യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ അധികമാകുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. ലക്ഷണങ്ങളൊന്നും ആദ്യഘട്ടത്തിൽ പ്രകടമാകില്ലെങ്കിലും ചികിത്സിക്കാതിരുന്നാല് ഇത് വൃക്കകളെ ബാധിക്കുകയും ഹൃദയാഘാതത്തിനു പോലും കാരണമാകുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ സാധ്യതാ ഘടകങ്ങൾ ഇല്ലെങ്കിലും യൂറിക് ആസിഡിന്റെ അളവ് വളരെ കൂടിയാൽ അത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. റെഡ് മീറ്റ്, കരൾ പോലുള്ള ഓർഗൻ മീറ്റ്, ബേക്കൺ, കടൽവിഭവങ്ങളായ നത്തൽ അഥവാ കൊഴുവ, മത്തി, കക്ക തുടങ്ങിയ പ്യൂരിൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ ഇവയുടെ അളവ് കുറയ്ക്കുകയോ ചെയ്യണം. ഇവ കഴിക്കുകയാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം വളരെ ചെറിയ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക മദ്യം ചെറിയ അളവിൽ പോലും ദോഷകരമാണ്; പ്രത്യേകിച്ചും ബിയർ. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടും.
വെളളം ധാരാളമായി കുടിക്കുന്നത് വഴി വൃക്കകൾക്ക് കൂടുതൽ ഫലപ്രദമായി യൂറിക് ആസിഡിനെ പുറന്തള്ളാൻ സാധിക്കും. കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും ദിവസേന കുടിക്കാൻ ശ്രദ്ധിക്കാം. വെള്ളം കുടിക്കാൻ പറ്റുന്നില്ലെങ്കിൽ നാരങ്ങയോ കുക്കുമ്പറോ ഇഞ്ചിയോ ചേർത്ത ഡീടോക്സ് പാനീയം കുടിക്കാം.അമിതഭാരം യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും ഹൃദയത്തിന് മേൽ ആയാസം വർദ്ധിപ്പിക്കുകയും ചെയ്യും. സമീകൃത ഭക്ഷണത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും യൂറിക് ആസിഡിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
കൊഴുപ്പു കുറഞ്ഞ പാലുൽപന്നങ്ങൾ കൊഴുപ്പുകുറഞ്ഞ പാലും യോഗർട്ടും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
സോഫ്റ്റ് ഡ്രിങ്കുകളിലും പ്രോസസ് ചെയ്ത മിക്ക ഭക്ഷണങ്ങളിലും അടങ്ങിയ ഷുഗർ ആയ ഫ്രക്ടോസ്, യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും.
ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും മാറ്റങ്ങൾ ഇല്ലെങ്കിൽ യൂറിക് ആസിഡ് കുറയാൻ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക. യൂറിക് ആസിഡിന്റെ ഉൽപാദനം കുറയ്ക്കാനും ശരീരം അതിനെ ഫലപ്രദമായി നീക്കം ചെയ്യാനും ചില മരുന്നുകൾ സഹായിക്കും.