തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ്, ഫലമൊക്കെ വന്ന്, ദിവസങ്ങളായി യുഡിഎഫ് ദാ സുഖമായി ഭരണം തുടങ്ങി. തോറ്റു തൊപ്പിയിട്ട സി.പി.എം ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കുമോ, തെറ്റുകൾ തിരുത്തുമോ എന്ന് കരുതിയവർക്ക് തെറ്റി! തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും എകെജി സെന്ററിലും താഴേത്തട്ടിലും പുകയുന്ന ആ ആഭ്യന്തര പൊട്ടിത്തെറി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോൾ അത് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ കൊടുത്ത ആ വമ്പൻ അടിയിൽ നിന്ന് സഖാക്കൾ ഇപ്പോഴും മുക്തരായിട്ടില്ല. അതിനിടയിലാണ് പാർട്ടിയുടെ രണ്ട് പരമാധികാരികളായ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സ്വന്തം അണികൾ തന്നെ വടിയും കുത്തിപ്പിടിച്ച് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ചാനലുകളിലും വലിയ ചർച്ചയാകുന്നത് ഏരിയ കമ്മിറ്റിയിൽ നടന്ന ആ കനത്ത വിചാരണയാണ്. മറ്റൊന്നുമല്ല, തോൽവിയുടെ മുഖ്യ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ അടിയന്തരമായി രാജിവയ്ക്കണം എന്നാണ് സ്വന്തം പാർട്ടിയിലെ സഖാക്കൾ ഇപ്പോൾ വിളിച്ചു പറയുന്നത്! തോറ്റിട്ടും തോൽവി സമ്മതിക്കാതെ കസേരയിൽ കടിച്ചുതൂങ്ങുന്ന നേതാക്കളെ അണികൾ തന്നെ വലിച്ചുകീറി ഒട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കാണുന്നത്. അപ്പോൾ എന്താണ് ഈ ദിവസങ്ങളിലും സി.പി.എമ്മിനുള്ളിൽ ശരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമുക്ക് ഓരോന്നായിട്ട്, വിശദമായി തന്നെ പരിശോധിക്കാം.
ഈ ദിവസങ്ങളിൽ പാർട്ടി കമ്മിറ്റികളിൽ ഏറ്റവും പ്രധാനമായി ചർച്ചയാവുന്നത് മറ്റൊന്നുമല്ല, കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ റൈഡും നടപടികളുമാണ്. ഇത്രയും കാലം കേന്ദ്രം പാർട്ടിയെ വേട്ടയാടുന്നു, കമ്മ്യൂണിസത്തെ തകർക്കാൻ നോക്കുന്നു എന്നൊക്കെ പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കിയ നേതൃത്വത്തിന്റെ മുഖത്തടിച്ചപോലെയുള്ള മറുപടിയാണ് കൊല്ലം ഏരിയ കമ്മിറ്റിയിൽ നിന്ന് വന്നിരിക്കുന്നത്. സഖാക്കൾ വളരെ കൃത്യമായി, സാമാന്യ ബുദ്ധിയിൽ നിന്ന് ഒരു കാര്യം അങ്ങ് പറഞ്ഞു; ‘പിണറായി വിജയനെതിരെ ഇ.ഡി വന്നാൽ തടയാൻ ഞങ്ങൾ ഉണ്ടാകും, കാരണം അദ്ദേഹം പാർട്ടിയുടെ നേതാവാണ്. എന്നാൽ അദ്ദേഹത്തിന്റെ മകൾക്കെതിരെ അന്വേഷണം വന്നാൽ അതിലേക്ക് പാർട്ടിക്കാരെയും അണികളെയും വിളിക്കരുത്!’ എങ്ങനെയുണ്ട്? നേതാക്കളുടെ കുടുംബ ബിസിനസ്സുകൾക്കും, മാസാപ്പടി വിവാദങ്ങൾക്കും, അഴിമതികൾക്കും കാവൽ നിൽക്കേണ്ട ബാധ്യത സ്വന്തം കീശയിൽ നിന്ന് പൈസയെടുത്ത് ഫ്ലെക്സ് അടിക്കുന്ന സാധാരണക്കാരായ പാർട്ടിക്കാർക്കില്ലെന്ന് അണികൾ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേതാക്കളുടെ മക്കൾ കോടികൾ സമ്പാദിക്കുമ്പോൾ അടി വാങ്ങാനും ഇ.ഡി ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിക്കാനും തങ്ങളെ കിട്ടില്ലെന്ന ഈ നിലപാട് പാർട്ടിയുടെ ഇരട്ടത്താപ്പിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ്.
അടുത്ത പരിഹാസം മറ്റൊന്നിനെക്കുറിച്ചുമല്ല. തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റു തൊപ്പിയിട്ടിട്ടും, നാണംകെട്ട് തകർന്നിട്ടും, ഒരു പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ ഈ പാർട്ടിക്ക് ഉള്ളിൽ വോട്ടെടുപ്പ് നടത്തേണ്ടി വന്ന ആ ഒരു അവസ്ഥയുണ്ടല്ലോ, അതിനെയാണ് അണികൾ ഇപ്പോൾ രൂക്ഷമായി പരിഹസിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവിലേക്ക് പ്രൊമോഷനാണോ ഡീപ്രൊമോഷനാണോ എന്ന് അറിയില്ല, എന്തായാലും ആ കസേരയിൽ വന്നിരുന്ന പിണറായി വിജയൻ അടിയന്തരമായി രാജിവയ്ക്കണമെന്നാണ് ഇപ്പൊൾ കൊല്ലം ജില്ലാ കമ്മിറ്റിയിലെ സഖാക്കൾ ശക്തമായി ആവശ്യപ്പെടുന്നത്. പ്രായപരിധി ഇളവ് നൽകിയത് ഭരിക്കാൻ മാത്രമായിരുന്നു എന്നും, തോറ്റതിന് ശേഷം പ്രതിപക്ഷ നേതാവായി വന്ന് ഇരിക്കാനല്ല എന്നുമാണ് താഴേത്തട്ടിൽ നിന്നുള്ള ചോദ്യം. അപ്പുറത്ത് യുഡിഎഫ് നിരയിൽ പുതിയ മുഖ്യമന്ത്രിയായി 6 പ്രകടനം നടത്തുമ്പോൾ, ഇപ്പുറത്ത് തോൽവിയുടെ ഭാരവും പേറി, പിണറായി വിജയൻ തന്നെ വീണ്ടും പ്രതിപക്ഷ നിരയെ നയിക്കാൻ വരുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് സഖാക്കൾ പറയുന്നത്. ഇത്തരം ശാഠ്യങ്ങൾ പാർട്ടിയെ കൂടുതൽ നാണക്കേടിലേക്ക് മാത്രമേ എത്തിക്കൂ എന്ന് അണികൾക്ക് ബോധ്യമായിക്കഴിഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എക്കാലത്തും വ്യക്തിപൂജകൾക്ക് എതിരായിരുന്നു എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത് എന്താണ്? ഒരു വലിയ ടി.വി. കമ്പനിയുടെ പരസ്യം പോലെ പിണറായി വിജയന്റെ പടം മാത്രം വെച്ച് നാട് മുഴുവൻ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. പാർട്ടിയല്ല പ്രധാനം, വ്യക്തിയാണ് പ്രധാനം എന്ന രീതിയിൽ കോടികൾ മുടക്കി നടത്തിയ ഈ പി.ആർ. തന്ത്രങ്ങൾ ജനങ്ങളിൽ വൻ വെറുപ്പാണ് ഉണ്ടാക്കിയതെന്ന് അണികൾ ഇപ്പോൾ തുറന്നു സമ്മതിക്കുന്നു. ഇത്തരം കാലഹരണപ്പെട്ട ബുദ്ധികൾ ഉപദേശിച്ചു കൊടുത്ത പി.ആർ. കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നാണ് ഏരിയ കമ്മിറ്റിയിൽ ഉയർന്ന മറ്റൊരു ആവശ്യം. കാശുകൊടുത്ത് ഇമേജ് കൂട്ടാൻ നോക്കിയ പി.ആർ ഏജൻസികൾ പാർട്ടിയെ കുഴിയിൽ ചാടിച്ചു എന്ന് സഖാക്കൾ തന്നെ പറയുമ്പോൾ നേതൃത്വത്തിന് മറുപടിയില്ലാതാവുകയാണ്.
പിണറായി വിജയൻ മാത്രമല്ല, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ ദിവസങ്ങളിൽ കടുത്ത വിചാരണ നേരിടുകയാണ്. മറ്റുള്ളവരുടെ കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ഗോവിന്ദൻ മാസ്റ്റർ സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ കാണിച്ച ആവേശം പാർട്ടിയിലെ അണികളുടെ വിശ്വാസ്യത പൂർണ്ണമായി തകർത്തു കളഞ്ഞു. അങ്ങനെയൊരു തീരുമാനത്തോടെ സാധാരണക്കാരായ സഖാക്കൾക്ക് പാർട്ടിയോടുള്ള ബഹുമാനം നഷ്ടപ്പെട്ടു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രാദേശിക പ്രശ്നങ്ങളും ഫണ്ട് വെട്ടിപ്പുകളും പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു. അവിടെ ചോദ്യം ചോദിച്ച സഖാക്കളെ ഒതുക്കാൻ നോക്കിയതാണ് മലബാറിൽ പോലും പാർട്ടിക്ക് അടിത്തറ ഇളകാൻ കാരണം.
