നഗരത്തെ ഞെട്ടിച്ച് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി ശൃംഖലയിലെ പ്രധാനിയായ കെവിൻ പോലീസ് പിടിയിലായതോടെയാണ് ഉന്നതതല ബന്ധങ്ങളുടെ ചുരുളഴിയുന്നത്. പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം സമൂഹത്തിലെ പ്രമുഖരായ വ്യക്തികളാണ് ഇയാളുടെ കസ്റ്റമർ പട്ടികയിലുള്ളത്. സിനിമാ താരങ്ങൾ, ഡോക്ടർമാർ, പ്രമുഖ ബിസിനസുകാർ എന്നിവരടക്കം ലഹരി മാഫിയയുടെ വലയിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാസലഹരിയുടെ മൊത്തവിതരണക്കാരനായ കെവിൻ വർഷങ്ങളായി കൊച്ചിയിലെ നിഗൂഢമായ ലഹരി വിപണി നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സിനിമ – സീരിയൽ രംഗത്തുള്ളവർക്ക് പുറമെ പ്രമുഖരായ അഭിഭാഷകർ, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരിലേക്കും ഇയാൾ ലഹരി എത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന നൈറ്റ് പാർട്ടികളിലും ഡിജെ ഇവന്റുകളിലും ലഹരിമരുന്ന് ലഭ്യമാക്കിയിരുന്ന പ്രധാന കണ്ണി ഇയാളായിരുന്നു. മുമ്പ് ഏറെ വിവാദമായ ‘വൈറ്റ് കോളർ ഡ്രഗ് പാർട്ടി’യുമായും കെവിന് ബന്ധമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
