ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ കാറിന് തീപിടിച്ചു;

രാജസ്ഥാനിലെ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത്.കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം കാറിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയും ചെയ്തു.

കാറിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം പ്രവർത്തനരഹിതമായതിനാൽ ഉള്ളിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. പുറത്തുനിന്ന് രക്ഷാപ്രവർത്തനം തുടങ്ങുന്നതിന് മുൻപേ കാർ പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിശമനസേനയും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.കാറിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചവർ സിഖർ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദൗസയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദൗസ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സ്പ്രസ് വേയിലെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *