കരാർ കാലാവധി കഴിഞ്ഞിട്ടും മണിയാർ ജലവൈദ്യുത പദ്ധതി തിരിച്ചുപിടിക്കാതെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിയുമായി ഉണ്ടായിരുന്ന ബൂട്ട് കരാർ 2024 ഡിസംബർ 31-ന് അവസാനിച്ചതാണ്. എന്നാൽ 14 മാസം പിന്നിട്ടിട്ടും പദ്ധതി ഏറ്റെടുക്കാതെ കമ്പനിക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ അവസരം നൽകിയതിലൂടെ 56 കോടി രൂപയുടെ നഷ്ടം ബോർഡിനുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിറ്റിന് വെറും 40 പൈസയിൽ താഴെ ഉത്പാദന ചെലവുള്ള വൈദ്യുതിയാണ് കരാർ ലംഘിച്ച് കൈവശം വെച്ച് കമ്പനി പുറത്തുള്ളവർക്ക് മറിച്ചുവിൽക്കുന്നത്. പീക്ക് അവറുകളിൽ യൂണിറ്റിന് 10 മുതൽ 14 രൂപയ്ക്ക് വരെ വിൽക്കുന്നതിലൂടെ കമ്പനി വൻ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയും ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യുമ്പോഴാണ് സ്വന്തം പദ്ധതി തിരിച്ചുപിടിക്കാൻ ബോർഡ് മടി കാണിക്കുന്നത്. 12 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് മണിക്കൂറിൽ 12,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നിരിക്കെയാണ് ഈ അനാസ്ഥ തുടരുന്നത്.
