സയൻസ് അക്കാദമികളുടെ സമ്മർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര അക്കാദമികൾ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം (SRFP 2027) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, പ്രയാഗ്‌രാജിലെ നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്നിവയുടെ നേതൃത്വത്തിലാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞരോടൊപ്പം ഹ്രസ്വകാല ഗവേഷണ പദ്ധതികളിൽ പങ്കാളികളാകാനുള്ള അപൂർവ്വ അവസരമാണ് ഈ ഫെലോഷിപ്പിലൂടെ ലഭിക്കുന്നത്.

യുജിസി, എഐസിടിഇ, എംസിഐ തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങൾക്ക് കീഴിലുള്ള കോളേജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ പ്രോഗ്രാമിനായി അപേക്ഷിക്കാം. ബിഎസ്സി, ബിടെക്, ബിഇ, ബിഫാം, എംഎസ്സി, എംടെക് തുടങ്ങി വിവിധ ബിരുദ, ബിരുദാനന്തര, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇതിലേക്ക് യോഗ്യതയുണ്ട്. എന്നാൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഇതിൽ അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസ് മുതൽ പ്രധാന വിഷയങ്ങളിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് നേടിയിരിക്കണം, അതേസമയം അധ്യാപകർക്ക് ഈ കുറഞ്ഞ മാർക്ക് നിബന്ധന ബാധകമല്ല.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അക്കാദമികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ ias.ac.in, insaindia.res.in, nasi.ac.in എന്നിവ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 നവംബർ 30 ആണ്. അപേക്ഷകർ തങ്ങളുടെ പത്താം ക്ലാസ് മുതലുള്ള മാർക്ക് ഷീറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ JPEG ഫോർമാറ്റിൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

ഇതോടൊപ്പം, സ്വന്തം താൽപ്പര്യ മേഖലയെക്കുറിച്ചും ഫെലോഷിപ്പിലൂടെ കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചും വിവരിക്കുന്ന 150-200 വാക്കുകളിൽ കവിയാത്ത കുറിപ്പും ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഭാവിയിലെ ആവശ്യങ്ങൾക്കായി ഉദ്യോഗാർത്ഥികൾ സൂക്ഷിച്ചുവെക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *