തരംഗമായി ‘ജയിലർ 2’! ബോക്‌സ് ഓഫീസിൽ കുതിപ്പ്

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘ജയിലർ 2’ തിയേറ്ററുകളിൽ വൻ മുന്നേറ്റം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തിയ ചിത്രം, റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 680 കോടി രൂപ കളക്ഷൻ നേടിയതായി സാൿനിൽക്കിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസായി 800 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയത്. ആദ്യ ദിനം മാത്രം 4000 ഷോകളാണ് കേരളത്തിൽ പ്രദർശിപ്പിച്ചത്. മലയാളത്തിന്റെ മെഗാതാരം മോഹൻലാലിന്റെ സാന്നിധ്യമാണ് കേരളത്തിലെ വലിയ സ്വീകരണത്തിന് പ്രധാന കാരണം. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും മാസ്സ് പ്രകടനവുമായി വീണ്ടുമെത്തിയത് മലയാളി പ്രേക്ഷകരുടെ ആവേശം വർദ്ധിപ്പിച്ചു.ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിൽ ലഭ്യമാകും. എന്നാൽ സ്ട്രീമിംഗ് തീയതി നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും കളത്തിലിറങ്ങുമ്പോൾ കന്നഡ താരം ശിവ രാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *