തമിഴ്‌നാട് സർക്കാരിന്റെ നിർണായക തീരുമാനം

 സർക്കാർ ബസുകളിലെ യാത്ര കൂടുതൽ സൗകര്യപ്രദവും ശാന്തവുമാക്കാൻ പുതിയ പെരുമാറ്റച്ചട്ടം നടപ്പിലാക്കി തമിഴ്‌നാട് സർക്കാർ. മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ വീഡിയോ പ്ലേ ചെയ്യുകയോ ചെയ്യരുതെന്നാണ് പുതിയ നിർദേശം.

മൊബൈൽ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുന്നവർ നിർബന്ധമായും ഇയർഫോൺ അല്ലെങ്കിൽ ഹെഡ്‌സെറ്റ് ഉപയോഗിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ ഫോൺവിളി നടത്തുന്നതും സ്പീക്കർ മോഡ് ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ ഇത്തരത്തിലുള്ള നിയന്ത്രണം നടപ്പാക്കിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ ചെയ്താൽ 2,500 വരെ പിഴ ചുമത്തുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർക്കാർ ബസുകളിലേക്കും സമാനമായ പെരുമാറ്റച്ചട്ടം വ്യാപിപ്പിച്ചിരിക്കുന്നത്.

മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ , തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ എന്നിവയുടെ കീഴിലുള്ള എല്ലാ സർക്കാർ ബസുകളിലും പുതിയ നിർദേശങ്ങൾ ബാധകമാണ്.ഗതാഗത സെക്രട്ടറി നിർമൽ രാജ് പുറത്തിറക്കിയ സർക്കുലർ പ്രകാരം ഡ്രൈവർമാർ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ട് വയ്ക്കരുത്. യാത്രക്കാർ സ്പീക്കർ മോഡിൽ സംസാരിക്കുന്നതും ഇയർഫോൺ ഇല്ലാതെ പാട്ടോ വാർത്തകളോ കേൾക്കുന്നതും ഒഴിവാക്കണം. യാത്രക്കാർക്ക് ബോധവൽക്കരണം നൽകാൻ ബസ് ജീവനക്കാർ ഇടപെടണമെന്നും ബസുകളിൽ മുന്നിലും നടുവിലും പിന്നിലുമുള്ള പ്രവേശന കവാടങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

“സ്പീക്കർ മോഡ് ഉപയോഗിക്കരുത്”, “ദയവായി ഇയർഫോൺ ഉപയോഗിക്കുക”, “മറ്റ് യാത്രക്കാരെ ബഹുമാനിക്കുക”, “ബഹളമില്ലാത്ത യാത്ര, സുരക്ഷിത യാത്ര” തുടങ്ങിയ സന്ദേശങ്ങളായിരിക്കും സ്റ്റിക്കറുകളിൽ ഉൾപ്പെടുത്തുക. അതേസമയം, സർക്കാർ ബസുകളിലെ ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴയോ മറ്റ് നടപടികളോ ഉണ്ടാകുമോയെന്ന കാര്യത്തിൽ സർക്കുലറിൽ വ്യക്തത നൽകിയിട്ടില്ല. എന്നാൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം 1989-ലെ തമിഴ്‌നാട് മോട്ടോർ വാഹന പെരുമാറ്റച്ചട്ട പ്രകാരം ശിക്ഷാർഹമാണെന്നും സർക്കുലർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *