പാർട്ടി പരിപാടികളിൽ വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം മതി; 

ഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശം ആവർത്തിച്ച് കോൺഗ്രസ്. പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ് കർശ്ശന നിർദ്ദേശം നൽകി. സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. കോൺഗ്രസിന്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു. മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു. സോണിയയും ഖാർഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും എന്നാൽ ആലാപനം തുടരുന്നതും വീഡിയോയിൽ കാണാം.

എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്. രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് സ്വാതന്ത്ര്യദിനത്തിൽ എല്ലാ വർഷവും എഐസിസി ആസ്ഥാനത്ത് പാടാറുള്ളത്. എന്നാല്‍, ഇത്തവണ രണ്ട് ഖണ്ഡങ്ങൾ കഴിഞ്ഞിട്ടും നിർത്താത്ത സാഹചര്യമാണുണ്ടായത്. അതേസമയം വിവാദത്തിൽ സേവാദളിനെതിരെ നടപടിയുണ്ടാകില്ല. സേവാദൾ അധ്യക്ഷൻ പി.വി ശ്രീനിവാസൻ, മുൻഅധ്യക്ഷൻ ലാൽജി ദേശായി എന്നിവർക്കായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകിയിട്ടുണ്ട്.ബി.വിശ്രീനിവാസ് അധ്യക്ഷനായി ചുമതലയേറ്റിട്ട് രണ്ട് മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും ആലാപന പ്രോട്ടോക്കോൾ അറിയില്ലായിരുന്നുവെന്നുമാണ് വിശദീകരണം. സ്വാതന്ത്ര്യ ദിന ചടങ്ങായതിനാൽ മുഴുവൻ ആലപിക്കേണ്ടി വരില്ലേയെന്ന ആശയക്കുഴപ്പവും ഉണ്ടായിരുന്നുവെന്നും നേതാക്കൾ പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും വന്ദേമാതരം പൂർണമായി ആലപിച്ചു. കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതാരം പൂര്‍ണമായി ആലപിച്ചിരുന്നു. ഇതോടെയാണ് പാർട്ടി പരിപാടികളിൽ ആദ്യ രണ്ട് ചരണങ്ങളേ ആലപിക്കാവൂവെന്ന് കോൺഗ്രസ് കർശ്ശന നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *