അരനൂറ്റാണ്ടിന് ശേഷം ബംഗാൾ ഉൾക്കടലിൽ പാകിസ്ഥാൻ നാവിക സാന്നിധ്യം ശക്തമാക്കാൻ നീക്കം നടത്തുന്നത് ഇന്ത്യ ഏറെ ഗൗരവത്തോടെയും കരുതലോടെയുമാണ് വീക്ഷിക്കുന്നത്. ചൈനയിൽ നിന്ന് വാങ്ങിയ എട്ട് ‘ഹംഗോർ’ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയതായി പാക് നാവികസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡിനും തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും സമീപം പാകിസ്ഥാൻ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാകിസ്ഥാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. ഹംഗോർ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് തുടർച്ചയായി 20 ദിവസം വരെ വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ ശേഷിയുണ്ട്. ഈ പേരിന് ചരിത്രപരമായ ഒരു പ്രത്യേകതയുമുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഐഎൻഎസ് ഖുക്രി എന്ന ഇന്ത്യൻ പടക്കപ്പൽ തകർത്തത് പിഎൻഎസ് ഹംഗോർ എന്ന പാക് മുങ്ങിക്കപ്പലായിരുന്നു. ഇന്ത്യ യുദ്ധത്തിൽ പാകിസ്ഥാനെ തകർത്തെങ്കിലും, ഖുക്രി നഷ്ടപ്പെട്ടത് ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായിരുന്നു. ആ പഴയ ഓർമ്മകളുണർത്തിക്കൊണ്ടുള്ള പാകിസ്ഥാന്റെ കടന്നുകയറ്റം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
