.കഠിനമായ ചൂടിൽ ശരീരം തളരുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് ദാഹമാണ്.എന്നാൽ ദാഹത്തോടൊപ്പം നമ്മുടെ ശബ്ദത്തെയും ഈ വേനൽക്കാലം ബാധിക്കുന്നുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല.ശബ്ദത്തിൽ അനുഭവപ്പെടുന്ന പതർച്ച, തൊണ്ടയിലെ കരകരപ്പ്, സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ വേനൽക്കാലത്ത് വർധിച്ചു വരുന്നത് കാണാം. ഇതിന്റെ പ്രധാന കാരണം നമ്മുടെ വോക്കൽ കോഡുകളിലുണ്ടാകുന്ന നിർജ്ജലീകരണമാണ്.
നമ്മുടെ തൊണ്ടയിലുള്ള വോക്കൽ കോഡുകൾ (Vocal Cords) ശരിയായി പ്രവർത്തിക്കാൻ അവയ്ക്ക് മുകളിൽ നേർത്തൊരു ഈർപ്പത്തിന്റെ പാളി (Lubrication) ആവശ്യമാണ്. നാം വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ഈ ഈർപ്പം നഷ്ടപ്പെടുകയും വോക്കൽ കോഡുകൾ വരണ്ട് പോവുകയും ചെയ്യുന്നു.വോക്കൽ കോഡുകൾ വരണ്ടുപോയാൽ സംസാരിക്കുമ്പോൾ അവ തമ്മിലുള്ള ഘർഷണം കൂടുന്നു. ഇത് ശബ്ദനാളത്തിൽ നീർക്കെട്ടുണ്ടാക്കാനും ശബ്ദം അടയാനും (Hoarseness) കാരണമാകും.ആവശ്യത്തിന് ഈർപ്പമില്ലെങ്കിൽ വോക്കൽ കോഡുകൾക്ക് അയവോടെ കമ്പനം ചെയ്യാൻ കഴിയില്ല. ഇത് മൂലമാണ് സംസാരിക്കുമ്പോൾ ശബ്ദം മുറിയുന്നതോ പതറുന്നതോ ആയ അവസ്ഥ ഉണ്ടാകുന്നത്.
ഇതിനെന്താണ് പ്രതിവിധി? ഒന്നിച്ച് ധാരാളം വെള്ളം കുടിക്കുന്നതിനേക്കാൾ, ഓരോ 15-20 മിനിറ്റ് കൂടുമ്പോഴും അല്പം വെള്ളം കുടിക്കുന്നത് തൊണ്ടയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം ശരീരത്തിൽ നിന്ന് ജലം പുറന്തള്ളാൻ (Diuresis) കാരണമാകും.ഇത് തൊണ്ടയെ കൂടുതൽ വരണ്ടതാക്കും. പകരം മോരും വെള്ളമോ കരിക്കിൻ വെള്ളമോ ശീലമാക്കാം.തൊണ്ടയിലെ വരൾച്ച കുറയ്ക്കാൻ ദിവസവും രണ്ടോ മൂന്നോ തവണ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ശബ്ദം അടഞ്ഞിരിക്കുന്ന സമയത്ത് കൂടുതൽ ഉറക്കെ സംസാരിക്കാനോ ഒച്ച വയ്ക്കാനോ ശ്രമിക്കരുത്.എ.സി മുറിക്കുള്ളിലെ വായു വളരെ വരണ്ടതാണ്. എ.സി മുറിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നവർ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .
ശബ്ദത്തിലുണ്ടാകുന്ന മാറ്റം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഇ.എൻ.ടി വിദഗ്ദ്ധനെ കണ്ട് ലാറിംഗോസ്കോപ്പി (Laryngoscopy) വഴി വോക്കൽ കോഡുകളുടെ ആരോഗ്യം പരിശോധിക്കേണ്ടതാണ്.
