ബെംഗളൂരു ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ (20) മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ നിരന്തരമായ മാനസിക പീഡനമാണ് ആദിത്യനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
ആദിത്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപകൻ സന്ദീപ് പാണ്ഡെ പരസ്യമായി അധിക്ഷേപിച്ചതായി കുടുംബം പറയുന്നു. വിഷുവിന് നാട്ടിലെത്തിയപ്പോൾ അധ്യാപകൻ തന്നെ ടാർഗറ്റ് ചെയ്യുന്നതായും മാനസികമായി തളർത്തുന്നതായും ആദിത്യൻ അമ്മയോട് പറഞ്ഞിരുന്നു. വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും ഇങ്ങനെയൊരു കടുംകൈ അവൻ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു. അധ്യാപകൻ ആദിത്യനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കോളേജിലെ സഹപാഠി ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
