ഫ്രാൻസിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഈ നിർണായക ചോദ്യങ്ങളെ വീണ്ടും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ വ്യാപിച്ച അക്രമ സംഭവങ്ങൾക്കും കൊള്ളകൾക്കും പിന്നാലെ, നിയമവിരുദ്ധമായ പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തിയിരിക്കുകയാണ്. തീവ്ര ഇടതുപക്ഷ സംഘടനകളുടെ രാഷ്ട്രീയ നീക്കങ്ങളും അക്രമം നടത്താനുള്ള സംഘങ്ങളുടെ പ്രവർത്തനങ്ങളും രാജ്യത്തിന്റെ റിപ്പബ്ലിക്കൻ സംവിധാനത്തെ തന്നെ തകർക്കാനുള്ള ശ്രമങ്ങളാണെന്ന കടുത്ത ആരോപണമാണ് മാക്രോൺ ഉന്നയിച്ചിരിക്കുന്നത് .
ഇതൊരു വെറുമൊരു പ്രതിഷേധ നിയന്ത്രണത്തിന്റെ വാർത്തയല്ല. ജനാധിപത്യത്തിന്റെ പേരിൽ തെരുവുകളിൽ അക്രമം അഴിച്ചുവിടുന്ന ശക്തികളോട് ഒരു ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തെ കുറിച്ചുള്ള നിർണായകമായ ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണിത്. ഫ്രാൻസിലെ തെരുവുകളിൽ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം ഇത്രയും ശക്തമായ സുരക്ഷാ നടപടികളിലേക്ക് നീങ്ങുന്നത്?
ഒക്ടോബർ 22-ന് മുതിർന്ന ,മന്ത്രിമാരുമായും രഹസ്യാന്വേഷണ വിഭാഗം മേധാവികളായും നടത്തിയ അടിയന്തര ചർച്ചയ്ക്ക് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സുരക്ഷാ നയം വ്യക്തമാക്കിയത് . കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളെ പരാമർശിച്ചുകൊണ്ട്, രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ ചില തീവ്ര ഇടതുപക്ഷ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് ഭരണകൂടം വിലയിരുത്തുന്നു. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം നേരിടാൻ പ്രതിരോധ കൗൺസിൽ യോഗം ചേരുകയും, അക്രമസാധ്യത കണക്കിലെടുത്ത് തെരുവുകളിൽ സൈനികരെ വരെ വിന്യസിക്കുന്ന കാര്യം സജീവമായി പരിഗണിക്കുകയും ചെയ്യുന്നുണ്ട് .
ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സമാധാനപരമായി തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന തൊഴിലാളി സംഘടനകൾക്കും മറ്റു വിഭാഗങ്ങൾക്കും പ്രതിഷേധിക്കാനുള്ള അവസരം പൂർണ്ണമായും അനുവദിക്കുമ്പോൾ തന്നെ, അതിനെ അക്രമത്തിലേക്ക് തിരിച്ചുവിടുന്ന കൂട്ടായ്മകളെ കർഷനമായി നിയന്ത്രിക്കാനാണ് ഫ്രഞ്ച് ഭരണകൂടം ഒരുങ്ങുന്നത് . അക്രമസാധ്യതയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടം ഉണ്ടാകാതിരിക്കാൻ പ്രതിഷേധ റാലികളുടെ പാത മാറ്റുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തുന്നത്. ഫ്രാൻസിലെ സ്ഥിതിഗതികൾ എത്രത്തോളം ഗൗരവമുള്ളതാണെന്ന് പാരീസിലെ തെരുവുകളിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പ്രമുഖ ആഡംബര ബ്രാൻഡായ ഹെർമേഴ്സ് (Hermès) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ഷോറൂമുകളുടെ ജനാലകളും വാതിലുകളും സംരക്ഷണ ബോർഡുകൾ ഉപയോഗിച്ച് മറയ്ക്കാൻ തുടങ്ങി . ഒരു രാജ്യത്തിന്റെ പ്രധാന നഗരത്തിൽ വ്യാപാരികൾക്ക് സ്വന്തം കടകൾ സംരക്ഷിക്കാൻ ഇത്തരം മുൻകരുതലുകൾ എടുക്കേണ്ടി വരുന്നത് സാധാരണ സംഭവമല്ല. അക്രമികൾ തെരുവുകൾ കൈയടക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് രാഷ്ട്രീയ നേതാക്കൾക്കല്ല, മറിച്ച് സ്വന്തം അധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുന്ന സാധാരണക്കാരനാണ് . ചെറിയ കടയുടമകളുടെ വരുമാനം നഷ്ടപ്പെടുന്നു, ജീവനക്കാരുടെ തൊഴിൽ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു, പൊതുഗതാഗതം സ്തംഭിക്കുന്നു. നിലവിലെ അടിയന്തര സാഹചര്യം പ്രമാണിച്ച് പാരീസ്, ലിയോൺ, ലില്ലെ, ഗ്രേനോബിൾ തുടങ്ങിയ പ്രധാന ഫ്രഞ്ച് നഗരങ്ങളിലെ പ്രതിഷേധങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു . പാരീസിലെ പല മെട്രോ സ്റ്റേഷനുകളും സുരക്ഷ മുൻനിർത്തി അടച്ചിട്ടു. അക്രമസാധ്യതയുള്ള മേഖലകളിൽ രാത്രികാല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയിൽ പോലും കടകൾ കൊള്ളയടിക്കപ്പെടുകയും വാഹനങ്ങൾ കത്തിക്കപ്പെടുകയും പോലീസിന് നേരെ അക്രമം ഉണ്ടാവുകയും ചെയ്യുന്നത് ഭരണകൂടത്തിന് കൈയും കെട്ടി നോക്കിനിൽക്കാനാവില്ല . യഥാർത്ഥത്തിൽ ഈ പ്രതിഷേധങ്ങളുടെ തുടക്കം സ്കൂളുകളിൽ ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള അക്കാദമിക് വിഷയങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകളിൽ നിന്നായിരുന്നു . ക്രൈറ്റേയിലെ ഒരു ഹൈസ്കൂളിൽ തുടങ്ങിയ വിദ്യാലയ തല പ്രതിഷേധങ്ങൾ പിന്നീട് ക്ലാസ് ബഹിഷ്കരണങ്ങളായും വഴിതടയലുകളായും മാറി പാരീസിന്റെ സമീപ പ്രദേശങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും പടരുകയായിരുന്നു . എന്നാൽ ഇവിടെയാണ് പ്രധാന ചോദ്യം ഉയരുന്നത്: ഒരു സാധാരണ പ്രശ്നത്തിന്റെ പേരിൽ ആരംഭിക്കുന്ന പ്രതിഷേധങ്ങൾ പിന്നീട് അക്രമങ്ങളിലേക്ക് വഴിമാറുമ്പോൾ ഇതിന്റെ നിയന്ത്രണം യഥാർത്ഥത്തിൽ ആരുടെ കയ്യിലാണ് എത്തുന്നത്? വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഭരണകൂടം ജനങ്ങളുടെ പരാതികൾ കേൾക്കുകയും വേണം. എന്നാൽ ഈ വിഷയങ്ങളെ മുൻനിർത്തി തെരുവുകളിൽ അക്രമം പടർത്താനും രാജ്യത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ഏതെങ്കിലും രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ തിരിച്ചറിയേണ്ടത് ഭരണകൂടത്തിന്റെ കടമയാണ് . ഫ്രാൻസിലെ വിദ്യാർത്ഥി സംഘടനകൾക്കൊപ്പം ചില തീവ്ര ഇടത് രാഷ്ട്രീയ സംഘങ്ങളും അക്രമത്തിൽ പങ്കെടുക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഗൗരവത്തോടെയാണ് അധികാരികൾ കാണുന്നത്. ഈ വിഷയം നമ്മുടെ ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വളരെ പ്രസക്തമാണ് . ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായ ഒന്നാണ്. എന്നാൽ അതേ സമയം തന്നെയല്ലേ മറ്റുള്ളവരുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടത്? പൊതുമുതൽ നശിപ്പിക്കാനും, ജനജീവിതം സ്തംഭിപ്പിക്കാനും, നിയമം കയ്യിലെടുക്കാനും ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പേരിൽ ആർക്കും പ്രത്യേക അവകാശമില്ല. സമരത്തിന്റെ ലക്ഷ്യം എത്ര മഹത്തരമാണെന്ന് അവകാശപ്പെട്ടാലും അക്രമത്തിന് നിയമപരമായ ഉത്തരവാദിത്വം ഉണ്ടായേ തീരൂ.
