മാപ്പിളപ്പാട്ട് ശാഖയ്ക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീതലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കിടപ്പിലാകുന്നതിന് തൊട്ടുമുൻപത്തെ ദിവസങ്ങളിലും സ്വന്തം വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടുകൾക്ക് ഈണമിട്ടാണ് അദ്ദേഹം സംഗീതത്തോടുള്ള തന്റെ അടങ്ങാത്ത സ്നേഹം പ്രകടിപ്പിച്ചത്. അവസാന നാളുകളിൽ കുടുംബവും പ്രിയപ്പെട്ട ശിഷ്യരുമായിരുന്നു അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത്.
വലിയങ്ങാടിയിലെ ഇരുമ്പുകച്ചവടക്കാരനായ ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകനായി ജനിച്ച അബൂബക്കർ ഗാനലോകത്തേക്ക് എത്തിയ വഴി ഏറെ കൗതുകം നിറഞ്ഞതാണ്. പ്രശസ്ത ചലച്ചിത്രനടൻ മാമുക്കോയയും അബൂബക്കറും സഹപാഠികളായിരുന്നു. വിദ്യാർത്ഥി ആയിരിക്കെ മാമുക്കോയയുടെ നിർബന്ധപ്രകാരം അബൂബക്കർ ക്ലാസിൽ പാട്ടുപാടിയത് ആകസ്മികമായി ബാബുരാജിന്റെ പ്രിയപ്പെട്ട തബലിസ്റ്റ് ടി. ഉസ്മാന്റെ ശ്രദ്ധയിൽപെട്ടു. അങ്ങനെ ബാബുരാജിന്റെ സംഗീത ട്രൂപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ ഹമീദ് കോളിയടുക്കം രചിച്ച പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അദ്ദേഹത്തിന് അസുഖം ബാധിക്കുന്നത്. കെ.എസ്. ചിത്രയെയും അന്നത്തെ രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ചടങ്ങ് നടത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.തന്റെ സ്വതസിദ്ധമായ ഈണങ്ങളിലൂടെ സംഗീതലോകത്തിന് മൂവായിരത്തിലധികം അനശ്വര ഗാനങ്ങളാണ് കോഴിക്കോട് അബൂബക്കർ സമ്മാനിച്ചത്. യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിനത്താണീ’ തുടങ്ങിയ ഗാനങ്ങൾ വൻ ജനപ്രീതി നേടിയവയാണ്. ‘ലാ ഇലാഹാ ഇല്ലള്ളാ’, ‘പകലന്തി ഞാൻ’, ‘പാടാൻ ഞാൻ ഗായകൻ അല്ല’ തുടങ്ങി ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടാൻ അദ്ദേഹത്തിന് സാധിച്ചു. സുജാത, അഫ്സൽ, എം.ജി. ശ്രീകുമാർ, ഷഹബാസ് അമൻ തുടങ്ങി മലയാളത്തിലെ പ്രമുഖ പിന്നണിഗായകരൊക്കെ അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റുകൂടിയായിരുന്നു അദ്ദേഹം. കോഴിക്കോട് അബൂബക്കർ ഈണമിട്ട ഗാനങ്ങളാണ് പിന്നീട് കേരളത്തിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലെല്ലാം തരംഗമായത്. ദശാബ്ദങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ പാട്ടുകൾക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അസുഖവിവരമറിഞ്ഞ് കണ്ണൂർ പ്രകാശ്, ഫിറോസ് ബാബു, സിബെല്ല സദാനന്ദൻ, ഇന്ദിര ജോയി, സജി മിലേനിയം തുടങ്ങിയ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