ഇതിനെല്ലാം പുറമെയാണ് എം.വി. ഗോവിന്ദൻ നടത്തുന്ന പത്രസമ്മേളനങ്ങളെക്കുറിച്ചുള്ള പരിഹാസം. അദ്ദേഹം ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും പാർട്ടിയുടെ വോട്ടുകൾ കുറയുകയാണ് എന്നാണ് സ്വന്തം അണികൾ തന്നെ പറയുന്നത്. നിലവിൽ അദ്ദേഹം നടത്തുന്ന വാർത്താസമ്മേളനങ്ങൾ സ്വന്തം പാർട്ടിക്കാർ പോലും ചാനൽ മാറ്റി പോകുന്ന അവസ്ഥയിലാണ്. എന്തെങ്കിലും ചോദിച്ചാൽ ധാർഷ്ട്യത്തോടെയുള്ള മറുപടികളും ഇരട്ടത്താപ്പും മാത്രമാണ് വരുന്നത്. തെറ്റുകൾ തിരുത്താൻ തയ്യാറാകാതെ, ഇപ്പോഴും അഹങ്കാരത്തോടെ സംസാരിക്കുന്ന നേതാക്കൾ പാർട്ടിയെ വീണ്ടും വലിയ പതനത്തിലേക്കാണ് നയിക്കുന്നത്.
അതെ, ആലോചിച്ചു നോക്കണം, ഇത്രയും കാലം അഴിമതി ആരോപണങ്ങൾ വരുമ്പോഴൊക്കെ ‘അയ്യോ.. പാർട്ടിയെ തകർക്കാൻ നോക്കുന്നേ, മുതലാളിത്ത ശക്തികൾ ഇടതുപക്ഷത്തെ വേട്ടയാടുന്നേ’ എന്ന് പറഞ്ഞ് അണികളെ വികാരഭരിതരാക്കി തെരുവിലിറക്കുകയായിരുന്നു നേതാക്കളുടെ സ്ഥിരം പണി. ക്യാപ്സൂളുകൾ വിഴുങ്ങി വിഴുങ്ങി ഒടുവിൽ അണികളുടെയും സാമാന്യ ബുദ്ധി ഉണർന്നു എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. നേതാക്കൾ നടത്തിയ കോടികളുടെ അഴിമതികളും കള്ളപ്പണം വെളുപ്പിക്കലുമൊക്കെ ഇപ്പോൾ അണികൾക്ക് തന്നെ കൃത്യമായി ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സഖാക്കൾ വളരെ ഓപ്പണായിട്ട് പറയുന്നത്, ‘അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അത് അനുഭവിച്ചോ, മകൾക്കെതിരെ അന്വേഷണം വന്നാൽ ഞങ്ങളെ ആ വഴിക്ക് വിളിക്കേണ്ടതില്ല’ എന്ന്.
സംഭവം ലളിതമാണ്. നേതാക്കളുടെ മക്കൾ കമ്പനികൾ തുടങ്ങുന്നു, മാസാപ്പടിയായി കോടികൾ വാങ്ങിക്കൂട്ടുന്നു, ആഡംബര ജീവിതം നയിക്കുന്നു. എന്നിട്ട് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ മാത്രം അത് ‘പാർട്ടിക്കെതിരെയുള്ള വേട്ടയാടൽ’ ആയി മാറും! ഈ ഇരട്ടത്താപ്പ് കാലങ്ങളായി കണ്ടു മടുത്തതുകൊണ്ടാണ് കൊല്ലത്തെ സഖാക്കൾ ഇത്തവണ കട്ടായം പറഞ്ഞത്—നേതാക്കളുടെ മക്കൾക്കും അവരുടെ ബിസിനസ്സ് സാമ്രാജ്യങ്ങൾക്കും കാവൽ നിൽക്കാൻ ഞങ്ങളെ കിട്ടില്ല എന്ന്. അഴിമതിയുടെ പങ്ക് പറ്റിയത് നേതാക്കളുടെ കുടുംബങ്ങളാണെങ്കിൽ, അതിന്റെ നാണക്കേടും ശാപവും ചുമക്കേണ്ട ബാധ്യത വെയിലത്ത് നടന്ന് മുദ്രാവാക്യം വിളിക്കുന്ന സാധാരണക്കാരനില്ല എന്ന അണികളുടെ ഈ തിരിച്ചറിവ്, പിണറായി വിജയനും സംഘത്തിനും കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ്. സ്വന്തം പാളയത്തിൽ നിന്ന് തന്നെ അഴിമതിക്കെതിരെ ഇങ്ങനെയൊരു വിചാരണ വരുമെന്ന് ഇവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.
അപ്പോൾ യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര തകർച്ചയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇത്രയും ദിവസമായിട്ടും ഈ പുകച്ചിൽ അടങ്ങുന്നില്ലെങ്കിൽ അതിനർത്ഥം മാറ്റത്തിന്റെ അടിയൊഴുക്കുകൾ അത്രമേൽ ശക്തമാണെന്നാണ്. വിപ്ലവവും ജനകീയതയും പ്രസംഗിച്ച് നടന്ന ഒരു പാർട്ടി എങ്ങനെയാണ് വെറും കോർപ്പറേറ്റ് ശൈലിയിലുള്ള ഒരു കുടുംബ ബിസിനസ്സ് ഗ്രൂപ്പായി അധഃപതിച്ചത് എന്നതിന്റെ നേർച്ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്ന ഓരോ ഏരിയ കമ്മിറ്റി റിപ്പോർട്ടുകളും. അണികളെ വെറും വോട്ട് ബാങ്കുകളായും തെരുവിൽ അടി വാങ്ങാനുള്ള ഉപകരണങ്ങളായും മാത്രം കണ്ട നേതാക്കൾക്ക് ജനങ്ങളും സ്വന്തം സഖാക്കളും ചേർന്ന് നൽകിയ കൃത്യമായ മറുപടിയാണിത്.
ഭരണം പോയതിനേക്കാൾ വലിയ ആഘാതമാണ് സ്വന്തം അണികൾക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നത്. കാരണം, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്ത് അതിന്റെ സെക്രട്ടറിയേറ്റോ എകെജി സെന്ററോ അല്ല, മറിച്ച് താഴേത്തട്ടിൽ ചോരനീരാക്കി പണിയെടുക്കുന്ന ബ്രാഞ്ച് കമ്മിറ്റികളും ഏരിയ കമ്മിറ്റികളുമാണ്. അവരിപ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. കാലങ്ങളായി പാർട്ടി പഠിപ്പിച്ച ‘അച്ചടക്കം’ എന്ന വാക്ക് നേതാക്കളുടെ തെറ്റുകൾ മൂടിവെക്കാനുള്ള ഒരു മൂടുപടം മാത്രമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. അധികാരത്തിന്റെ തണലിൽ നേതാക്കളും അവരുടെ മക്കളും തടിച്ചുകൊഴുത്തപ്പോൾ, താഴേത്തട്ടിൽ പാർട്ടിക്ക് വേണ്ടി ജീവൻ കളഞ്ഞ സഖാക്കളുടെ കുടുംബങ്ങൾ ഇന്നും പട്ടിണിയിലാണെന്ന യാഥാർത്ഥ്യം അണികൾക്കിടയിൽ വലിയൊരു പ്രതികാര ചിന്തയായി മാറിയിട്ടുണ്ട്.
ഇനിയൊരു തിരിച്ചുവരവ് വേണമെങ്കിൽ ഈ പറയുന്ന വിഴുപ്പലക്കലുകൾ മാത്രം പോരാ, മറിച്ച് പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നവർ ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പിണറായി വിജയനും എം.വി. ഗോവിന്ദനും നയിക്കുന്ന ഈ ശൈലി പാർട്ടിയെ കൂടുതൽ ജീർണ്ണതയിലേക്കേ നയിക്കൂ. അധികാരമില്ലെങ്കിൽ നിലനിൽപ്പില്ലാത്ത അവസ്ഥയിലേക്ക് പാർട്ടി മാറിയത് ഈ രണ്ടുപേരുടെയും ഏകാധിപത്യപരമായ തീരുമാനങ്ങൾ കൊണ്ടാണ്. ജനങ്ങളുടെ പൾസ് അറിയാത്ത പി.ആർ ഏജൻസികളെ വിശ്വസിച്ച് തുമ്മിനാൽ പരസ്യം കൊടുക്കുന്ന പരിപാടി കമ്മ്യൂണിസത്തിന് ചേർന്നതല്ല എന്ന് ഇപ്പോഴെങ്കിലും ഇവർക്ക് മനസ്സിലായോ എന്ന് സംശയമാണ്. കാരണം, തോൽവിക്ക് ശേഷവും ഇവർ കാണിക്കുന്ന ഈ കസേരകളി അത് തന്നെയാണ് വ്യക്തമാക്കുന്നത്.
