വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ ആരൊക്കെ എന്നതിൽ ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനമാകും. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെ എട്ട് പേർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറേണ്ടതുണ്ടായതിനാൽ, ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസിൽ നിന്ന് എം ലിജുവും ചാണ്ടി ഉമ്മനും, ബിന്ദുകൃഷ്ണയും മന്ത്രിമാരാകും. സണ്ണി ജോസഫും കെ മുരളീധരനും പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും മന്ത്രിസഭയിലുണ്ടാകും.
തനിക്കൊപ്പം നിൽക്കുന്നവരെയും മന്ത്രിസഭയിൽ പരിഗണിക്കണമെന്ന ശക്തമായ നിലപാടിലാണ് രമേശ് ചെന്നിത്തല. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. അതല്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വേണമെന്നും, ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ ദിവസം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എന്നിവർ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു.ഘടകകക്ഷികളായ കേരള കോൺഗ്രസ് (ജോസഫ്), അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവരുമായുള്ള ചർച്ചകളും അനിശ്ചിതത്വത്തിലാണ്. കേരള കോൺഗ്രസ് (ജോസഫ്) രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. ജോസഫ് ഇതിനോട് ഇതുവരെ വഴങ്ങിയിട്ടില്ല.
അനൂപ് ജേക്കബ്, മാണി സി. കാപ്പൻ ഇരുവർക്കുമായി അഞ്ച് വർഷത്തെ കാലാവധി രണ്ടര വർഷം വീതം പങ്കിട്ടു നൽകാമെന്നാണ് കോൺഗ്രസ് ഫോർമുല. എന്നാൽ ഈ നിർദ്ദേശം ഇരുവരും തള്ളിയിരിക്കുകയാണ്. പട്ടിക ഗവർണർക്ക് നൽകാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസ് മുന്നോട്ടുവെക്കുന്ന അനുനയ ഫോർമുലകൾ ഘടകകക്ഷികളും ആർ.സി ക്യാമ്പും അംഗീകരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
