മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി കോടികള്‍ വെട്ടിച്ചെന്ന കേസില്‍ സിപിഎം ഭരിക്കുന്ന മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് മുന്‍ പ്രസിഡന്റുമാരും ആറ് സെക്രട്ടറിമാരുമുള്‍പ്പെടെ 23 പേര്‍ക്ക് വിജിലന്‍സ് കുറ്റപത്രം.
6,26,07,003 രൂപ വെട്ടിച്ചെന്ന കേസിലാണ് വിധി. ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കോവുന്തല കൂടാരം കെ.സി. അനില്‍കുമാര്‍, അടിച്ചേരി ചിറ്റിക്കുന്നോന് സി. സുധാമണി, മുന്‍ പഞ്ചായത്ത് സെക്രട്ടറിമാരായ ടി.പി. സഹദേവന്, ജി.എസ്. ശ്രീലേഖ , പടിയൂര്‍ പുത്തന്‍പറമ്പില്‍ മിഥുന് നിവാസില്‍ കെ.പി. രാമകൃഷ്ണന്, സിപിഎം, സിഐടിയു നേതാക്കളായ അഡൂര്‍ പൂഴിത്തൊഴിലാളി കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ അമ്പിലോത്ത് എ.നാരായണന്, പടപ്പക്കരി കൃഷ്ണ നിവാസില്‍ കെ.കെ. കുഞ്ഞിക്കൃഷ്ണന്, അടിച്ചേരി കണ്ടത്തില്‍ കെ.വി. സുധാകരന്, കോവുന്തല പയ്യന് പുത്തന്‍വീട്ടില്‍ പി.പി. മാധവന്, അഡൂര്‍ കോവുന്തല പൂഴിത്തൊഴിലാളി കമ്മിറ്റി മുന്‍ കണ്‍വീനര്‍മാരായ മലപ്പട്ടം കൊവുന്തല മഞ്ഞേരി സി.കെ. ഷാജി, കളംകണ്ടിയില് ഹൗസില്‍ സി.കെ. അസീസ്, ചൂളിയാട് പൂഴിത്തൊഴിലാളി കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ മലപ്പട്ടം അഡുവാപ്പുറം കാലിക്കര കെ. നാരായണന്, രാമപുരം ഹൗസില്‍ എം.എം. സജിത്ത്, കോയ്യോടന്‍ കോറോത്ത് കെ.കെ. ഗോപാലന് എന്നിവര്‍ക്ക് കുറ്റപത്രം നല്‍കിയത്.
2007-12ല്‍ മണലെടുപ്പിനുള്ള കടവുകമ്മിറ്റികള്ക്കു പകരം നിയമ വിധേയമല്ലാതെ സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തി പൂഴിത്തൊഴിലാളി കമ്മിറ്റിയുണ്ടാക്കിയാണ് മണല്‍ വാരി വിറ്റത്.മലപ്പട്ടം സര്‍വീസ് സഹ. ബാങ്കിലെ നാല് അക്കൗണ്ടുകളിലായി 8,33,18,974 രൂപയയെത്തി. എന്നാല്‍ ബാങ്കിലെ വിറ്റുവരവ് രജിസ്റ്ററില്‍ 2,07,11,971 രൂപ മാത്രമാണ് കാണിച്ചത്. 6,26,07,003 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പ്രതികള്‍ അന്യായമായി നേട്ടമുണ്ടാക്കിയെന്നുമാണ് കേസ്. കാലങ്ങളായി മൃഗീയ ഭൂരിപക്ഷത്തില്‍ എതിരാളികള്‍ പോലുമില്ലാതെ സിപിഎം ഭരണം കയ്യാളുന്ന പഞ്ചായത്താണ് മലപ്പട്ടം .
