വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പ് നവവധുവിന് നേരെ സ്ത്രീധന പീഡനം. സൗദി അറേബ്യയിൽ വെച്ച് ലാപ്ടോപ്പ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് യുവതി ചവറ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പരിമളം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇവരുടെ അറേഞ്ച്ഡ് മാര്യേജ്. വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും, കുറച്ചുകഴിഞ്ഞതോടെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നു. മറ്റൊരാളുടെ വിവാഹത്തിന് നൽകിയതുപോലെ അമ്പത് പവനും കാറും സ്ത്രീധനമായി കൊണ്ടുവന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. യുവതിയുടെ ഫോൺ അടക്കം പരിശോധിച്ച ശേഷം നിരന്തരം ഉപദ്രവിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ കൊടിയ പീഡനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിയ നന്ദു യുവതിയെയും സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ചും അതിക്രൂരമായ മർദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് യുവതി പോലീസിനെ സമീപിച്ചിരിക്കുന്നത്. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ ചവറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
