കേരളം ഇപ്പോൾ ഒരു വലിയ യുദ്ധക്കളമാണ്. പക്ഷേ ഇത് വോട്ടർമാരും സ്ഥാനാർത്ഥികളും തമ്മിലുള്ളതല്ല, മറിച്ച് ജയിച്ചു എന്ന് സ്വയം വിശ്വസിച്ചിരിക്കുന്ന കുറച്ച് ‘ഖദർ സിംഹങ്ങൾ’ തമ്മിലുള്ള ഉള്ളിലെ പോരാണ്. മെയ് 4-ന് വോട്ടെണ്ണൽ നടക്കാനിരിക്കെ, റിസൾട്ട് വന്ന് ഭരണത്തിൽ കേറുന്നതിനേക്കാൾ വലിയ ആവേശം കോൺഗ്രസ് ഗ്രൂപ്പുകളിൽ മുഖ്യമന്ത്രി കസേരയ്ക്ക് തൂവാല ഇടുന്നതിലാണ്. എക്സിറ്റ് പോളുകൾ വന്നപ്പോൾ മുതൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു മാറ്റം. രാവിലെ എഴുന്നേറ്റാൽ നേരെ തയ്യൽക്കടയിലേക്കാണ് ഓട്ടം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇടാൻ ഏത് ബ്രാൻഡ് മുണ്ടാണ് നല്ലതെന്ന കൺഫ്യൂഷനിലായിരിക്കും പകുതി നേതാക്കളും. സാധാരണ ജയിച്ചാൽ ജനങ്ങളെ സേവിക്കാൻ പ്ലാൻ ഇടാറാണ് പതിവ്, പക്ഷേ ഇവിടെ സ്വന്തം സഹപ്രവർത്തകന്റെ കാല് എങ്ങനെ വാരാം എന്നതിലാണ് റിസർച്ച് നടക്കുന്നത്. പത്തു കൊല്ലം വെയില് കൊണ്ട് ഭരണമില്ലാതെ വലഞ്ഞപ്പോൾ എല്ലാവരും ഒരേ സ്പിരിറ്റിലായിരുന്നു, പക്ഷേ കസേരയുടെ ഒരു കാല് കണ്ടപ്പോഴേക്കും ദാ വരുന്നു മൂന്ന് വമ്പൻമാർ. നമുക്കൊന്ന് നോക്കാം എന്താണ് സംഭവം എന്ന്. ആദ്യം വരുന്നത് വി.ഡി. സതീശനാണ്. പുള്ളിക്ക് ഇപ്പോൾ താൻ ഒരു ‘മാസ് എൻട്രി’ മുഖ്യമന്ത്രിയാണെന്ന ഉറച്ച ബോധ്യമാണ്. നിയമസഭയിൽ രണ്ട് ഡയലോഗ് അടിക്കുകയും അത് സോഷ്യൽ മീഡിയയിൽ പെയ്ഡ് പ്രൊമോഷൻ കൊടുത്ത് ഹിറ്റാക്കുകയും ചെയ്തതോടെ താനാണ് അടുത്ത സാരഥി എന്ന് പുള്ളി ഉറപ്പിച്ചു. മുഖ്യമന്ത്രിയാകാൻ ലീഗ് നേതാക്കളുടെ വീട്ടിൽ കയറി ചായ കുടിക്കുന്നതിലാണ് ഇപ്പോൾ മെയിൻ ശ്രദ്ധ. പക്ഷേ സതീശൻ അറിയുന്നില്ല, കോൺഗ്രസിനുള്ളിൽ ഏറ്റവും വലിയ ശത്രുക്കൾ മറുപക്ഷത്തല്ല, സ്വന്തം വശത്താണെന്ന്. ഐ ഫോണിൽ വീഡിയോ പിടിക്കുമ്പോൾ പുറകിൽ നിന്ന് തന്റെ കസേര ചെന്നിത്തല വലിക്കുന്നുണ്ടോ എന്ന് നോക്കാൻ പോലും പാവത്തിന് നേരമില്ല. ഗ്രൂപ്പില്ല എന്ന് പറഞ്ഞ് ഗ്രൂപ്പ് ഉണ്ടാക്കുന്ന സതീശന്റെ ആ മാന്ത്രിക വിദ്യ അത് സമ്മതിച്ച് കൊഠുക്കണം
ഇപ്പുറത്ത് നമ്മുടെ രമേശ് ചെന്നിത്തലയാണെങ്കിൽ ഒരു അഞ്ചു കൊല്ലം കിട്ടിയാൽ തന്റെ അനുഭവസമ്പത്ത് കൊണ്ട് ലോകം തന്നെ മാറ്റിമറിക്കാം എന്ന ലൈനിലാണ്. “. സതീശന്റെ വരവോടെ വശത്തേക്ക് മാറ്റപ്പെട്ട ചെന്നിത്തലയ്ക്ക് ഇപ്പോൾ വാശിയാണ്. പി.ജെ. കുര്യനെപ്പോലുള്ള ‘പഴയ പുലികളെ’ ഇറക്കി പ്രസ്താവനകൾ അടിപ്പിക്കുകയാണ് കക്ഷി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് കേൾക്കുമ്പോൾ ചെന്നിത്തലയ്ക്ക് ഉണ്ടാകുന്ന അസ്വസ്ഥത നിങ്ങൾ കാണുണ്ടോ. എൻ.എസ്.എസിന്റെ ലിസ്റ്റിൽ പേരുണ്ടെന്ന് കരുതി കസേരയിൽ ഇരിക്കാം എന്ന് വിചാരിക്കുന്നത് പാവം രമേശ്‌ജിയുടെ ഒരു ശുദ്ധഗതിയാണെന്നേ പറയാനുള്ളൂ.
ഇവർ രണ്ടും കൂടി തിരുവനന്തപുരത്ത് അടി കൂടുമ്പോൾ, ഡൽഹിയിൽ ഇരുന്ന് നൂല് പൊട്ടിക്കാൻ കാത്തിരിക്കുകയാണ് കെ.സി. വേണുഗോപാൽ. പുള്ളിക്ക് കേരളത്തിൽ എത്ര വോട്ട് കിട്ടും എന്ന് ആർക്കുമറിയില്ല, പക്ഷേ രാഹുൽ ഗാന്ധിയുടെ ഫ്രണ്ട് ലിസ്റ്റിൽ ഒന്നാമനാണ് കക്ഷി. സതീശനും ചെന്നിത്തലയും കൂടി തല്ലുകൂടി തീരുമ്പോൾ, “ഹൈക്കമാൻഡ് തീരുമാനം ഇതാണ്” എന്നും പറഞ്ഞ് ഒരു കവർ പൊക്കി വേണുഗോപാൽ വിമാനമിറങ്ങും. പാവം കേരളത്തിലെ കോൺഗ്രസുകാർ വിയർപ്പൊഴുക്കി വോട്ടു പിടിക്കുന്നത് അവസാനം കെ.സിക്ക് മുഖ്യമന്ത്രിയുടെ കാറിൽ കയറാനാണോ എന്നൊരു സംശയം ബാക്കിയാണ്. വിഭാഗീയത ഇല്ലാത്ത നേതാവാണെന്ന് സ്വയം അവകാശപ്പെടുന്ന വേണുഗോപാൽ, ഈ രണ്ട് വിഭാഗത്തെയും തകർക്കാൻ പുതിയൊരു ‘വിഭാഗം’ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.
കോൺഗ്രസിലെ കസേര കളി ക്ലൈമാക്സിലേക്ക്.
