ത്രികോണ മത്സരത്തിലേക്ക് ബംഗാൾ രാഷ്ട്രീയം;

ബംഗാളിൽ സിപിഎം ശക്തിപ്പെടുന്നു എന്നത് , ബി.ജെ.പി മാത്രമല്ല, തൃണമൂൽ കോൺഗ്രസ്സ് പോലും അംഗീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ബിജെപി നേതാക്കൾ റീൽസ് ചിത്രീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോൾ, സി.പി.എമ്മും പോഷക സംഘടനകളും, കരുത്താർജിക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി, പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെ മുതിർന്ന ബിജെപി എംഎൽഎ അമർനാഥ് സാഖ രംഗത്ത് വന്നതോടെ, വിഷയത്തിൽ ഇപ്പോൾ ബി.ജെ.പി ദേശീയ നേതൃത്വം തന്നെ ഇടപ്പെട്ടിരിക്കുകയാണ്.

സി.പി.എം ശക്തിയാർജിക്കുന്നത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ്സിനെ പിന്തുണച്ചിരുന്ന മുസ്ലിം സമൂഹം, പതിയെ സി.പി.എം കൂടാരത്തിലേക്ക് മടങ്ങുന്നത്, വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പുതിയ ഭീഷണിയായി മാറുമെന്നതാണ് കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നറിയിപ്പ്.

“സംസ്ഥാനത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം, സോഷ്യൽ മീഡിയ റീലുകളിലൂടെ ഫോളോവേഴ്‌സിനെ കൂട്ടാനാണ് നേതാക്കൾ സമയം കണ്ടെത്തുന്നതെന്ന” എം എൽ എയുടെ വിമർശനത്തെ സ്വയം വിമർശനമായി സംസ്ഥാന നേതാക്കൾ ഉൾക്കൊള്ളണമെന്ന അഭിപ്രായം, അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾക്കുമുണ്ട്.

ഇതോടെ, പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലെ ഒൻഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അമർനാഥ് സാഖയുടെ അഭിപ്രായം, ദേശീയ നേതൃത്വത്തിൻ്റെ കൂടി അഭിപ്രായമായാണ് ഇപ്പോൾ മാറിയിരിക്കുന്നത്.

ഭരണം പോയതോടെ പകച്ച് പോയ അവസ്ഥയിൽ തൃണമൂൽ കോൺഗ്രസ്സ് നിൽക്കുമ്പോൾ,
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം, ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് അഴിച്ച് വിട്ടിരിക്കുന്നത്. സി.പി.എം മാത്രമല്ല , അവരുടെ പോഷക സംഘടനകളായ എസ് എഫ് ഐയും ഡിവൈഎഫ്ഐയും , ശക്തമായ പ്രതിഷേധമാണ് പശ്ചിമ ബംഗാളിൽ നടത്തി വരുന്നത്. ഈ പ്രക്ഷോഭങ്ങളിൽ എല്ലാം തന്നെ, വലിയ പങ്കാളിത്ത്വവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രംഗത്ത് ഇനിയും വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടത് സഖ്യത്തിന് സാധിച്ചിട്ടില്ലെങ്കിലും, അവരുടെ ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാൻ, ബിജെപി പരാജയപ്പെടുന്നു എന്നത് ഒരു വസ്‌തുത തന്നെയാണ്.

പശ്ചിമ ബംഗാൾ സർക്കാരിനെതിരായ ജനവികാരമൊരുക്കാൻ ഇത്തരത്തിൽ ഇടതുപക്ഷത്തിന് കഴിഞ്ഞാൽ, തൃണമൂൽ കോൺഗ്രസ്സ് ഭരണത്തിൽ ഇല്ലാത്ത പുതിയ സാഹചര്യത്തിൽ, മതനിരപേക്ഷ വോട്ടുകളെ ഇടത്തോട്ട് കേന്ദ്രീകരിപ്പിച്ച്, തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും ഇനി മുന്നേറ്റമുണ്ടാക്കാൻ ഇടതുപക്ഷത്തിന് എളുപ്പത്തിൽ കഴിയും. ഇതു തന്നെയാണ് ഇപ്പോൾ ബിജെപിയുടെയും ഉറക്കം കെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *