ജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ട് ഹൗസായ എസ്‌ബിഐ മ്യൂച്വൽ ഫണ്ട് അദാനി ഗ്രൂപ്പ് കമ്പനികളിൽ വൻ നിക്ഷേപം നടത്തി. വെള്ളിയാഴ്ച ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ (ബ്ലോക്ക് ഡീൽ) 5,747.55 കോടി രൂപയ്ക്കാണ് അദാനി എന്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ രണ്ട് പ്രധാന കമ്പനികളുടെ ഓഹരികൾ എസ്‌ബിഐ മ്യൂച്വൽ ഫണ്ട് ഏറ്റെടുത്തത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, അദാനി എന്റർപ്രൈസസിന്റെ 1.64 കോടി ഓഹരികളും (1.3%) അദാനി എനർജി സൊല്യൂഷൻസിന്റെ 63.65 ലക്ഷം ഓഹരികളും (0.52%) ആണ് ഫണ്ട് ഹൗസ് സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 1,504.80 രൂപ മുതൽ 2,913.40 രൂപ വരെയുള്ള നിരക്കിലായിരുന്നു ഈ കൈമാറ്റം.
അമേരിക്കൻ ആസ്ഥാനമായുള്ള പ്രമുഖ നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്ണേഴ്‌സ് ആണ് എസ്‌ബിഐ മ്യൂച്വൽ ഫണ്ടിന് ഈ ഓഹരികൾ വിറ്റഴിച്ചത്. തങ്ങളുടെ എമർജിംഗ് മാർക്കറ്റ്സ് ഇക്വിറ്റി ഫണ്ട് വഴിയാണ് ജിക്യുജി ഈ ഓഹരികൾ വിറ്റത്. അദാനി ഗ്രൂപ്പ് കമ്പനികളിൽ എസ്‌ബിഐ മ്യൂച്വൽ ഫണ്ട് തങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ മെയ് മാസത്തിലും ബ്ലോക്ക് ഡീൽ വഴി അദാനി എന്റർപ്രൈസസിന്റെ 0.45 ശതമാനം ഓഹരികൾ ഏകദേശം 1,435 കോടി രൂപയ്ക്ക് ഇവർ വാങ്ങിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബിസിനസ് രംഗത്ത് കൈവരിച്ച സ്ഥിരതയും മികച്ച പ്രവർത്തന പ്രകടനവുമാണ് വലിയ നിക്ഷേപകരെ അദാനി ഗ്രൂപ്പിലേക്ക് വീണ്ടും ആകർഷിക്കുന്നത്
