വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ കടുത്ത പൂട്ട്!

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിസ്ഥാനത്തുള്ള, കേരളം ഒരുകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്ത ‘മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്’ തന്നെ. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ കേസ് എങ്ങുമെത്താതെ നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീൻ വളരെ കർശനമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. “മൂന്നാഴ്ചയ്ക്കകം, അതായത് വെറും 21 ദിവസത്തിനകം ഈ കേസിലെ അന്വേഷണം പൂർത്തിയാക്കണം. ഇല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റും, ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല.

എന്താണ് ഈ മൈക്രോഫിനാൻസ്? സാധാരണക്കാരായ, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ട സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും, അവരുടെ കുടുംബം പുലർത്താനും വേണ്ടി കൊണ്ടുവന്ന ഒരു പദ്ധതിയായിരുന്നു ഇത്. വലിയ പലിശക്കാരുടെ കൈകളിൽ പെട്ട് ജനങ്ങൾ തകരാതിരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഒരു നല്ല കാര്യം.
കേരള സ്റ്റേറ്റ് സഹകരണ ബാങ്ക് (KSBC), പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) എന്നിവർ ചേർന്ന് വളരെ കുറഞ്ഞ പലിശയ്ക്കാണ് പണം അനുവദിക്കുന്നത്. അതായത്, ഏകദേശം 2% അല്ലെങ്കിൽ 3% പോലുള്ള വളരെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകൾ പണം നൽകും. ഈ പണം താഴേത്തട്ടിലുള്ള സാധാരണക്കാരിലേക്ക് എത്തിക്കാൻ ഒരു ഏജൻസി വേണമായിരുന്നു. അങ്ങനെയാണ് ലക്ഷക്കണക്കിന് സാധാരണക്കാരായ അംഗങ്ങളുള്ള എസ്.എൻ.ഡി.പി യോഗത്തെ ഇതിന്റെ വിതരണക്കാരായി തിരഞ്ഞെടുക്കുന്നത്. എസ്.എൻ.ഡി.പി യോഗം വഴി വിവിധ ശാഖകളിലെ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് ഈ പണം ചെറിയ പലിശയ്ക്ക് നൽകുക എന്നതായിരുന്നു ലക്ഷ്യം. പാവപ്പെട്ടവർക്ക് വലിയൊരു ആശ്വാസമാകേണ്ട പദ്ധതിയായിരുന്നു ഇത്.

എന്നാൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, ഈ പദ്ധതി വലിയൊരു തട്ടിപ്പായി മാറി. ബാങ്കുകളിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയാണ് ലോണായി കൈപ്പറ്റിയത്. എന്നാൽ ആരോപണം എന്തെന്നാൽ, ഈ പണം യഥാർത്ഥത്തിൽ അർഹരായ പാവപ്പെട്ട സ്ത്രീകളിലേക്കോ, വിവിധ ജില്ലകളിലെ സാധാരണ യൂണിറ്റുകളിലേക്കോ എത്തിയില്ല! പകരം എസ്.എൻ.ഡി.പി യോഗത്തിന്റെ തലപ്പത്തിരിക്കുന്ന പ്രമുഖരായ ഭാരവാഹികൾ ഈ കോടിക്കണക്കിന് രൂപ വ്യാജ രേഖകളും വ്യാജ ഗ്രൂപ്പുകളും ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് പ്രധാന പരാതി.
മാത്രമല്ല, ചിലയിടങ്ങളിൽ പണം നൽകിയത് തന്നെ ഉയർന്ന പലിശയ്ക്കാണ് എന്നും ആരോപണമുയർന്നു. അതായത്, സർക്കാരിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണമെടുത്ത് സാധാരണക്കാരിൽ നിന്ന് ഉയർന്ന പലിശ ഈടാക്കുക, അല്ലെങ്കിൽ പണം പൂർണ്ണമായും മുക്കുക. ഈ വലിയ അഴിമതി ആദ്യമായി പുറത്തുകൊണ്ടുവരുന്നതും ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലോടെയാണ് വിജിലൻസ് ഡിപ്പാർട്ട്മെന്റ് ഈ കേസ് ഏറ്റെടുക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഏകദേശം 27-ഓളം കേസുകളാണ് വിജിലൻസ് ഈ ഒരൊറ്റ വിഷയത്തിൽ രജിസ്റ്റർ ചെയ്തത്. ആലോചിച്ചു നോക്കൂ, ഒരു സംഘടനയുടെ പേരിൽ 27 വിജിലൻസ് കേസുകൾ! ഇനിയും കൃത്യമായി അന്വേഷിച്ചാൽ നൂറുകണക്കിന് കേസുകൾ എടുക്കാനുള്ള വക ഇതിലുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഈ കേസിന് പിന്നിൽ വലിയൊരു മനുഷ്യജീവന്റെ കണ്ണീരുണ്ട്. അത് നമ്മൾ നിർബന്ധമായും ഒാർക്കണം. കണിശുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും വെള്ളാപ്പള്ളി നടേശന്റെ വളരെ അടുത്ത അനുയായിയുമായിരുന്ന കെ.കെ. മഹേഷ് എന്നൊരു വ്യക്തിയുണ്ടായിരുന്നു. ഈ മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്റർ കൂടിയായിരുന്നു അദ്ദേഹം. എന്നാൽ ഈ തട്ടിപ്പുകൾ അതിരുവിട്ടപ്പോൾ, ഒടുവിൽ കേസ് മഹേഷ് ഉൾപ്പെടെയുള്ള താഴേത്തട്ടിലുള്ളവരുടെ തലയിൽ വരാൻ തുടങ്ങി.
വലിയ സ്രാവുകൾ രക്ഷപ്പെടുകയും താൻ ചതിക്കപ്പെടുകയും ചെയ്യുകയാണെന്ന് മനസ്സിലാക്കിയ മഹേഷ് 2020 ജൂൺ മാസത്തിൽ ആത്മഹത്യ ചെയ്തു. പക്ഷേ, മരിക്കുന്നതിന് മുൻപ് അദ്ദേഹം വെറുതെ പോവുകയല്ല ചെയ്തത്; 32 പേജുള്ള വളരെ കൃത്യമായ ഒരു ആത്മഹത്യാക്കുറിപ്പ് അദ്ദേഹം എഴുതിവെച്ചിരുന്നു. ഈ തട്ടിപ്പ് എങ്ങനെയൊക്കെയാണ് നടന്നത്, ഇതിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ ബുദ്ധി കേന്ദ്രങ്ങൾ ആരൊക്കെയാണ്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എൻ.ആർ. സോമനും ഇതിൽ എന്ത് പങ്കാണ് ഉള്ളത് എന്ന് വളരെ കൃത്യമായി ആ കത്തിൽ അദ്ദേഹം വിവരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഉഷാദേവി ഇതിനെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് വന്നു. പക്ഷേ, കഷ്ടമെന്നു പറയട്ടെ, ഇത്രയും വലിയൊരു തെളിവ് ലഭിച്ചിട്ടും നമ്മുടെ പോലീസ് സംവിധാനം ആ അന്വേഷണം മുന്നോട്ട് കൊണ്ടുപോയില്ല, ഒരു തരത്തിൽ അത് സപ്രസ്സ് ചെയ്യപ്പെട്ടു.

മഹേഷ് മരിച്ചിട്ട് ഇപ്പോൾ ആറു വർഷത്തോളമാകുന്നു. ഇത്രയും കാലമായിട്ടും എന്തുകൊണ്ടാണ് ഈ 27 വിജിലൻസ് കേസുകളിൽ ഒരു പുരോഗതിയും ഉണ്ടാകാതിരുന്നത്? അവിടെയാണ് രാഷ്ട്രീയ സ്വാധീനം വരുന്നത്. മാരാരിക്കുളം സ്വദേശിയായ എം.എസ്. അനിൽ എന്ന വ്യക്തിയാണ് ഈ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഫയലുകൾ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.
നമ്മൾ പലപ്പോഴും വാർത്തകളിൽ കണ്ടിട്ടുള്ളതാണ്, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ നേതാക്കളുമായി വെള്ളാപ്പള്ളി നടേശനുള്ള അടുത്ത ബന്ധം. മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ വെള്ളാപ്പള്ളി നടേശൻ ഒന്നിച്ചു യാത്ര ചെയ്തതൊക്കെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സാധാരണയായി ഒരു വിജിലൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് മുഖ്യമന്ത്രിയാണ്. അപ്പോൾ സ്വാഭാവികമായും ഇത്തരം രാഷ്ട്രീയ സൗഹൃദങ്ങൾ കേസ് അട്ടിമറിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന സംശയം ജനങ്ങൾക്കുണ്ടാകും. ഇപ്പോൾ ഹൈക്കോടതി ജസ്റ്റിസ് ബദറുദ്ദീന്റെ നിരീക്ഷണങ്ങളും ആ സംശയങ്ങളെ ശരിവെയ്ക്കുന്നതാണ്. കേസ് ബോധപൂർവ്വം വലിച്ചുനീട്ടുകയാണെന്ന് കോടതിയും മനസ്സിലാക്കിയിരിക്കുന്നു. പല ജില്ലകളിലും ചെറിയ ചെറിയ ഭാരവാഹികളെ മാത്രം പ്രതികളാക്കി വലിയ സ്രാവുകളെ സംരക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്.

എന്നാൽ ഇനി കോടതിക്ക് മുന്നിൽ ഈ കളി നടക്കില്ല. ഹൈക്കോടതി ഇപ്പോൾ നൽകിയിരിക്കുന്ന ഡയറക്ഷൻ വളരെ വ്യക്തമാണ്. മൂന്നാഴ്ചയ്ക്കകം ഫൈനൽ ചാർജ് ഷീറ്റ് സമർപ്പിക്കണം. കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരെ ഉടൻ മാറ്റും, അവർക്കെതിരെ ഡിപ്പാർട്ട്മെന്റ് അന്വേഷണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *