ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കാനിരിക്കുന്ന മെഗാ പ്രതിഷേധത്തിന് മുന്നോടിയായി തങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ അറസ്റ്റ് നീക്കം നടത്തുന്നതായി കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സി.ജെ.പി വക്താവ് സൗരവ് ദാസ്, പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, രത്ന തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതായാണ് ആരോപണം. ഇത്തരം നടപടികൾ കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താമെന്നത് കേന്ദ്ര സർക്കാരിന്റെ തെറ്റിദ്ധാരണ മാത്രമാണെന്നും, നേതാക്കൾ കസ്റ്റഡിയിലായാലും യുവജന പോരാട്ടം ശക്തമായി മുന്നോട്ട് പോകുമെന്നും സൗരവ് ദാസ് വ്യക്തമാക്കി. ഇതിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമാക്കി അഭിജീത് ദിപ്കെയും രംഗത്തെത്തി. “എത്ര പേരെ നിങ്ങൾ അറസ്റ്റ് ചെയ്യും അമിത് ഷാ? ഒക്ടോബർ 10-ന് രാജ്യം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തും” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
