ഇന്ത്യയിലും സോംബി ഡ്രഗ്‌സ്?…

സിനിമയിലെല്ലാം കാണുന്ന സോബികളെ പോലെ പൊതുവഴിയില്‍ നിശ്ചലരായി അസ്വാഭാവികമായ ചേഷ്ടകളോടെ നില്‍ക്കുന്ന ചില മനുഷ്യര്‍. ബെംഗളൂരു, ബിഹാര്‍, ചണ്ഡീഗഡ്‌ എന്നിങ്ങനെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന്‌ പകര്‍ത്തിയതെന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷമായ ഒരു വീഡിയോ നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകും. ഇതിനകം വൈറായ ഈ വീഡിയ ഇന്ത്യയില്‍ സോംബി ഡ്രഗ്‌ എന്നൊരു ഇനം ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെ അടിക്കുറുപ്പോടെയാണ്‌ പരക്കുന്നത്‌. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന്‌ ബെംഗളൂരു സിറ്റി പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാളെ തേടി കണ്ട്‌ പിടിച്ച്‌ പരിശോധനകള്‍ നടത്തിയാണ്‌ ഈ കാര്യത്തില്‍ ബെംഗളൂരു പൊലീസ്‌ വ്യക്തത വരുത്തിയത്‌.
വീഡിയോയില്‍ കണ്ട കുടിയേറ്റ തൊഴിലാളി ലഹരി മരുന്നൊന്നും ഉപയോഗിച്ചിരുന്നില്ലെന്ന്‌ പൊലീസ്‌ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ആര്‍ത്രൈറ്റിസിനും സൈനസ്‌ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്ന്‌ മദ്യത്തിനൊപ്പം കഴിച്ചതാണ്‌ ഇയാളെ നിശ്ചലനാക്കി സോംബിക്ക്‌ സമാനമായ ചേഷ്ടകള്‍ പ്രകടിപ്പിക്കാന്‍ കാരണമായത്‌. ഇയാളുടെ വീഡിയോ പ്രചരിപ്പിച്ച്‌ തെറ്റായ വാര്‍ത്ത പരത്തിയ ഒരാളെയും ബെംഗളൂരു പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.ബിഹാര്‍, ചണ്ഡീഗഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോകള്‍ക്കും ഇതു വരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സോംബി ഡ്രഗ്‌ ശരിക്കുമുണ്ടോ ? …
മൃഗങ്ങളിലെ ഉപയോഗത്തിനായി വികസിപ്പിച്ച സൈലാസീന്‍ എന്ന മരുന്നാണ്‌ സോംബി മരുന്നെന്ന്‌ പരക്കെ അറിയപ്പെടുന്നത്‌. വൈദ്യശാസ്‌ത്ര പ്രക്രിയകള്‍ക്കായി മൃഗങ്ങളെ അടക്കി നിര്‍ത്തുന്നതിനും മയക്കുന്നതിനും സൈലാസീന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ചിലര്‍ ഇതിനെ ഫെന്‍ടാനൈല്‍, ഹെറോയ്‌ന്‍, കൊക്കെയ്‌ന്‍ എന്നിവയ്‌ക്കൊപ്പം കലര്‍ത്തി ലഹരി ആവശ്യങ്ങള്‍ക്ക്‌ ദുരുപയോഗം ചെയ്യാറുണ്ട്‌.മയക്കാനും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ധവും കുറയാനും ശ്വാസഗതിയുടെ താളം കുറയാനുമെല്ലാം സൈലാസീന്‍ കാരണമാകും. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും അനധികൃത ലഹരി മരുന്നായി ഇത്‌ ഉപയോഗിച്ച്‌ വരുന്നു.ശരീരത്തെ നിശ്ചലമാക്കുന്ന മരുന്നെന്ന രീതിയില്‍ മാധ്യമങ്ങളാണ്‌ ആദ്യമായി ഇവയെ സോംബി ഡ്രഗ്‌ എന്ന്‌ വിളിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *