വയനാട് വിറങ്ങലിച്ചു നിന്നപ്പോൾ ആശ്വാസത്തിൻ്റെ ‘കൈ’യുമായി എത്തിയവരാണ് കോൺഗ്രസ് നേതാക്കൾ. 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന വലിയ വാഗ്ദാനം ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ അത് വോട്ടായി മാറുകയും ചെയ്തു. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ആവേശം ആറി. ഇന്ന് വയനാട്ടിലെ ദുരന്തബാധിതർ ചോദിക്കുന്നത് ഒന്നുമാത്രം— “ആ വീടുകൾ എവിടെ?”.
ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ കത്തുമ്പോൾ, ആരോപണങ്ങളെ പ്രതിരോധിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്.ആരോപണങ്ങൾ കടുക്കുമ്പോൾ പഴി സർക്കാരിന് മേൽ ചാരുന്നത് രാഷ്ട്രീയത്തിലെ സ്ഥിരം തന്ത്രമാണ്. സണ്ണി ജോസഫ് ഇപ്പോൾ ചെയ്യുന്നത് അതാണ്. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ: “കോൺഗ്രസ് വാഗ്ദാനം പാലിക്കും, പക്ഷേ സർക്കാർ ഞങ്ങളെ സമ്മതിക്കുന്നില്ല.”
സർക്കാർ പട്ടികയിലില്ലാത്ത പാവപ്പെട്ടവർക്ക് വീട് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എന്നാൽ ഭൂമി വിട്ടുനൽകാൻ സർക്കാർ വിമുഖത കാട്ടുന്നുവെന്നുമാണ് അദ്ദേഹത്തിൻ്റെ ആരോപണം. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒരു പ്രൊപ്പോസൽ പോലും കൃത്യമായി നൽകാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടോ?
എഐസിസി ഒരു വഴിക്ക്, കെപിസിസി മറ്റൊരു വഴിക്ക്. ഇതിനിടയിൽ പാവപ്പെട്ട ഗുണഭോക്താക്കൾ ആരുടെ പടിക്കലാണ് ചെല്ലേണ്ടത്? സണ്ണി ജോസഫ് പറയുന്ന ഈ ‘ആത്മാർത്ഥത’ മണ്ണിൽ കാണാത്തത് എന്തുകൊണ്ട്? നിർമ്മാണ കരാറുകൾ നൽകിയതിലും ഗുണഭോക്താക്കളെ കണ്ടെത്തിയതിലും നടന്ന സ്വജനപക്ഷപാതം പാർട്ടിക്കുള്ളിൽ തന്നെ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിട്ടുണ്ട്. സ്വന്തം വീഴ്ചകൾ മറയ്ക്കാനാണ് അദ്ദേഹം സർക്കാരിനെ വില്ലനാക്കി മാറ്റുന്നത്.വയനാട് ദുരന്തത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഒരു കല്ല് പോലും ഇങ്ങോട്ട് അനങ്ങിയിട്ടില്ല. എഐസിസിയും കെപിസിസിയും തമ്മിൽ യാതൊരു ഏകോപനവുമില്ല.
മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ വലിയ തോതിലുള്ള ഫണ്ട് ശേഖരണമാണ് കോൺഗ്രസ് നടത്തിയത്. വിദേശത്തും സ്വദേശത്തുമായി ലക്ഷക്കണക്കിന് രൂപ ‘വയനാട് പാക്കേജ്’ എന്ന പേരിൽ പിരിച്ചെടുത്തു. എന്നാൽ നിലവിൽ പലയിടത്തും വീട് നിർമ്മാണം തറക്കല്ലിടലിൽ ഒതുങ്ങിയിരിക്കുകയാണ്.
പിരിവും അവ്യക്തതയും: സാധാരണക്കാരിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത തുക എത്രയാണെന്നോ അത് എപ്രകാരമാണ് ചെലവാക്കുന്നതെന്നോ ഉള്ള കൃത്യമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തയ്യാറായിട്ടില്ല.
കോൺഗ്രസ് പ്ലാറ്റ്‌ഫോമുകളിൽ തന്നെ ഇപ്പോൾ ചോദ്യങ്ങൾ ഉയരുകയാണ്. പിരിച്ചെടുത്ത കോടികൾ എവിടെ? ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ പോലും വൻ അവ്യക്തതയാണ്.
പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പിരിവ് തുകയിൽ തിരിമറി നടത്തിയെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ പുകയുന്നുണ്ട്. നിർമ്മാണ കരാറുകൾ നൽകിയതിലും സ്വജനപക്ഷപാതം നടന്നതായാണ് പരാതി.വയനാട്ടിലെ വീട് പണി മുടങ്ങിയാൽ എന്താ? പാർട്ടിയിൽ ‘സീറ്റ് പണി’ തകൃതിയാണല്ലോ!
“നീ മുഖ്യമന്ത്രിയായാൽ ഞാൻ പ്രതിപക്ഷ നേതാവാകാം, പക്ഷേ എനിക്ക് ഈ സീറ്റ് വേണം” എന്ന മട്ടിലാണ് കാര്യങ്ങൾ. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരിനേക്കാൾ നേതാക്കൾക്ക് ഇന്ന് പ്രധാനം തിരുവനന്തപുരത്തെ ‘ക്ലിഫ് ഹൗസ്’ ആണ്. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഡൽഹിയിൽ പോയി സീറ്റിന് വേണ്ടി ചരടുവലിക്കുന്ന നേതാക്കളുടെ തിരക്ക് കണ്ടാൽ തോന്നും ഇവർക്ക് മറ്റൊരു പണിയുമില്ലെന്ന്! ദുരന്തബാധിതർക്ക് വീട് നൽകുന്നതിനേക്കാൾ വലിയ കാര്യമാണല്ലോ സ്വന്തം പേര് മുഖ്യമന്ത്രി പട്ടികയിൽ ചേർക്കുന്നത്!
ഒരു വശത്ത് പദ്ധതി മുടക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ന്യായീകരണം. മറുവശത്ത് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള നേതാക്കളുടെ തമ്മിലടി. ഇതിനിടയിൽ പെട്ടുപോയത് വയനാട്ടിലെ പാവം മനുഷ്യരാണ്. ഇലക്ഷൻ കാലത്തെ വൈകാരിക പ്രസംഗങ്ങൾ കൊണ്ട് വയനാട്ടുകാരുടെ വിശപ്പും വീടും മാറില്ല. വാഗ്ദാനങ്ങൾ വെറും ‘പ്രഖ്യാപന’ങ്ങളായി ഒതുങ്ങിയാൽ, ചരിത്രം കോൺഗ്രസിന് നൽകുന്ന പേര് ‘വിശ്വാസവഞ്ചകർ’ എന്നായിരിക്കും. സണ്ണി ജോസഫ് പറയുന്നതുപോലെ രാഷ്ട്രീയ തടസ്സങ്ങൾ നീക്കി ആ വീടുകൾ എന്ന് യാഥാർത്ഥ്യമാകുമെന്ന് കേരളം നോക്കി നിൽക്കുകയാണ്.
ദുരന്തബാധിതർക്ക് വീട് പണിയാൻ സമയമില്ലെങ്കിലും നമ്മുടെ പ്രതിപക്ഷ നേതാവിന് റീൽസ് ചെയ്യാൻ നല്ല സമയമുണ്ട്!
ഇതിവിടെ പറയാൻ കാരണം,തറക്കല്ലിട്ട വീടുകൾ കാടുകയറുമ്പോൾ, വി.ഡി. സതീശൻ്റെ സ്ലോ മോഷൻ നടത്തവും ബി.ജി.എം ഇട്ട റീൽസുകളും സോഷ്യൽ മീഡിയയിൽ തകർക്കുകയാണ്. ലക്ഷങ്ങൾ ചെലവാക്കിയാണ് ഈ പി.ആർ വർക്കുകൾ നടക്കുന്നത്.
സതീശൻ്റെ നടത്തവും നോട്ടവും എങ്ങനെ നന്നാക്കാം എന്നാലോചിക്കുന്ന പി.ആർ ഏജൻസികൾക്ക് നൽകുന്ന പണം ഉണ്ടായിരുന്നെങ്കിൽ എത്രയോ വീടുകളുടെ പണി പൂർത്തിയായേനെ!
: ഒരു വശത്ത് പദ്ധതി മുടക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ന്യായീകരണം. മറുവശത്ത് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള നേതാക്കളുടെ തമ്മിലടി. ഇതുവരെ നടന്ന കാര്യങ്ങൾ നോക്കിയാൽ കോൺഗ്രസ് വയനാടിനെ വഞ്ചിച്ചു എന്ന് പറയേണ്ടി വരും. ഇലക്ഷൻ ജയിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച ഒരു വികാരമായി വയനാട് മാറിയിരിക്കുന്നു.
കോൺഗ്രസിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. ദുരന്തങ്ങളെയും കണ്ണീരിനെയും വോട്ടാക്കി മാറ്റിയ ചരിത്രം അവർക്ക് മുൻപുമുണ്ട്.
സുനാമി കാലത്തെ പിരിവ്: വർഷങ്ങൾക്ക് മുൻപ് സുനാമി ദുരന്തമുണ്ടായപ്പോൾ കോൺഗ്രസ് വലിയ തോതിൽ ഫണ്ട് ശേഖരിച്ചിരുന്നു. അന്ന് നിർമ്മിച്ചു നൽകുമെന്ന് പറഞ്ഞ പല വീടുകളും ഇന്നും പൂർത്തിയായിട്ടില്ല എന്നത് ചരിത്രം.
പ്രളയകാലത്തെ വാഗ്ദാനങ്ങൾ: 2018-ലെ പ്രളയകാലത്തും സമാനമായ രീതിയിൽ ‘കൈ’ത്താങ്ങുമായി ഇവർ എത്തിയിരുന്നു. അന്നും പാവപ്പെട്ടവരുടെ പേരിൽ പിരിച്ച പണം നേതാക്കളുടെ പോക്കറ്റിലേക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും മാറ്റി എന്ന ആക്ഷേപം ശക്തമായിരുന്നു.
രാഹുൽ ഗാന്ധിയുടെ പഴയ പ്രഖ്യാപനങ്ങൾ: വയനാട്ടിൽ മുൻപ് പ്രഖ്യാപിച്ച പല ചെറുകിട പദ്ധതികളും ഇന്നും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വാഗ്ദാനങ്ങൾ നൽകി ജനത്തെ വിശ്വസിപ്പിക്കുക, പിന്നെ അത് സൗകര്യപൂർവ്വം മറക്കുക എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായി മാറിയിരിക്കുന്നു.
രാഷ്ട്രീയമായ തടസ്സങ്ങൾ നീക്കി നിർമ്മാണത്തിലേക്ക് ഉടൻ കടക്കുമെന്ന് സണ്ണി ജോസഫ് ആവർത്തിക്കുന്നുണ്ട്. ആ ‘ഉടൻ’ എന്ന വാക്കിന് എത്ര മാസത്തെ ദൈർഘ്യമുണ്ടെന്ന് മാത്രം അദ്ദേഹം പറയുന്നില്ല. പി.ആർ. വർക്കുകളിലൂടെയും ഗ്രൂപ്പ് പോരിലൂടെയും ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ രീതി കോൺഗ്രസ് അവസാനിപ്പിക്കണം. ആ പാവപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടണം. ഇല്ലെങ്കിൽ, കേരളത്തിലെ ജനങ്ങൾ ഇതിന് മറുപടി നൽകും.
