യു.പി. തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും തിരിച്ചടി; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

ഉത്തർപ്രദേശിലെ എസ്.ഐ.ആർ വോട്ടർ പട്ടിക പുതുക്കലിൽ വീണ്ടും ഗുരുതരമായ പിഴവ് കണ്ടെത്തി. അസംഗഢ് മണ്ഡലത്തിൽ ‘വികാസ് യാദവ്’ എന്ന ഒരേ പേരിൽ 11 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് ഈ ഗുരുതര പിഴവ് പരസ്യമായി ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരിശോധനയിൽ വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.

യഥാർത്ഥത്തിൽ ഒരാൾ മാത്രമുള്ളപ്പോഴാണ്, ഒരേ ജനനത്തീയതിയും വിവരങ്ങളും നൽകി 11 പേരുടെ പേരുകൾ വികാസ് യാദവ് എന്ന പേരിൽ മാത്രം വോട്ടർ പട്ടികയിൽ ചേർത്തത്. പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഞ്ച് ബി.എൽ.ഒ.മാരെയും ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും ജോലിയിൽ നിന്ന് നീക്കം ചെയ്തു. കൂടാതെ ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കും രണ്ട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും എതിരെ വകുപ്പുതല നടപടികൾക്കും കേസെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക സമഗ്രമായി പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ അധികാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *