഫഷനൽ അല്ലാത്തവരായി കാണുമോ എന്ന ഭയം കാരണം പല നടിമാരും തങ്ങൾക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ പോലും മനസ്സില്ലാ മനസ്സോടെ ചെയ്തുതീർക്കുകയാണ് പതിവ്. ഈ സാഹചര്യത്തിൽ അഭിനേതാക്കൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, തങ്ങളുടെ നിലപാടുകൾ തുറന്നുപറയാനും ‘നോ’ പറയാനും ധൈര്യം പകരുന്ന ഒരു ശക്തമായ സപ്പോർട്ട് സിസ്റ്റം അത്യാവശ്യമാണെന്ന് വിജയ് ദേവരക്കൊണ്ട പറഞ്ഞു.
തനിക്ക് വല്ലപ്പോഴും ഉണ്ടാകുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും തന്റെ പങ്കാളിയോടു പങ്കുവയ്ക്കാറുണ്ടെന്നും, തനിക്ക് പറയാനുള്ളത് തുറന്നുപറയാൻ വിജയ് തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും രശ്മികയും വ്യക്തമാക്കി. കരിയറിൽ ഇത്തരം വിഷയങ്ങളിൽ തുറന്ന ചർച്ചകൾ നടക്കുന്നത് അഭിനേതാക്കളുടെ മേലുള്ള മാനസിക ഭാരം കുറയ്ക്കാൻ ഏറെ സഹായിക്കുമെന്നാണ് ഇരുവരും അഭിപ്രായപ്പെടുന്നത്. വാണിജ്യ സിനിമകളുടെ അതിരുകൾക്കപ്പുറം അഭിനേതാക്കളുടെ അന്തസ്സും തിരഞ്ഞെടുപ്പുകളും മാനിച്ച് സിനിമകൾ നിർമിക്കപ്പെടുന്ന ഒരു പുതിയ മാറ്റത്തിലേക്കാണ് ഇത്തരം ചർച്ചകൾ വിരൽ ചൂണ്ടുന്നത്.
